തിരുവനന്തപുരം: നിങ്ങൾ ഒരു പുത്തൻ കാറു വാങ്ങാൻ തീരുമാനിച്ചാൽ സ്വാഭാവികമായും ചെയ്യുക ആവശ്യമായി ഒരു കാർ ഡീലറെ പോയി കാണുകയും അവർ വിശദമായ ഒരു ക്വാട്ട് തരികയുമാണ്. ഓൺ റോഡ് പ്രൈസ് എന്ന പേരിൽ അവർ നൽകുന്ന വിലയിൽ റോഡ് ടാക്സും ഇൻഷുറൻസും ഒക്കെ ഇതിൽ അടങ്ങിയിരിക്കും. സാധാരണഗതിക്ക് എല്ലാവരും തന്നെ അതു അംഗീകരിക്കുകയും വാങ്ങുകയുമാണ് ചെയ്യുന്നത്. അതു പലപ്പോഴും കാർ വാങ്ങുന്നവരുടെ ചുമതല ആണെന്ന് തോന്നിക്കുന്ന തരത്തിൽ മാർക്കറ്റ് ചെയ്യാൻ ഡീലർമാർക്കും വിരുതാണ്.

ഒരുപടി കൂടി കടന്നു കാറിന്റെ ലോണുകൾ പോലും ഇപ്പോൾ ഡീലർമാർ അടിച്ചേൽപ്പിക്കുന്നു. ലോണിനു വേണ്ടിയാണ് എന്നു തോന്നിക്കുക പോലും ചെയ്യാതെയാണ് പലപ്പോഴും ഒപ്പിട്ടു വാങ്ങുന്നത്. ലോൺ പോയിട്ടു ഇൻഷുറൻസ് പോലും ഡീലർമാരിൽ നിന്നു എടുക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. ഡീലർമാർ അടിച്ചേൽപ്പിക്കുന്ന ഇൻഷുറൻസ് വിപണിയിൽ ഉള്ളതിന്റെ ഇരട്ടിയിൽ എങ്കിലും അധികം വില കൂടിയതാവും എന്നതാണ് സത്യം. എന്നാൽ പലരും അതറിയുന്നില്ല. 90 ശതമാനം പേരും ഈ ചതിക്കുഴി അറിയാതെ ഡീലർമാർ വച്ചു നീട്ടുന്ന ഇൻഷുറൻസിനു കൈ കൊടുക്കുകയാണ്.

അതിനു വഴങ്ങാത്തവർക്ക് ബുക്ക് ചെയ്ത കാർ നൽകുകയില്ല എന്നു പോലും പറയുന്ന തരത്തിലേക്കു ചില ഡീലർമാർ വളർന്നിരിക്കുന്നു. കഴിഞ്ഞ ദിവസം അത്തരം ഒരു ടെലിഫോൺ സംഭാഷണം മറുനാടൻ പുറത്തു വിട്ടിരുന്നു. കാർ ബുക്കു ചെയ്ത ഒരാൾ അവിടെ നിന്നും ഇൻഷുറൻസ് എടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സെയിൽസ് ഏജന്റും തുടർന്നു മാനേജരും ഒക്കെ പറയുന്ന പച്ചക്കള്ളങ്ങൾ ആണു ആ വീഡിയോ വ്യക്തമാക്കിയത്.

ഡീലർമാർ നേരിട്ടു നൽകുന്ന ഇൻഷുറൻസും പുറത്തു നിന്നു ലഭിക്കുന്ന ഇൻഷുറൻസും തമ്മിലുള്ള വില വ്യത്യാസം അറിയാൻ രണ്ടു കാറുകളുടെ ഇടപാടുകൾ മറുനാടൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. ടൊയോട്ടയുടെ പുതിയ മോഡൽ ഫോർച്യൂണർ വാങ്ങിയ ഒരു മാദ്ധ്യമ പ്രവർത്തകനും ഫോക്സ് വാഗന്റെ അമിയോ എന്ന കാർ വാങ്ങിയ ഒരു പിആർ ഏജന്റുമാണ് ഇരകൾ. മാദ്ധ്യമ പ്രവർത്തകൻ വാങ്ങിയ ഫോർച്യൂണിന് ഇൻഷുറൻസായി നിപ്പോൺ ടൊയോട്ട പറഞ്ഞത് 1,19,000 രൂപ ആയിരുന്നെങ്കിൽ പിആർ ഏജന്റ് വാങ്ങിയ അമിയോയ്ക്ക് ക്വോട്ട് ചെയ്തിരിക്കുന്നത് 24,500 രൂപയായിരുന്നു. മാദ്ധ്യമ പ്രവർത്തകന് 54,000 രൂപയ്ക്കും പിആർ ഏജന്റിന് 10,000 രൂപയ്ക്കും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഫുൾ കവറേജുള്ള ഇൻഷുറൻസ് ലഭിച്ചു എന്നതാണ് വ്യത്യസ്തം.

