- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരങ്ങളിലെ വെടിയേറ്റ ഭാഗങ്ങളിലും ചുറ്റുപാടുമുള്ള അടിക്കാടുകളിലും തെളിവുകൾ തേടി ഉദ്യോഗസ്ഥ സംഘത്തിന്റെ പരക്കംപാച്ചിൽ; കരിയിലകൾ പോലും മാറ്റി കരുതലോടെയുള്ള വിവരശേഖരണം; മീന്മുട്ടി വനമേഖല അരിച്ചു പെറുക്കി പൊലീസ്; കരുതലുകളുമായി വനംവകുപ്പും; വേൽമുരുകന്റെ മൃതദ്ദേഹം കണ്ടെത്തിയിടത്ത് അതിശക്തമായ പൊലീസ് കാവൽ
കൽപ്പറ്റ: മാവോയിസ്റ്റ് വേൽമുരുകന്റെ മൃതദ്ദേഹം കണ്ടെത്തിയിടത്ത് പൊലീസ് കാവൽ. ചുറ്റുമുള്ള പ്രദേശം പൊലീസ് വലയത്തിൽ. ബാലസ്റ്റിക് വിദഗ്ധരും ഫോറൻസിക് വിദഗ്ധരും മാറി മാറി പ്രദേശത്താകെ തെളിവുകൾക്കായി പരതുകയാണ്. മരങ്ങളിലെ വെടിയേറ്റ ഭാഗങ്ങളിലും ചുറ്റുപാടുമുള്ള അടിക്കാടുകളിലും തെളിവുകൾ തേടി ഉദ്യോഗസ്ഥ സംഘത്തിന്റെ പരക്കംപാച്ചിൽ. കരിയിലകൾ പോലും മാറ്റി കരുതലോടെയുള്ള വിവരശേഖരണം.
മാവോയിസ്റ്റ് സംഘവും തണ്ടർബോൾട്ട് സംഘവും ഏറ്റുമുട്ടലുണ്ടായ മീന്മുട്ടി വനേമേഖലയിൽ ഇന്നലെ പൊലീസ് ഇടപെടൽ ഇങ്ങിനെ. സംഭവം നടന്നിട്ട് രണ്ടാം ദിവസമായിട്ടും വെടിവയ്പ്പുണ്ടായ പ്രദേശത്തേയ്ക്ക് പൊലീസ് പുറമെ നിന്നും ആരെയും കടത്തിവിട്ടിരുന്നില്ല. തെളിവെടുപ്പ് നീളുന്നതായിരുന്നു ഇതിന് കാരണം. പിന്നീട് മാധ്യമ പ്രവർത്തകരെ കയറ്റി വിട്ടു.
മാവോയിസ്റ്റ് സംഘം വെടിയുതിർത്തായി സ്ഥിരീകരിക്കുന്ന ശക്തമായ തെളിവുകൾ വിദഗ്ദ്ധർക്ക് ലഭിച്ചതായിട്ടാണ് സൂചന.സംഭവത്തിന്റെ നിജസ്ഥിതി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്തുവിടുന്നതിനുള്ള പൊലീസിന്റെ നീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ നടന്നുവരുന്ന പഴുതടച്ച തെളിവ് ശേഖരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനപൊലീസിലെ വിവിധ വിഭാഗങ്ങൾ പല സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനകൾ നടക്കുന്നത്.
പൊലീസിന് പുറമെ ഇന്നലെ ആറംഗ വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം ഈ വനപ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മാവോയിസ്റ്റ് സംഘം വെടിയുതിർത്തതായി വനം വകുപ്പ് അധികൃതർക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മൃതദ്ദേഹം കാണപ്പെട്ടതിന് ഏകദേശം 20 മീറ്ററിനപ്പുറത്തും വെടിവയ്പ്പ് നടന്നതായി സാഹചര്യത്തെളിവുകളിൽ നിന്നും ഈ ഉദ്യോഗസ്ഥ സംഘം സ്ഥിരീകരിച്ചതായിട്ടാണ് സൂചന. ഇന്നലെ പാവിലെ 9 മണിയോടെ തന്നെ വെടിശബ്ദം കേൾക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടൽ നടന്ന പ്രദേശത്തിന് സമീപമെത്തിയിരുന്നു.തുടർന്ന് പ്രദേശം പൊലീസിന്റെ നിയന്ത്രണത്തിലുമായി.
തിര നിറയ്ക്കുന്ന തരത്തിലുള്ളതും 12 തവണ വരെ വെടിയുതിർക്കാനാവുന്നതുമായ തോക്കുകളാണ് മാവോയിസ്റ്റുകളുടെ കൈവശം ഉണ്ടായിരുന്നെതെന്നാണ് വെടിവയ്പ്പ് നടന്ന പ്രദേശത്തു നിന്നും ലഭിച്ച പ്രാഥമീക തെളിവെടുപ്പിൽ വനംവകുപ്പ് ഉദ്യോഗസ്ഥ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുള്ളത്. തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റ് സംഘവും പൂഴിത്തോട് ഭാഗത്തുനിന്നും ചെറിയ ദൂരവ്യത്യാസത്തിൽ ഒരേ ദിശയിൽ നിന്നാണ് വന മേഖലയിൽ പ്രവേശിച്ചതെന്നും വഴിയിൽ ആനയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതിനാൽ തണ്ടർ
ബോൾട്ട് സംഘം വഴി മാറി സഞ്ചരിക്കുകയും വഴി ഒന്നു ചേരുന്നിടത്തെത്തിയപ്പോൾ ഇരുകൂട്ടരും മുഖാമുഖം സന്ധിക്കുയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.
ആദ്യം ആരാണ് വെടിയുതിർത്തത് എന്ന കാര്യത്തിൽ പൊലീസ് പുറത്തുവിട്ട വിവരം മാത്രമാണ് നിലവിൽ പുറത്തു വന്നിട്ടുള്ളത്.കൊല്ലപെട്ട മുരുകേശൻ ഷാർപ്പ് ഷൂട്ടർ എന്നതിനപ്പുറം മാവോയിസ്റ്റുകൾക്ക് വെടിവയ്പ്പ് പരിശീലനവും നൽകിയിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.മുഖാമുഖമെത്തിയപ്പോൾ ഇരു കൂട്ടരും തോക്കെടുത്തിട്ടുണ്ടാവാമെന്നും ലക്ഷ്യം കണ്ടത് തണ്ടർബോൾട്ട് സംഘത്തിന്റെ പഴുതടച്ചുള്ള നീക്കത്തിലായിരിക്കാമെന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
എന്തായാലും ഈ സംഭവത്തിൽ കൃത്യമായ കർമ്മ പദ്ധതിയുമായിട്ടാണ് പൊലീസ്മുന്നോട്ടു പോകുന്നെന്നാണ് ഇതു വരെയുള്ള നീക്കങ്ങളിൽ നിന്നും വ്യക്തമാവുന്നത്.സംഭവം നടന്ന് താമസിയാതെ തന്നെ മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും വനമേഖലയിലേയ്ക്ക് കയറ്റിയിരുന്നില്ല.ഇന്നും ഇതു തന്നെയായിരുന്നു പൊലീസിന്റ സമീപനം. ഇത് എന്തൊക്കെയോ മറച്ചുപിടിക്കുന്നതിനുള്ള പൊലീസിന്റെ ശ്രമാണെന്നാണ് പരക്കെ ഉയരുന്ന വിമർശനം.
മറുനാടന് മലയാളി ലേഖകന്.