- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന ഉടമസ്ഥാവകാശകൈമാറ്റം പൂർണമായും ഓൺലൈനാക്കിയിട്ടും ഇടനിലക്കാർക്ക് ചൂഷണത്തിന് അവസരം; പഴയ രേഖകൾ മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ എത്തിക്കണമെന്ന നിബന്ധനയും ഒഴിവാക്കാനൊരുങ്ങി അധികൃതർ; ഇനി വാഹന വിൽപ്പന കൂടുതൽ ലളിതം
തിരുവനന്തപുരം: വാഹന ഉടമസ്ഥാവകാശകൈമാറ്റം പൂർണമായും ഓൺലൈനാക്കുന്നതോടെ ഇല്ലാതാകുന്നത് ഇടനിലക്കാരുടെ ചൂഷണം. വാഹന കൈമാറ്റം ഓൺലൈൻ ആക്കിയതിന് ശേഷവും പഴയ രേഖകൾ മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ എത്തിക്കണമെന്ന നിബന്ധനയായിരുന്നു ഇടനിലക്കാർ മുതലാക്കിയിരുന്നത്. വാഹന വിൽപ്പനയുടെ ഭാഗമായി പഴയരേഖകൾ ഓഫീസിൽ തിരിച്ചേൽപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതോടെ ഈ അവസരമാണ് ഇടനിലക്കാർക്ക് നഷ്ടമാകുന്നത്.
വാഹനം വിൽക്കുന്നയാൾ പുതിയ ഉടമയ്ക്ക് പഴയ ആർ.സി. കൈമാറണം എന്നാകും പുതിയ നിബന്ധന. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷ പരിഗണിച്ച് വാഹനം വാങ്ങുന്നയാളുടെ വിലാസത്തിൽ പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. വാഹനവിൽപ്പനയുടെ ഭാഗമായി ആരും ഓഫീസുകളിൽ എത്തേണ്ട കാര്യമില്ല.
അപേക്ഷ സമർപ്പിക്കേണ്ടത് വാങ്ങുന്ന ആളും വിൽക്കുന്ന ആളും സംയുക്തമായാണ്. എംപരിവാഹൻ വെബ്സൈറ്റിൽ വാഹന ഉടമസ്ഥാവകാശം കൈമാറ്റം നടത്തുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം വാങ്ങുന്ന വ്യക്തിയുടെയും വിൽക്കുന്ന വ്യക്തിയുടെയും മൊബൈലിൽ വരുന്ന OTP രേഖപ്പെടുത്തിയാൽ മാത്രമേ ഓൺ ലൈൻ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയുള്ളൂ. വിൽക്കുന്ന ആളുടെയോ വാങ്ങുന്ന ആളുടെയോ താമസ പരിധിയിലുള്ള ഓഫീസിനെ ഓൺലൈൻ അപേക്ഷയിൽ തിരഞ്ഞെടുക്കാം. ഉടമയുടെ മേൽവിലാസം തെളിയിക്കുന്ന രേഖകളും മറ്റു അനുബന്ധ രേഖകളും പ്രിന്റ് ചെയ്ത അപേക്ഷയുടെ ഒപ്പിട്ട സ്കാൻ ചെയ്ത പകർപ്പും ഓൺലൈനായി അപ് ലോഡ് ചെയ്യുക.
വിൽക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നികുതി കുടിശ്ശികയോ പിഴയോ ഉണ്ടെങ്കിൽ അപേക്ഷ പൂർത്തിയാക്കാൻ സാധിക്കില്ല. അതെ സമയം പിഴയുണ്ടെങ്കിൽ ഓൺലൈനിൽ അപ്പോൾത്തന്നെ അടയ്ക്കാം. അതിനു ശേഷം നോ ഡ്യൂസ് സർട്ടിഫിക്കറ്റ് ഓൺലൈനിൽ തന്നെ തയ്യാറാകും. സ്വകാര്യ വാഹനങ്ങളുടെ മാത്രമല്ല ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഉടമസ്ഥാവകാശവും ഓൺലൈൻ ആയി കൈമാറാം. പക്ഷെ പെർമിറ്റ് അതാത് ഓഫീസിൽ തിരിച്ചേൽപ്പിക്കണം എന്നായിരുന്നു വ്യവസ്ഥ. പിന്നീട് വാഹനം വാങ്ങുന്ന വ്യക്തിയുടെ ആർടിഓയിൽ നിന്നും പുതിയ പെർമിറ്റ് ലഭിക്കും. എന്നാൽ ഇപ്പോൾ പൂർണമായും ഇടപാട് ഓൺലൈൻ ആകുന്നതോടെ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ പോകാതെ തന്നെ വാഹന കൈമാറ്റം പൂർത്തിയാക്കാം.
ഓൺലൈനിൽ അപേക്ഷ നൽകിയാലും പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മോട്ടോർവാഹനവകുപ്പ് ഓഫീസിൽ എത്തിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. ഇത് ഇടനിലക്കാർ മുതലെടുക്കുന്നുവെന്നു കണ്ടതിനെത്തുടർന്നാണ് പുതിയസംവിധാനം. തിരിച്ചറിയൽരേഖയായി ആധാർകൂടി നിർബന്ധമാക്കുന്നതോടെ പുതിയസംവിധാനത്തിന് കൂടുതൽ സുതാര്യതയുണ്ടാകും. ആധാറിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അന്തിമ വിജ്ഞാപനം ഉടനുണ്ടാകും.
ഡ്രൈവിങ് ലൈസൻസിന്റെ കാര്യത്തിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് വാഹന ഉടമസ്ഥാവകാശകൈമാറ്റത്തിലും കൊണ്ടുവരുന്നത്. ഇടനിലക്കാരെ ഒഴിവാക്കാൻ ഓൺലൈൻ അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കുന്ന സംവിധാനം ബുധനാഴ്ചമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ലൈസൻസ് ഡ്യൂപ്ലിക്കേഷൻ, വിലാസമാറ്റം എന്നിവ മുൻഗണന പ്രകാരമായിരിക്കും പരിഗണിക്കുക. ഒരു അപേക്ഷയിൽ തീർപ്പുകല്പിച്ചശേഷമേ അടുത്ത അപേക്ഷ പരിഗണിക്കൂ. രണ്ടാഴ്ചത്തെ പരീക്ഷണ ഉപയോഗത്തിനുശേഷം മറ്റുസേവനങ്ങൾക്കും മുൻഗണനാക്രമം ബാധകമാക്കും.
മറുനാടന് മലയാളി ബ്യൂറോ