തിരുവനന്തപുരം: ജനതാദൾ(യു) ദേശീയ അധ്യക്ഷൻ നിതീഷ് കുമാർ ബിജെപി പാളയത്തിലെത്തിയതോടെ കേരള ഘടകം പഴയ സോഷ്യലിസ്റ്റ് ജനത(ഡെമോക്രറ്റിക്) പുനരുജ്ജീവിപ്പിക്കും.

മതനിരപേക്ഷ കക്ഷികളുടെ വിശാല മുന്നണിക്കു നേതൃത്വം നൽകുന്നു എന്ന പ്രചാരണം നടത്തിയാണു നിതീഷ്‌കുമാർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രിയായത്. ഇപ്പോൾ വർഗീയചേരിയിലേക്കു ചാഞ്ഞ അദ്ദേഹത്തിന് അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രിപദം എന്നെന്നേക്കുമായി രാജിവയ്ക്കണമെന്നാണ് കേരള ഘടത്തിന്റെ ആവശ്യം. നിതീഷിനെതിരെ എംപി. വീരേന്ദ്രകുമാർ എടുക്കുന്ന നിലപാട് കേരള ഘടകം പൂർണമായും പിന്തുണയ്ക്കും

ദേശീയപാർട്ടിയിൽ ലയിച്ചതോടെ സോഷ്യലിസ്റ്റ് ജനത ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ച പാർട്ടികളുടെ പട്ടികയിലില്ല. എന്നാൽ, ഒരിക്കൽ രജിസ്റ്റർ ചെയ്ത പാർട്ടിയെന്ന നിലയിൽ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന വിവരമാണു പാർട്ടിക്കു ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടാംവാരം ചേരുന്ന നേതൃയോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വവുമായി ഇടഞ്ഞാണു വീരേന്ദ്രകുമാർ വിഭാഗം എൽഡിഎഫ് വിട്ടു സോഷ്യലിസ്റ്റ് ജനത രൂപീകരിച്ചത്. അതു പുനരുജ്ജീവിപ്പിച്ച് എൽഡിഎഫിലേക്കു തന്നെ മടങ്ങണമെന്ന അഭിപ്രായം പാർട്ടിയിലെ വലിയ വിഭാഗത്തിനുണ്ട്.

എന്നാൽ ജനതാദളു(എസ്)മായി ലയിക്കണമെന്ന അഭിപ്രായത്തോടു പാർട്ടിക്കു യോജിപ്പില്ലെന്നു ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പ്രതികരിച്ചു. വീരേന്ദ്രകുമാറിനെ വീണ്ടും എൽഡിഎഫിലേക്കു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം ചെയ്തു. ലയിക്കാതെ വന്നാലും ഘടകകക്ഷിയാക്കാമെന്നാണു സി.പി.എം വാഗ്ദാനമെന്നാണു ദൾ നേതാക്കളുടെ അവകാശവാദം. ദൾ യുഡിഎഫ് വിടില്ലെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. യുഡിഎഫിൽ തുടർന്നാൽ വീരേന്ദ്രകുമാറിന് രാജ്യസഭാ അംഗത്വം നഷ്ടമാകും. ജെഡിയുവിന്റെ പേരിലാണ് വീരന്റെ എംപിസ്ഥാനം. അതുകൊണ്ട് തന്നെ പാർട്ടി വിട്ടാൽ എംപി സ്ഥാനത്തിന് ആയോഗ്യത വരും.

ബീഹാറിൽ ജെ.ഡി.യു - ആർ.ജെ.ഡി പോര് കനത്തത്തോടെ നിതീഷ് കുമാർ ബിജെപിയുമായി കൈക്കോർക്കുമെന്ന സൂചന പുറത്തുവന്നിരുന്നു.അപ്പോൾ തന്നെ ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ച് കേരളത്തിൽ എസ്.ജെ.ഡി യായി നിലകൊള്ളാനുള്ള ചിന്ത ഉയർന്നുതുടങ്ങിയതുമാണ്. എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കുമെങ്കിലും പാർട്ടി ഇടതുമുന്നണിയിലേക്ക് പോകുമോ എന്ന കാര്യത്തിൽ ഇപ്പോൾ ചർച്ചയുണ്ടാകില്ലെന്നാണ് നേതാക്കൾ പറയുന്നത്.