കൊച്ചി: ദിലീപിന്റെ അറസ്റ്റോടെ പ്രതിസന്ധിയിലായ മലയാള സിനിമ ഓണചിത്രങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം തരംഗമാകുമെന്നും വിലയിരുത്തി. എന്നാൽ ലാൽ ജോസ് ഒരുക്കിയ മോഹൻലാൽ ചിത്രം ആദ്യ ദിനം സമിശ്ര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങുന്നത്. പുലിമുരുകന് സമാനമായി അതിഗംഭീരമെന്ന ഒറ്റ വാക്കിലെ അഭിപ്രായം ആരും ഈ സിനിമയ്ക്ക് നൽകുന്നില്ല. അതുകൊണ്ട് തന്നെ ലാൽ ജോസ്-മോഹൻലാൽ സിനിമ വേണ്ട രീതിയിൽ ബോക്‌സ് ഓഫീസിനെ പിടിച്ചു കുലുക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ലാൽ ചിത്രം സൂപ്പറാണെന്നും ദിലീപ് ആരാധകർ തിയേറ്ററിൽ കയറി ചിത്രത്തെ കൂകി തോൽപ്പിക്കകയാണെന്നും ലാൽ ഫാൻസിനും ആക്ഷേപമുണ്ട്. ഇതോടെ തർക്കം മൂക്കുകയാണ്. നേരത്തേയും പല സിനിമകളും ദിലീപ് ആളെ വിട്ട് കൂകി തോൽപ്പിച്ചെന്ന ആരോപണം ഉയർന്നിരുന്നു.

ദിലീപിന് ഹൈക്കോടതി ജാമ്യം നൽകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ കോടതി വിരുദ്ധ പരമാർശമാണ് നടത്തിയത്. അപ്പോൾ തന്നെ ദിലീപിന്റെ ആരാധകർ മലയാള സിനിമയിലെ പ്രമുഖർക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമായും രോഷം പ്രകടിപ്പിച്ചത് സൂപ്പർ താരങ്ങൾക്കെതിരെയാണ്. ഇവർ ദിലീപിന് അനുകൂലമാകുന്ന പരമാർശം നടത്താത്തതായിരുന്നു ഇതിന് കാരണം. മോഹൻലാൽ മഞ്ജു വാര്യർ പക്ഷത്താണെന്ന് പരോക്ഷമായി പറയുകയും ചെയ്തു. ഇതിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. ഇതാണ് ലാൽ ജോസ് ചിത്രത്തിന് തിയേറ്ററിൽ ആദ്യ ദിനം വിനയായതെന്നാണ് ലാൽ ഫാൻസുകാർ പറയുന്നത്. വെളിപാടിന്റെ പുസ്തകം സൂപ്പറാണെന്നും വിശദീകരിക്കുന്നു. എന്നാൽ പുറത്തുവരുന്ന വിലയിരുത്തലുകൾ സമിശ്രമാണ്. അതുകൊണ്ട് തന്നെ പ്രതിസന്ധിയിൽ നിന്ന് മലയാള സിനിമയെ ഉയർത്തെഴുന്നേൽപ്പിന് പാകപ്പെടുത്തുന്ന മരുന്ന് വെളിപാടിന്റെ പുസ്തകത്തിനില്ലെന്നാണ് വിലിയരുത്തൽ.

