മൂന്നാർ: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ രണ്ട് ശക്തന്മാരും ഒരു മിടുക്കനുമാണ് അവിടെ മത്സരിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഈഴവ സമുദായാംഗങ്ങൾക്ക് അവരുടെ മനഃസാക്ഷിക്കനുസരിച്ച് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. നേരത്തെ അരുവിക്കരയിൽ എസ്എൻഡിപി ശക്തി തെളിയിക്കുമെന്നും ബിജെപിയോട് അയിത്തമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്തിന്റെ പശ്ചാത്തലത്തിൽ പ്രവചനം അസാധ്യമാണ്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തിൽ നിലപാട് വിശദീകരണം വേണ്ടെന്ന് എസ്എൻഡിപി തീരുമാനിക്കുകയായിരുന്നു. മണ്ഡലത്തിൽപ്പെട്ട നെടുമങ്ങാട്, ആര്യനാട് യൂണിയനുകൾക്ക് യുക്തമായ തീരുമാനം എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി രാജഗോപാലിന് അനുകൂലമാകും ഈ തീരുമാനമെന്നാണ് സൂചന.

മൂന്ന് ദിവസമായി മൂന്നാറിൽ നടന്ന യോഗം നേതൃത്വ ക്യാമ്പ് ഈ വിഷയങ്ങൾ ചർച്ച ചെയ്തു. അരുവിക്കരയിൽ ആര് ജയിച്ചാലും എസ്.എൻ.ഡി.പി യോഗത്തിന് ഒരു കാര്യവുമില്ല. രണ്ട് ശക്തന്മാരും ഒരു മിടുക്കനുമാണ് അവിടെ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ആർക്കും വോട്ട് ചെയ്യാം-വെള്ളാപ്പള്ളി പറഞ്ഞു. സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന സംഘടനകളുമായി ചേർന്ന് രാഷ്ട്രീയ ഇടപെടലിന് കഴിയുന്ന കൂട്ടായ്മ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകാൻ മൂന്നാം ബദലിനു രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര തിരഞ്ഞെടുപ്പിൽ എസ്എൻഡിപിക്കു രാഷ്ട്രീയ തീരുമാനങ്ങളൊന്നുമില്ല.

ഉള്ളവനു വാരിക്കോരി നൽകുന്ന പ്രവണതയാണ് സംസ്ഥാനത്ത് ഇരുമുന്നണികൾക്കും. അധഃസ്ഥിത വർഗങ്ങൾ ഇതുമൂലം അവഗണനയിലാണ്. സാമൂഹിക ശാക്തീകരണമാണ് ഇതിനുള്ള പോംവഴി. അതിനായി സമാന ചിന്താഗതിക്കാരെ യോജിപ്പിച്ച് ഒരു പ്ലാറ്റ്‌ഫോമിൽ എത്തിക്കാൻ ശ്രമിക്കും. അതിലേക്ക് പി.സി. ജോർജ് വന്നാലും പി.സി. തോമസ് വന്നാലും സഹകരിപ്പിക്കും. ഒരു ദുഃഖിതരുടെ കൂട്ടായ്മയാവും അത്. വരും തിരഞ്ഞെടുപ്പുകളിൽ ഇടതു- വലതു മുന്നണികൾക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റാവാൻ ഈ കൂട്ടായ്മയ്ക്കു കഴിയും. ഇത്തരമൊരു കൂട്ടായ്മയ്ക്കുള്ള ചർച്ചകൾ ആരംഭിച്ചു. പിണറായി വിജയൻ ആദർശ രാഷ്ട്രീയത്തിൽനിന്ന് അടവു രാഷ്ട്രീയത്തിലേക്ക് മാറി.ആശയപരമായി യോജിക്കാൻ കഴിയുന്ന ദുഃഖിതരുടെ കൂട്ടായ്മയിൽ ജാതിമത ഭേദമില്ലാത്ത സംഘടനകളുണ്ടാവും. ഇത് സംബന്ധിച്ച് ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ളിം വിഭാഗത്തിലെ ചില സംഘടനകളുമായി ചർച്ചകൾ നടന്നു കഴിഞ്ഞു. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കും ഭരണ പങ്കാളിത്തം ലഭ്യമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യോഗത്തിന്റെ ഇടപെടലുണ്ടാവും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് എസ്എൻഡിപിയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. മൂന്നുദിവസമായി മൂന്നാറിൽ നടന്നുവന്ന എസ്എൻഡിപി നേതൃക്യാംപ് ഇന്നലെ സമാപിച്ചു. കേരളം, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ക്യാംപിൽ പങ്കെടുത്തത്. എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും കോളേജുകളിലെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളിൽ സർക്കാർ അവഗണന തുടരുന്നതിനെതിരെ ബുധനാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകും. എസ്.എൻ ട്രസ്റ്റിന്റെ 14 കോളേജുകളിലും യോഗത്തിന്റെ 2 കോളേജുകളിലുമായി 234 അദ്ധ്യാപകരുടെയും 39 അനദ്ധ്യാപകരുടെയും തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. റിട്ടയർ ചെയ്തവരും മരിച്ചവരും ഉൾപ്പെടെയുള്ള ഒഴിവുകളിലാണ് നിയമനം നടക്കാത്തത്. ഈ ഒഴിവുകളിൽ ഗസ്റ്റ് അദ്ധ്യാപകരെ വച്ച് പഠിപ്പിക്കുന്നതിനാൽ കോടികളുടെ നഷ്ടമാണ് എസ്.എൻ ട്രസ്റ്റിനും യോഗത്തിനും ഓരോ വർഷവും ഉണ്ടാകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപിയുടെ നിലപാടുകളും ആവശ്യങ്ങളും വ്യക്തമാക്കിയുള്ള എട്ടു പ്രമേയങ്ങൾ ക്യാംപിൽ അവതരിപ്പിച്ചു. മതപരിവർത്തനം നിയമംമൂലം തടയുക, പിന്നാക്ക ക്ഷേമ വകുപ്പിനു ജില്ലാതല ഓഫിസുകളും ജീവനക്കാരെയും നിയമിക്കുക, ഈഴവ സമുദായത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ജില്ലകളിൽ അവ അനുവദിക്കുക, ദേവസ്വം ബോർഡുകളിലേക്കുള്ള നിയമനങ്ങളിൽ 50 ശതമാനം സംവരണാനുകൂല്യം പൂർണമായും സംവരണ വിഭാഗത്തിനു തന്നെ നൽകുക. എസ്എൻഡിപി, എസ്എൻ ട്രസ്റ്റുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുക, നിലവിലെ പിഎസ്‌സി നിയമന രീതി മാറ്റി 50:50 എന്ന യൂണിറ്റാക്കി നിയമനം നടത്തുക, പരമ്പരാഗത നെൽകർഷകരെയും കാർഷിക മേഖലയെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുകയും ഇടുക്കിയിലെ കർഷകർക്കു പട്ടയം നൽകുകയും ചെയ്യുക എന്നിവയാണ് പ്രമേയങ്ങൾ.