പുതിയ ടൊയോട്ടോ വാഹനം വാങ്ങാൻ വേണ്ടി ഇക്കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്തെ നിപ്പോൺ ടൊയോട്ട വാഹന ഡീലർമാരെ സമീപിച്ചത്. ഇൻഷുറൻസ് ഡീലർമാർ മുഖേന വാങ്ങാമെന്ന് കരുതി അതിന് എത്ര തുകയാകും എന്നന്വേഷിച്ചു. നിപ്പോൺ ടൊയോട്ട 1,19,000 രൂപയാകുമെന്ന് അറിയിച്ചത്. ഇതോടെ ഇത് വേണ്ടെന്നു വച്ച മാദ്ധ്യമപ്രവർത്തകൻ നേരിട്ട് ഇൻഷുറൻസ് സംവിധാനം നോക്കുകയായിരുന്നു. ഡീലർമാർ പറഞ്ഞതിലും പകുതിയിൽ താഴെ തുകയേ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ ചെലവായൂള്ളു. സമാനമായ അനുഭവമായിരുന്നു പി ആർ ഏജന്റിനും ഉണ്ടായത്. ഇതിൽ നിന്നു തന്നെ വ്യക്തമാകുന്നത് യാതൊരു കാരണവശാലും വാഹന ഡീലർമാരിൽ നിന്നും ഇൻഷുറൻസ് എടുക്കരുത് എന്നതാണ്.

മിക്ക വാഹന ഡീലർമാരും ഇൻഷുറൻസ് വാഹനം വാങ്ങുന്നതിന് ഒപ്പം വേണമെന്ന് വിധത്തിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാൽ, യാതൊരു വിധത്തിലും ഈ കെണിയിൽ വീഴാതിരിക്കുക എന്നതാണ് ഇതിന് വേണ്ടത്. പലപ്പോഴും ചതിയിലൂടെ ഉപഭോക്താക്കളെ ഇൻഷുറൻസ് എടുപ്പിക്കാറുമുണ്ട്. കൃത്യമായി വായിച്ചു നോക്കാതെ ഒപ്പിട്ടു നൽകുമ്പോൾ ഇൻഷുറൻ അടക്കാതെ കാർ വിട്ടു നൽകാൻ കഴിയില്ലെന്ന് പോലും ഡീലർമാർ ചെയ്യുന്നത്.

യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ള വാഹന ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് കുറഞ്ഞചെലവിൽ വാഹനങ്ങൾക്ക് പരിരക്ഷ നേടാൻ പുതിയ വാഹനം വാങ്ങുന്നവർക്ക് സാധിക്കുക. ഇത്തരത്തിൽ ചെലവുകുറഞ്ഞ കമ്പനികളുടെ ഇൻഷ്വറൻസ് സ്വീകരിക്കുകയെന്നത് കസ്റ്റമറുടെ അവകാശവുമാണ്. എന്നാൽ വാഹനം കിട്ടണമെങ്കിൽ തങ്ങളുടെ തന്നെ ഇൻഷ്വറൻസ് സ്വീകരിക്കണമെന്ന് പറഞ്ഞ് ഡീലർമാർ വലിയ തട്ടിപ്പിനാണ് വഴിയൊരുക്കുന്നത്. വാങ്ങാൻ പോകുന്ന വണ്ടിയുടെ ചേസിസ് നമ്പർ, മോഡൽ തുടങ്ങിയ വിവരങ്ങൾ നൽകി ഏത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വേണമെങ്കിലും ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം വാഹനത്തിന് പരിരക്ഷ നേടാം. വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കാനുള്ള വിശദാശംങ്ങൾ ചുവടെ വിശദമായി കൊടുക്കുന്നു.

