വാഹന രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്മാർട്ടാക്കാനുള്ള തീരുമാനവുമായി ഷാർജ അധികൃതർ. ഇതിന്റെ ഭാഗമായി ഷാർജയിൽ അടുത്തമാസം മുതൽ ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സേവനകാര്യാലയങ്ങൾവഴി അപേക്ഷ സ്വീകരിക്കുന്നത് ഈ മാസം അവസാനിപ്പിക്കും.

ഇതനുസരിച്ച് പുതിയതും, പുതുക്കാനുമുള്ള ഡ്രൈവിങ് ലൈസൻസുകൾ, നഷ്ടപ്പെട്ടതും നാശമായതുമംായ ലൈസൻസുകൾക്ക് പകരം ലഭിക്കുവാനുള്ള അപേക്ഷകളെല്ലാം അടുത്തമാസം മുതൽ ഓൺലൈൻ വഴി സ്വീകരിക്കും. പുതിയ സംവിധാന പ്രകാരം ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അക്കാര്യം അപേക്ഷകനെ മൊബൈൽ സന്ദേശം വഴി അറിയിക്കും. അപേക്ഷ സമർപ്പിച്ചു നാൽപത്തിയെട്ട് മണിക്കൂറിനകം വിതരണത്തിന് നിശ്ചയിക്കപ്പെട്ട കമ്പനി അപേക്ഷകനു ലൈസൻസ് കൈമാറുമെന്ന് ലൈസൻസ് വകുപ്പ്ു മേധാവി കേണൽ അലി പറഞ്ഞു.

ഓൺലൈൻ മുഖേനയല്ലാത്ത അപേക്ഷകൾ അടുത്ത മാസം മുതൽ സ്വീകരിക്കുകയേ ഇല്ല. അഭ്യന്തര മന്ത്രാലയം സൈറ്റ് മുഖേനയാണ് വാഹന ഉടമകൾ രജിസ്‌ട്രേഷൻ അപേക്ഷ നൽകേണ്ടത്.