മസ്‌കറ്റ് : ഓഫീസ് ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നവരും നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരുമൊക്കെ ഇനി കുടുങ്ങിയത് തന്നെ. രാജ്യത്തെ സർക്കാർ വാഹനങ്ങളിൽ ട്രാക്കിങ് സംവിധാനം സ്ഥാപിക്കുന്നതോടെ വാഹനം പുറപ്പെടുമ്പോൾ മുതൽ നിർത്തുമ്പോഴും ഉള്ള വിവരങ്ങൾ ലഭിക്കും.

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി സർക്കാർ ഉത്തരവിനെ തുടർന്നാണ് നടപടി. ഓഫീസ് ആവശ്യങ്ങൾക്കല്ലാതെ ഉദ്യോഗസ്ഥർ വാഹനങ്ങൾ ഉപയോഗിക്കുന്നത് സർക്കാറിന് അധിക ചെലവ് വരുത്തിവെക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ട്രാക്കിങ് സംവിധാനം വാഹനങ്ങളിൽ സ്ഥാപിച്ചു തുടങ്ങിയതായി റീജ്യനൽ മുൻസിപ്പാലിറ്റീസ് മന്ത്രാലയത്തെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തു.

എല്ലാ മന്ത്രാലയങ്ങളുടെയും വാഹനങ്ങളിൽ ഇതിനോടകം തന്നെ ട്രാക്കിങ് സംവിധാനം സ്ഥാപിച്ചു കഴിഞ്ഞതായി മന്ത്രാലയം അഡ്‌മിനിസ്ട്രേഷൻ അഫേഴ്സ് ഡയറക്ടർ ജനറൽ യഹ്യ അൽ വഹൈബി പറഞ്ഞു.അമിത വേഗത അടക്കമുള്ള കാര്യങ്ങൾ ട്രാക്കിങ് സംവിധാനത്തിലൂടെ അറിയാൻ സാധിക്കും.സ്പെയർ പാട്സ് വാങ്ങുന്നതിനും അറ്റകുറ്റ പണികൾക്കുമായി വലിയ തോതിലാണ് സർക്കാർ പണം ചിലവഴിക്കുന്നത്. ഇതിനും ഉടൻ പരിഹാരം കണ്ടേക്കും.