ഓൺലൈൻ ഇൻഷുറൻസുള്ള കമ്പനികൾ ഏതൊക്കെ?

പണരഹിതവിപണിയെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി കേന്ദ്ര സർക്കാരും കൂടിച്ചേർന്നാണ് ഓൺലൈൻ ഇൻഷുറൻസ് ഇടപാടുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ, ഓറിയന്റൽ, നാഷണൽ എന്നീ പൊതുമേഖലാ കമ്പനികളാണ് ഇളവുകൾ നല്കുന്നത്. സാധാരണ പോളിസികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ട് നിരക്കിൽ കിട്ടുന്ന പോളിസിക്കുമുണ്ടാകും. പ്രീമിയം തുകയുടെ പത്തു ശതമാനം ഇളവാണ് കേന്ദ്രം നല്കുന്നത്. ഒരു വണ്ടിക്ക് പരമാവധി 2,000 രൂപ വരെ ഇങ്ങനെ കിട്ടും. ഇതിനൊപ്പം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന അധിക ആനുകൂല്യവും ചേരുമ്പോൾ ലാഭം പ്രീമിയത്തിന്റെ 40 ശതമാനത്തിലെത്തും.

എൻജിൻ ചേസിസ് നമ്പറുകൾ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക

അതേസമയം, പുതിയ വണ്ടികൾക്കുള്ള ഇൻഷുറൻസിനു മാത്രമാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ പോളിസി പുതുക്കുമ്പോൾ ഇതു ലഭ്യമാകില്ല. ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ലളിതമായ കാര്യങ്ങളേ ഉപഭോക്താവ് ചെയ്യേണ്ടതുള്ളൂ. പുതിയ വണ്ടിയുടെ എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക. എടിഎം കാർഡും കൈയിൽ കരുതി വേണ്ട കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ പുതിയ പോളിസിയുടെ ഭാഗം ക്ലിക്ക് ചെയ്യണം. വണ്ടി ഉടമയുടെ വിലാസവും വാഹനത്തിന്റെ എൻജിൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും നൽകണം. വണ്ടിയുടെ മോഡൽ മാത്രം കൊടുത്താൽ മതി. വിലയും അനുബന്ധവിവരങ്ങളുമെല്ലാം സൈറ്റിൽ കിട്ടും. നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

നെറ്റ് ബാങ്കിങ് വഴിയോ കാർഡ് മുഖാന്തരമോ പണമടയ്ക്കാം. മൊബൈൽ വാലറ്റുകളും ഉപയോഗിക്കാം. അപ്പോൾതന്നെ പോളിസിയുടെ പ്രിന്റ് കിട്ടും. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഈ പ്രിന്റ് കൊടുത്താൽ മതി. ഒരു കോപ്പി വണ്ടിയിലും സൂക്ഷിക്കാം. അഞ്ചു മിനിട്ടു കൊണ്ട് കാര്യങ്ങൾ കഴിയും.

ഇൻഷുറൻസിന്റെ ഇടനിലക്കാരോട് റ്റാറ്റ പറയാം

ഇൻഷുറൻസ് പോളിസികൾ ഇന്റർനെറ്റിലൂടെ വാങ്ങുന്നതുമൂലം ഉപഭോക്താവിന് ഒട്ടേറെ പ്രയോജനങ്ങളാണു ലഭിക്കുന്നത്. പുഷ് മാർക്കറ്റിങ് ഇല്ലെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് ഉപഭോക്താവിനു പിന്നാലെ നടന്ന് നിർബന്ധമായി പോളിസികൾ എടുപ്പിക്കുന്നത് പതിവു കാഴ്ചയാണ്. ഇടപാടുകൾ ഓൺലൈനാകുമ്പോൾ ഇടനിലക്കാരൻ ഇല്ലാതാകുന്നു. കമ്പനിയും ഉപഭോക്താവും തമ്മിൽ നേരിട്ടായിരിക്കും കച്ചവടം. ഏതു കമ്പനിയുടെ ഏതു പ്ലാൻ അനുസരിച്ചുള്ള പോളിസി തെരഞ്ഞെടുക്കണമെന്ന് ഉപഭോക്താക്കൾക്കു തീരുമാനിക്കാം. അനാവശ്യമായ ഇൻഷുറൻസ് പോളിസികൾ ഏജന്റ് ഉപഭോക്താവിന്റെ തലയിൽ കെട്ടിവയ്ക്കുന്ന സാഹചര്യം ഇവിടെ ഒഴിവാക്കപ്പെടുന്നു.

വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിയെക്കുറിച്ചും കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും ഉപഭോക്താവിന് ഇന്റർനെറ്റിലൂടെ സാധിക്കും. പ്രൊഡക്റ്റുകളും പ്ലാനുകളും എല്ലാം വിശദമായി വിലയിരുത്തുന്ന വെബ്സൈറ്റുകളും ഇന്ന് ധാരാളമുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിക്ക് മറ്റു കമ്പനികൾ നല്കുന്ന വാഗ്ദാനങ്ങൾ ഉപഭോക്താവിനു പരിശോധിക്കാം. ഒരു മുറിയിലിരുന്ന് ഒരുവിധ സമ്മർദ്ദങ്ങളുമില്ലാതെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ഉപഭോക്താവിനു ലഭിക്കുന്നത്.

വിവിധ പോളിസിയെക്കുറിച്ചുള്ള ഫീഡ്ബാക്കുകളും ഇന്റർനെറ്റിൽതന്നെ ലഭ്യമാണ്. മുമ്പ് ഇതേ പോളിസി ഉപയോഗിച്ചിട്ടുള്ളവരുടെ അനുഭവങ്ങൾ ശരിയായ പോളിസി തെരഞ്ഞെടുക്കാൻ ഉപഭോക്താവിനെ സഹായിക്കും. ഫീഡ്ബാക്കുകൾക്കും റേറ്റിംഗുകൾക്കും വേണ്ടി മാത്രം വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തീരുമാനം വേഗത്തിലെടുക്കാൻ ഇത്തരം സൈറ്റുകൾ സഹായിക്കും. ഇൻഷുറൻസ് റേറ്റിങ് ഏജൻസികളുടെയും മറ്റ് അധികൃതരയുടെയും വെബ്സൈറ്റുകൾ പരിശോധിച്ചാൽ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തികസ്ഥിതിയും കൃത്യമായി നഷ്ടപരിഹാരം നല്കുന്നതിലുള്ള അവരുടെ ചരിത്രവും മനസിലാക്കാൻ ഉപഭോക്താവിനാകും. അതുപോലതന്നെ ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇൻഷുറൻസ് വകുപ്പിന്റെ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചിരിക്കും.

വാഹന ഇൻഷുറൻസ് ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ അതിവേഗം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015 ൽ നടത്തിയ ഒരു കണക്കെടുപ്പിൽ വാഹന ഇൻഷുറൻസിൽ 24 ശതമാനവും ആരോഗ്യ ഇൻഷുറൻസിൽ 12 ശതമാനവും ഉണ്ടായിരിക്കുന്നതായി കണ്ടെത്തപ്പെട്ടു.

ഇതൊടൊപ്പം തന്നെ വാഹന ഇൻഷുറൻസ് സംബന്ധമായ വിവരങ്ങളും ഇന്റർനെറ്റിലൂടെ ലഭ്യമാണ്. ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ രാജ്യത്തെ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഇൻഷുർ ചെയ്തതായ നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി നൽകുന്നുണ്ട്. വാഹനത്തിന്റെ ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ (രജിസ്ട്രേഷൻ നമ്പർ, എൻജിൻചേസിസ് നമ്പർ, ഇൻഷുർ ചെയ്ത കമ്പനി, ഓഫീസ്, പോളിസി നമ്പർ, പിൻകോഡ് എന്നിവ ആണ് അറിയാൻ കഴിയുക. 25 ഓളം ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇങ്ങനെ ലഭിക്കും.

https://uiic.co.in/product/motor
http://www.newindia.co.in/calcis/motor1.aspx
https://www.orientalinsurance.org.in/
https://www.gibl.in/car-insurance/