ഡബ്ലിൻ: ഗതാഗത നിയമം ലംഘിക്കുന്നവരെ കുടുക്കാൻ പുതിയ സംവിധാനവുമായി റോഡ് സേഫ്റ്റി അഥോറിറ്റി രംഗത്തെത്തി. ഇനി മുതൽ നിരത്തിലിറങ്ങുന്ന
ഓരോ വാഹനവും ഡ്രൈവറുടെ ലൈസൻസ് വിശദാംശങ്ങളുമായി ബന്ധപ്പെടുത്തിയുള്ള സംവിധാനമാണ് രാജ്യത്ത് നിലവിൽ വരിക. ഗതാഗത നിയമലംഘനങ്ങൾ നടത്തി അതുവഴി പെനാൽറ്റി പോയിന്റുകൾ ലഭിക്കുന്നവർക്ക് അത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ലൈസൻസിന്റെ വിശദാംശങ്ങൾ വാഹനം വാങ്ങുമ്പോൾ ഉൾപ്പെടുത്തുന്നത്.

കാർ വാങ്ങുമ്പോഴും ഓരോ തവണയും ഓണർഷിപ്പ് ട്രാൻസ്ഫർ ചെയ്യുമ്പോഴും വാഹന ഉടമയും ലൈസൻസ് വിശദാംശങ്ങൾ ഉൾക്കൊള്ളിക്കണമെന്നാണ് നിയമം. അങ്ങനെ ഓരോ വാഹനവും ഡ്രൈവർ അല്ലെങ്കിൽ ഡ്രൈവർമാരുടെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയാണ് നിലനിൽക്കുക. പെനാൽറ്റി പോയിന്റുകൾ ലഭിക്കുന്ന പത്തിൽ  ഏഴു പേരും കോടതിയിൽ തങ്ങളുടെ ലൈസൻസ് കാണിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് പുതിയ നടപടി നിലവിൽ വരുത്തുന്നത്. കോടതിയിൽ ലൈസൻസ് നൽകാത്തതിനാൽ പോയിന്റുകൾ ലൈസൻസിൽ രേഖപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഇത്തരക്കാർ ശ്രമിക്കുക. അതുകൊണ്ടു തന്നെ വാഹനം വാങ്ങുമ്പോൾ ലൈസൻസ് വിശദാംശങ്ങൾ ഉൾപ്പെടുത്തിയാൽ പെനാൽറ്റി പോയിന്റുകൾ രേഖപ്പെടുത്താനും മറ്റും എളുപ്പമാണെന്ന് കണ്ടതിനാലാണിത്.

മാത്രമല്ല, വാഹനം ഓടിക്കുന്നത് വിലക്കിയിട്ടുള്ള ഡ്രൈവർമാരെ പെട്ടെന്നു തന്നെ കണ്ടെത്താനും ഈ സംവിധാനം അധികൃതർക്ക് ഏറെ പ്രയോജനമാകും എന്നാണ് കരുതുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട്, ഗാർഡ സർവീസ്, കോർട്ട് സർവീസുകൾ, റോഡ് സേഫ്റ്റി അഥോറിറ്റി എന്നിവയുടെ സംയുക്ത ചർച്ചകൾക്കു ശേഷമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

ലൈസൻസിൽ പെനാൽറ്റി പോയിന്റ് രേഖപ്പെടുത്തുന്നതിൽ നിന്ന് രാജ്യത്തെ 20,000 മോട്ടോറിസ്റ്റുകൾ പഴുതുകൾ കണ്ടെത്തുന്നുവെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. 2014 ജനുവരി മുതൽ 2015 മെയ്‌ വരെ പെനാൽറ്റി പോയിന്റുകൾ ലഭിച്ച മോട്ടോറിസ്റ്റുകളിൽ 72 ശതമാനം പേരും ഇത്തരത്തിൽ തങ്ങളുടെ ലൈസൻസിൽ പെനാൽറ്റി പോയിന്റ് രേഖപ്പെടുത്താതെ രക്ഷപ്പെട്ടിട്ടുള്ളവരാണ്.