ലാസ് വേഗസ്സിൽ ഞായറാഴ്ച വെടിവയ്പ് നടത്തി 59 പേരെ കൊല്ലുകയും 527 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത കൊലയാളി സ്റ്റീഫൻ പഡോക്കിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഫിലിപ്പീൻസിലെ മനിലക്കാരിയായ തന്റെ ഭാര്യ മരിലൗ ഡാൻലെ രംഗത്തെത്തി. അമേരിക്കയിൽ അയാൾക്കൊപ്പം കഴിഞ്ഞിരുന്ന തനിക്ക് ഫിലിപ്പീൻസിലേക്ക് വിമാന ടിക്കറ്റെടുത്ത് തരുകയും വീട്ടിൽ പോയി അമ്മയെ കാണാൻ പറയുകയുമായിരുന്നു പഡോക്ക് ചെയ്തിരുന്നതെന്നാണ് ഡാൻലെ വെളിപ്പെടുത്തിയിരിക്കുന്നത്. ലാസ് വേഗസ്സിലെ കൂട്ടക്കുരുതിക്ക് മുമ്പ് ഫിലിപ്പീൻസിലെ തന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം ഡോളർ പഡോക്ക് ഇട്ടത് വിവാഹം ഒഴിയാൻ ആണെന്ന് താൻ വിഷമിച്ചിരുന്നുവെന്നും ഡാൻലെ പറയുന്നു. കൂട്ടക്കൊല നടത്തിയ പഡോക്ക് എന്ന ഭ്രാന്തന്റെ ഈ ഭാര്യയുടെ വെളിപ്പെടുത്തലിന് മുന്നിൽ ലോകം തരിച്ച് നിൽക്കുകയാണ്.

തന്റെ അഭിഭാഷകൻ മുഖാന്തിരം ഇന്നലെ പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലൂടയാണ് ഡാൻലെ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. കുറഞ്ഞ ചെലവിലുള്ള വിമാന ടിക്കറ്റെടുത്ത് നൽകി വീട്ടിൽ പോകാനും സന്തോഷം തരുന്ന കാര്യം ചെയ്യാനുമായിരുന്നു പഡോക്ക് ഭാര്യയോട് നിർദേശിച്ചിരുന്നത്. ഞായറാഴ്ച പഡോക്ക് ലാസ് വേഗസ്സിൽ നടത്തിയ കൂട്ടക്കുരുതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും ഈ സ്ത്രീ പറയുന്നു. ഇതിൽ 527 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തനിക്കറിയാവുന്ന പഡോക്ക് ദയാലുവും കെയറിങ് നൽകുന്ന ആളും ശാന്തനുമായിരുന്നുവെന്ന് തന്റെ അഭിഭാഷകനായ മാറ്റ് ലോംബാർഡ് മുഖാന്തിരം പുറപ്പെടുവിച്ച സ്റ്റേറ്റ്‌മെന്റിലൂടെ വെളിപ്പെടുത്തുന്നു.

താൻ അയാളെ സ്‌നേഹിച്ചിരുന്നുവെന്നും അയാൾക്കൊപ്പം നല്ലൊരു ഭാവിജീവിതം കെട്ടിപ്പടുക്കാമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഈ സ്ത്രീ പറയുന്നു. രണ്ടാഴ്ച മുമ്പ് കുറഞ്ഞ നിരക്കിൽ ഒരു ടിക്കറ്റ് ഫിലിപ്പീൻസസിലേക്ക് ലഭിച്ചിട്ടുണ്ടെന്ന് പഡോക്ക് വെളിപ്പെടുത്തിയപ്പോൾ കുടുംബക്കാരെയെല്ലാം കാണാമല്ലോയെന്നോർത്ത് താൻ അതീവ സന്തോഷത്തോടെയാണ് പോയതെന്നും ഡാൻലെ പറയുന്നു. വെടിവയ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി അധികൃതരുമായി പൂർണമായും സഹകരിക്കുമെന്നും ഡാൻലെ വെളിപ്പെടുത്തുന്നു. അമേരിക്കൻ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് താൻ അവിടേക്ക് പോകുമെന്നും എഫ്ബിഐക്കും ലാസ് വേഗസ്സ് പൊലീസിനും തന്നോട് ഇതേക്കുറിച്ച് സംസാരിച്ചറിയേണ്ടതുണ്ടെന്ന് തനിക്ക് അറിയാമെന്നും ഈ സ്ത്രീ പറയുന്നു.

2013ൽ പഡോക്ക് മനില സന്ദർശനം നടത്തിയ വേളയിൽ ഡാൻലെയുടെ കുടുംബം സന്ദർശിക്കുകയും അവിടെ നിന്നും വാഴയിലയിൽ പൊരിച്ചമീൻ കൂട്ടി സദ്യ ഉണ്ണുന്നതിന്റെ ചിത്രം പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഡെയിലി മെയിലാണീ ചിത്രം പുറത്ത് വിട്ടിരുന്നത്.

മുമ്പ് ഡാൻലെയ്‌ക്കൊപ്പം പഡോക്ക് നവെദയിലെ മെസ്‌ക്യുറ്റിലെ വീട്ടിൽ താമസിച്ചിരുന്നുവെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. പൊലീസ് ഈ വീട്ടിൽ നടത്തിയ തെരച്ചിലിൽ തോക്ക് ഒളിച്ച് വയ്ക്കുന്ന സ്ഥലവും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ ഡാൻലെയ്ക്ക് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന നിലപാടായിരുന്നു കേസ് അന്വേഷകർ എടുത്തിരുന്നത്. ഈ സ്ത്രീ ഈ രാജ്യത്തില്ലെന്നതായിരുന്നു കാരണമായി എടുത്ത് കാട്ടിയിരുന്നത്. എന്നാൽ പിന്നീട് ഇവർക്ക് കൂടി ഈ ആക്രമണത്തിൽ പരോക്ഷമായെങ്കിലും പങ്കുണ്ടായേക്കാമെന്ന സംശയത്തിന്റെ ബലത്തിലാണ് ചോദ്യം ചെയ്യാനായി ഡാൻലെയെ അമേരിക്കയിലേക്ക് തിരിച്ച് കൊണ്ട് വരുന്നത്.