ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ജയരാജിന്റെ 35 കോടി ബജറ്റിൽ ഒരുക്കിയ വീരം ടീസർ എത്തി. വടക്കൻ പാട്ടിലേക്ക് ഷേക്സ്പിയറിന്റെ മാക്‌ബത്ത് കടന്നുവരുമ്പോൾ പിറവിയെടുത്ത സിനിമ. മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായിരിക്കും വീരം എന്നാണ് ജയരാജ് പറയുന്നത്. പുലിമുരുകൻ 100 കോടി പ്രവേശനത്തിന് തയ്യാറെടുക്കുമ്പോഴാണ് തിയറ്ററുകളിലേക്ക് വീരം എത്തുന്നത്. ബോളിവുഡ് താരം കുനാൽ കപൂറാണ് നായകൻ. ചന്ദ്രകലാ ആർട്സ് ആണ് നിർമ്മാണം.

അവതാർ, ലോർഡ് ഓഫ് ദ റിങ്‌സ്, ഹംഗർ ഗെയിംസ്, ഹെർകുലീസ് എന്നീ സിനിമകളിൽ സ്റ്റണ്ട് കോർഡിനേറ്റർ ആയും ആക്ഷൻ ഡയറക്ടറായും ഉണ്ടായിരുന്ന അലൻ പോപ്പിൾടൺ ആണ് വീരത്തിന്റെ ആക്ഷൻ കൊറിയോഗ്രഫർ. സിനിമയ്ക്ക് ഒരു രാജ്യാന്തര സ്വഭാവമുണ്ടാക്കാൻ വേണ്ടിയല്ല ഈ ടെക്‌നീഷ്യൻസിനെ കൊണ്ടുവന്നത്. ആകാംക്ഷയുടെ വാൾമുനയിൽ നിൽക്കുന്ന അനുഭവം പ്രേക്ഷകർക്ക് ഉണ്ടാകണം എന്നതിനാലാണ് അലനെ ആക്ഷൻ ഏൽപ്പിച്ചത്. മറ്റ് സാങ്കേതിക പ്രവർത്തകരും ഇത്തരത്തിൽ രാജ്യാന്തര ശ്രദ്ധ നേടിയവരാണ്. വിഎഫ്എക്‌സ് ചെയ്യുന്നത് പ്രാണാ സ്റ്റുഡിയോസ് ആണ്. ഗെയിം ഓഫ് ത്രോൺസ് ചെയ്തത് അവരാണ്.

ഓസ്‌കാർ ജേതാവായ ട്രിഫോർ പ്രൗഡ് ആണ് മേക്കപ്പ്. ഗഡിയേറ്ററും സ്റ്റാർ വാർസും ചെയ്ത ആളാണ് അദ്ദേഹം. ഗ്ലാഡിയേറ്റർ,ഇൻസെപ്ഷൻ,ഇന്റർസെറ്റല്ലാർ, ദ ഡാർക്ക് നൈറ്റ് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹാൻസ് സിമ്മറുടെ അസോസിയേറ്റ് ജഫ് റോണയാണ് പശ്ചാത്തല സംഗീതം. സ്‌പൈഡർ മാൻ, ടൈറ്റാനിക് ഹാരിപോർട്ടർ എന്നീ സിനിമകളുടെ കളറിസ്റ്റ് ആയിരുന്ന ജെഫ് ഓം ആണ് കളറിസ്റ്റ്. ഒപ്പം എസ് കുമാർ ക്യാമറ കൈകാര്യം ചെയ്യുന്നു.

കാവാലം നാരായണപ്പണിക്കർ അവസാനമായി രചന നിർവഹിച്ച ഗാനം ഈ ചിത്രത്തിലുണ്ട്. എം.കെ അർജുനൻ മാസ്റ്ററാണ് സംഗീത സംവിധാനം. അപ്പു ഭട്ടതിരിയാണ് എഡിറ്റർ. അപ്പു എന്റെ ഒറ്റാൽ എന്ന സിനിമയുടെയും ചിത്രസംയോജകനായിരുന്നു. മിടുക്കനായ എഡിറ്ററാണ് അപ്പു. സൗണ്ട് ഡിസൈൻ രംഗനാഥ് രവിയാണ്. സൗണ്ട് മിക്‌സിങ് സിനോയ് ആണ്. ലാൽജോസിന്റെ എൽജെ ഫിലിംസ് ആണ് വീരം കേരളത്തിൽ റിലീസ് ചെയ്യുന്നത്.