ദിലീപ് അഴിക്കുള്ളിലായ ശേഷം ഇറങ്ങിയ ഏക ബിഗ് സിനിമ പൃഥ്വിരാജിന്റെ ടിയാൻ ആയിരുന്നു. അത് വലിയ നഷ്ടമാണ് നിർമ്മാതാവിന് ഉണ്ടാക്കിയത്. അതി ഗംഭീരമെന്ന് ഏവരും വിലയിരുത്തിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും തിയേറ്ററിൽ ഓടുന്നുണ്ടെങ്കിലും വലിയ കളക്ഷൻ നേടിയില്ല. ദിലീപിന്റെ അറസ്റ്റിന്റെ പ്രതിസന്ധിക്ക് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്. ഈ സാഹചര്യത്തിൽ മോഹൻലാലിന് മാത്രമേ എല്ലാ വിധ പ്രേക്ഷകരേയും തിയേറ്ററിലേക്ക് അടുപ്പിക്കാനാകൂവെന്നും വിലയിരുത്തി. പുലിമുരുകന് സമാനമായ ഹിറ്റ് വെളിപാടിന്റെ പുസ്തകത്തിൽ പ്രതീക്ഷിച്ചു. അത്തരത്തിലൊരു വിജയം കാത്തിരുന്നവർക്ക് നിരാശ നൽകുന്നതാണ് ആദ്യ ദിവസത്തെ റിപ്പോർട്ടുകൾ. എന്നാൽ ലാൽ ആരാധകരെന്ന വ്യാജേന ചിലർ നുഴഞ്ഞു കയറിയെന്നും അവരാണ് സോഷ്യൽ മീഡിയയിൽ ലാൽ ചിത്രത്തെ മോശമാക്കുന്നതെന്നും ലാൽ ഫാൻസും പറയുന്നു.

ലാൽ ജോസ് സംവിധാം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നു എന്നത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. തീയേറ്ററുകളിൽ വൻ ജനാവലിയാണുള്ളത്. മോഹൻലാൽ രണ്ടു വ്യത്യസ്ത ലുക്കുകളിലെത്തുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജനാണ് നായിക. ഇത്തവണത്തെ ഓണം മോഹൻലാലിന്റെ ഇടിക്കുള കൊണ്ടുപോയെന്നാണ് ആരാധകർ പറയുന്നത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. മോഹൻലാലും ലാൽജോസും സിനിമയിലെത്തിയിട്ട് വർഷം കുറേയായി. പക്ഷേ ഇരുവരും ഇതാദ്യമായാണ് ഒരുമിക്കുന്നത്. നേരത്തെ മോഹൻലാലിനെ നായകനാക്കി രണ്ടു പ്രൊജക്ടുകളെക്കുറിച്ച് പ്ലാൻ ചെയ്തിരുന്നുവെങ്കിലും അതു നടക്കാതെ പോവുകയായിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ സിനിമയിൽ പ്രതീക്ഷകൾ ഏറെയായത്.

ഫീനിക്സ് എന്ന തീരദേശ കാമ്പസിന്റെ കഥയാണ് വെളിപാടിന്റെ പുസ്തകം പറയുന്നത്. ഈ കോളജ് എങ്ങനെയുണ്ടായി എന്നത് ഒരു വലിയ കഥയാണ്. അത് ഈ സിനിമ പറയുന്നുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികൾ തീരദേശത്തുനിന്നുള്ളവരാണ്. അവിടെ ഒരു വലിയ പ്രശ്നമുണ്ടാകുന്നു. അത് പരിഹരിക്കാനായി പ്രൊഫസർ മൈക്കിൾ ഇടിക്കുളയെ കോളജിന്റെ വൈസ് പ്രിൻസിപ്പലായി നിയമിക്കുകയാണ്. അദ്ദേഹം കുട്ടികളുടെ ഇടയിലേക്കിറങ്ങുന്നു. പ്രൊഫ. ഇടിക്കുള തന്റെ സ്നേഹപൂർണവും സൗഹൃദപരവുമായ ഇടപെടലുകളിലൂടെ കാമ്പസിനെ മുന്നോട്ടുനയിക്കുകയാണ്'' - ഇതാണ് കഥ തന്തു.

