ഗുരുവായൂർ: പ്രമുഖ ക്ഷേത്രങ്ങളിൽ എല്ലാ ദിവസവും ഒട്ടേറെ വാഹനങ്ങൾക്ക് പൂജ പതിവുണ്ട്. സ്‌കൂട്ടർ മുതൽ ബസ് വരെയുള്ള വാഹനങ്ങൾ ക്ഷേത്രനടയിലെത്തിച്ച് പൂജ ചെയ്ത് മാലയണിഞ്ഞ് മടങ്ങുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച നടന്ന ഒരു വാഹനപൂജ ഏറെ വ്യത്യസ്തവും ചരിത്രത്തിൽ ആദ്യത്തേതുമായി.

ആർ.പി.ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിനാണ് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വാഹനപൂജ നടത്തിയത്. എച്ച്. 145 എയർബസ് ഹെലികോപ്റ്ററാണ് പൂജയ്ക്ക് കൊണ്ടുവന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലായിരുന്നു പൂജ.

100 കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസം ഇന്ത്യയിൽ ആദ്യമായി രവി പിള്ള വാങ്ങിയ എച്ച് 145 ഡി 3 എയർ ബസ് വൈകിട്ട് മൂന്നിനാണ് അരിയന്നൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ലാൻഡ് ചെയ്തത്.

ക്ഷേത്രത്തിന് അഭിമുഖമായി നിർത്തിയ ഹെലികോപ്റ്ററിനു മുന്നിൽ നിലവിളക്കുകൾ കൊളുത്തി നാക്കിലയിൽ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുൻ മേൽശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി പൂജ നിർവഹിച്ചു. ആരതിയുഴിഞ്ഞ് മാല ചാർത്തി കളഭം തൊടീച്ച് വാഹനപൂജ പൂർത്തിയാക്കി.

രവി പിള്ള, മകൻ ഗണേശ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി.ജി.കുമാർ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.

വാഹനംപൂജിക്കുന്ന ഗുരുവായൂർ ക്ഷേത്രം കോയ്മ ഗ്രൗണ്ടിലേയ്ക്ക് വരുകയായിരുന്നു. ഒപ്പം ഗുരുവായൂർ സിഐ. പി.കെ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും. 20 മിനിറ്റ് നീണ്ട പൂജ കോയ്മയ്ക്കും പുതിയ അനുഭവമായി.

അഞ്ചു ലീഫുകളാണ് ഈ ഹെലികോപ്ടറിന്റെ പ്രത്യേകത. മെഴ്‌സിഡസ് ബെൻസിന്റേതാണ് രൂപകല്പന. കാവലിന് ഗുരുവായൂർ പൊലീസും രവിപിള്ളയുടെ സെക്യൂരിറ്റിക്കാരും ഉണ്ടായിരുന്നു.

കൊല്ലത്തുനിന്ന് ഗുരുവായൂർക്ക് പുറപ്പെട്ട എയർബസിൽ കൊച്ചി വരെ നടൻ മോഹൻലാലും ഉണ്ടായിരുന്നു. എയർബസ് വാങ്ങിയതിനു ശേഷം പൂജയ്ക്കായി ഗുരുവായൂരിലേക്കാണ് താൻ ആദ്യയാത്ര നടത്തിയതെന്ന് രവിപിള്ള പ്രതികരിച്ചു. ക്ഷേത്രദർശനത്തിനു ശേഷം രവി പിള്ളയും മകനും ഇന്നു രാവിലെ എയർബസിൽ കൊച്ചിക്കു മടങ്ങി. അതുവരെ എയർബസ് ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ കനത്ത സുരക്ഷയിൽ പാർക്ക് ചെയ്തു.

ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നാണ് 'എയർബസ് എച്ച് 145' കേരളത്തിൽ എത്തിയത്. ഡോ. ബി.രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി വിമാനം വാങ്ങിയത്. എയർബസ് നിർമ്മിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്.

കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിൽ ഹെലിപാഡുകളുണ്ട്. പൈലറ്റിനെ കൂടാതെ 7 പേർക്ക് ഇതിൽ യാത്ര ചെയ്യാം. കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും എച്ച്145നു സാധിക്കും.

കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന 'എനർജി അബ്‌സോർബിങ്' സീറ്റുകളാണു മറ്റൊരു പ്രത്യേകത. കോപ്റ്റർ അപകടങ്ങളിലെ പ്രധാന വില്ലനായ ഇന്ധന ചോർച്ചയുടെ സാധ്യതയും കുറവ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഉണ്ട്.