തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില വർദ്ധനവിൽ കൃഷി വകുപ്പ് ഇടപെടലിന് തീരുമാനം. നാളെ മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വകുപ്പ് പച്ചക്കറി സംഭരിക്കും. കൃഷി മന്ത്രി പി പ്രസാദ് വിളിച്ച യോഗത്തിലാണ് തീരുമാനം. തമിഴ്‌നാട്, കർണ്ണാടക സർക്കാരുമായി ചേർന്ന് കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കും. 

തമിഴ്‌നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വിളനാശം പച്ചക്കറി വില ഇനിയും ഉയരാനിടയാക്കുമെന്ന് പൊള്ളാച്ചി മൊത്തവ്യാപാര കേന്ദ്രത്തിലെ കച്ചവടക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. ഇന്ധന വിലവർധനയുടെ പേരുപറഞ്ഞ് ഇടനിലക്കാർ ഇരട്ടിവിലയ്ക്കാണ് കേരളത്തിൽ പച്ചക്കറികളെത്തിച്ചു വിൽക്കുന്നത്. പൊള്ളാച്ചിയിൽ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റർ പിന്നിട്ട് പാലക്കാടെത്തുമ്പോൾ 120 രൂപയാണ് ഈടാക്കുന്നത്.

പച്ചക്കറി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. ഇന്ധന വില വർദ്ധനയാണ് ഹോട്ടികോർപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇനി ശേഖരിക്കുന്ന പച്ചക്കറി നാളെ മുതൽ വിപണിയിലെത്തിക്കാനാണ് തീരുമാനം. ഒരാഴ്ചക്കുള്ളിൽ വില കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരാണ് ഇടപെടൽ നടത്തേണ്ടതെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. വൻകിട കമ്പനികളുടെ കോർപ്പറേറ്റ് നികുതി കുറച്ച് കൊടുത്ത് ഇന്ധന വില കൂട്ടുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ബാലഗോപാൽ കുറ്റപ്പെടുത്തി.