സെവൻത്ഡേക്കുശേഷം ശ്യാംധർ സംവിധാനം ചെയ്ത് ബി. രാകേഷ് നിർമ്മിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'പുള്ളിക്കാരൻ സ്റ്റാറാ'. ഒരു സാറിന്റെ കഥ, അദ്ദേഹം സ്റ്റാറാകുന്ന കഥ, അതാണ് ഈ ചിത്രത്തിന്റെ കഥ. അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന രസികനായൊരു അദ്ധ്യാപകനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. നായകന്റെ പേരും രസകരംതന്നെ, 'രാജകുമാരൻ'. അദ്ധ്യാപകർ ആസ്വദിച്ച് പഠിപ്പിച്ചാൽ കുട്ടികളും ആസ്വദിച്ച് പഠിച്ചോളും എന്നാണ് അദ്ദേഹത്തിന്റെ ന്യായം. അതുൾക്കൊ ണ്ടുകൊണ്ടാണ് അദ്ദേഹവും പഠിപ്പിക്കുന്നത്. നായകന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും രസകരമായി കോർത്തിണക്കിയാണ് കഥ പറഞ്ഞിരിക്കുന്നത്.

നിഷ്‌കളങ്കനായ നായകനൊപ്പം മറ്റുകഥാപാത്രങ്ങൾകൂടി എത്തുമ്പോഴുണ്ടാകുന്ന നർമമുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു. എറണാകുളത്ത് എത്തുന്ന നായകൻ, അവിടെവെച്ച് കുര്യച്ചൻ എന്ന തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടുന്നു. ദിലീഷ് പോത്തനാണ് കുര്യച്ചനായി എത്തുന്നത്. റിട്ടയേഡ് ഡി.വൈ. എസ്‌പി. ഓമനാക്ഷൻ പിള്ളയായി ഇന്നസെന്റും ഭരതൻ എന്ന കെയർടേക്കറായി ഹരീഷ് കണാരനും കൂടിച്ചേരുമ്പോൾ പുള്ളിക്കാരൻ സ്റ്റാറാ കലക്കുമെന്നാണ് അണിയറക്കാർ പറയുന്നത്. അങ്ങനെ മമ്മൂട്ടിയും ഓണക്കാലത്ത് പ്രതീക്ഷയിലാണ്.

ഈ ഓണക്കാലത്ത് യുവത്വത്തെ തിയേറ്റളിലെത്തിക്കുകയെന്ന ദൗത്യം നിവിൻ പോളിക്കാണ്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെന്ന സിനിമയുടെ പേരു പോലെ തന്നെ പ്രേക്ഷക ശ്രദ്ധനേടുമെന്നാണ് വിലയിരുത്തൽ. മിനിമം ഗാരന്റി സിനിമകളുടെ നായകനാണ് ഇന്ന് നിവിൻ പോളി. വലിയൊരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളി എത്തുമ്പോൾ അത് യുവാക്കളെ തിയേറ്ററിൽ സജീവമാക്കും. ഇതിനൊപ്പം പൃഥ്വിരാജിന്റെ ആദം ജോണും എത്തും. രൺജി പണിക്കരുടെ നിർമ്മാണ വിതരണക്കമ്പനിയായ രൺജി പണിക്കർ എന്റർടെയ്‌ന്മെന്റ് സാണ് പൃഥ്വിരാജിന്റെ ആദം ജോൺ പ്രദർശനശാലകളിലെത്തിക്കുന്നത്.

നിവിൻ പോളി ചിത്രങ്ങളായ പ്രേമത്തിലും സഖാവിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ ഒരു പ്രവാസിയുടെ വേഷമാണ് നിവിൻ പോളിക്ക്. ഐശ്വര്യ ലക്ഷ്മിയും, അഹാനകൃഷ്ണകുമാറുമാണ് നായികമാർ. പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രം ഇ ഫോർ എന്റർടെയ്‌ന്മെന്റാണ് തിയേറ്ററുകളിലെത്തിക്കുന്നത്.

അതേസമയം ഓണം റിലീസ് നിശ്ചയിച്ചിരുന്ന ലവകുശ, ആകാശമിഠായി, നിവിൻപോളിയുടെ തമിഴ് ചിത്രം റിച്ചി എന്നിവ ഓണത്തിന് ശേഷമേ തിയേറ്ററുകളിലെത്തൂ.