നെടുങ്കണ്ടം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ ഇടുക്കിയിൽ പ്രചരണത്തിനായി എത്തിയ വെള്ളാപ്പള്ളി നടേശൻ, എം.എം. മണിയെ കരിങ്കുരങ്ങെന്നും കരിംഭൂതമെന്നും വിളിച്ചായിരുന്നു കത്തികയറൽ. എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം മാറി. ആറുമാസം കൊണ്ട് മണിയുടെ ആരാധകനായി വെള്ളാപ്പള്ളി. കേരളത്തിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയക്കാരനായ പിണറായി വിജയൻ മന്ത്രിസഭയിലെ പോരാട്ട മുഖം. മൈക്രോ ഫിനാൻസ് കേസിൽ തലയൂരണമെങ്കിൽ സംസ്ഥാന സർക്കാർ കനിയണം. അതിന് വേണ്ടിയാണ് വെള്ളാപ്പള്ളിയുടെ സ്തുതി പാടലുകളെന്നും വിലയിരുത്തലുണ്ട്. ഏതായാലും മണിയെ പുകഴ്‌ത്തിയ വെള്ളാപ്പള്ളി ഇടത് ക്യാമ്പിനെ സുഖിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബിജെപിയും വിലയിരുത്തുന്നു.

വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ എം.എം. മണിയെ പുകഴ്‌ത്തിയാണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഹൈറേഞ്ചുകാർക്കു വേണ്ടി ധീരോദാത്തമായി പോരാടിയ വ്യക്തിയാണ് മണിയാശാനെന്നു വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. എസ്എൻഡിപി നെടുങ്കണ്ടം പച്ചടി ശ്രീധരൻ സ്മാരക യൂണിയൻ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മുൻ നിലപാടുകൾ പാടെ തിരുത്തി എം.എം. മണിയെ പുകഴ്‌ത്തി വെള്ളാപ്പള്ളി രംഗത്തുവന്നത്. മലനാടിന്റെ മണിമുഴക്കമായ മണിയാശാൻ ഇനി കേരളത്തിന്റെ സ്വന്തമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറയുമ്പോൾ അത് മറ്റൊരു രാഷ്ട്രീയ മലക്കം മറിച്ചിലുമാകുന്നു.

മണിയാശാൻ ധീരോദാത്തമായി ഹൈറേഞ്ചുകാർക്ക് വേണ്ടി പൊരുതി. ഉള്ളിന്റെ ഉള്ളിൽ ഈഴവനാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. എന്നെ തെറി പറഞ്ഞാൽ കിട്ടുമെന്നു കരുതിയ വോട്ടുകൾ മണിയാശാനു കിട്ടിയില്ല. കരുത്തനും മിടുക്കനുമാണു മണിയാശാൻ. ഒന്നും കാണാതെ സഖാവ് പിണറായി വിജയൻ മണിയാശാനെ മന്ത്രിയാക്കില്ല. വിദ്യാഭ്യാസമല്ല, കൂർമബുദ്ധിയും ഇച്ഛാശക്തിയുമാണു നല്ല ഭരണാധികാരിക്കു വേണ്ടത്. അതു മണിയാശാനുണ്ട്. ഞാൻ മണിയാശാന്റെ ആരാധകനായിരുന്ന ആളാണ്. മണിയാശാൻ ഇനി കേരളത്തിന്റെ പൊതുസ്വത്താണ്. പാവങ്ങൾക്കു വേണ്ടി അദ്ദേഹം ധീരോദാത്തം പൊരുതി. മണിയാശാനെ ജയിലിൽ അടച്ചപ്പോൾ ഞാൻ എതിർത്തു. യോഗനാദത്തിൽ രണ്ടു തവണ മണിയാശാന്റെ ഇന്റർവ്യു കൊടുത്തിരുന്നു-വെള്ളാപ്പള്ളി പറയുന്നു,

വൺ, ടു, ത്രീ പ്രസംഗത്തിലൂടെ മണിയാശാൻ കേസിലുൾപ്പെട്ടപ്പോൾ താൻ സഹായിച്ചിരുന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ധീരനും കരുത്തനുമായ മണിയാശാനുമായി നല്ല സുഹൃദ്ബന്ധമാണ്. തനിക്കെതിരെ കേസ് കൊടുത്ത സുധീരൻ ഇപ്പോൾ എ ഗ്രൂപ്പിലാണോ ഐ ഗ്രൂപ്പിലാണോ എന്നറിയാതെ ഓടിനടക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. എസ്.എൻ.ഡി.പി.യുടെ മൈക്രോഫിനാൻസ് മേഖലയെ തകർക്കാൻ രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുകയാണ്. എന്തു വിലകൊടുത്തും ഇതിനെ നേരിടും. മലയോരജനതയ്ക്കുവേണ്ടി മൈക്രോഫിനാൻസ് പദ്ധതിയിലൂടെ ബാങ്കിൽ നിന്ന് തുക ആവശ്യപ്പെട്ടപ്പോൾ നല്ലൊരു തുക ബാങ്കിൽ നിക്ഷേപിക്കണമെന്ന് ബാങ്കുകാർ പറഞ്ഞു. റെയിൽവേയിൽ ജോലിനോക്കിയതിന്റെ ഫലമായി കിട്ടിയ പണമാണ് ഇതിനായി ബാങ്കിൽ നിക്ഷേപിച്ചത്. അല്ലാതെ തന്റെ പക്കൽ യാതൊരു കള്ളപ്പണവുമില്ലെന്ന് കൂടി വെള്ളാപ്പള്ളി പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജാക്കാട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് എംഎം മണിയെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയത്. മണിയുടെ രൂപത്തെക്കുറിച്ചും, നിറത്തെക്കുറിച്ചും പരിഹസിച്ച വെള്ളാപ്പള്ളി കരിങ്കുരങ്ങെന്നും കരടിയെന്നും എംഎം മണിയെ അധിക്ഷേപിച്ചിരുന്നു. ഭൂതപ്പാട്ട് പാടാൻ പറഞ്ഞയക്കാൻ കൊള്ളാവുന്ന ഈ കരിങ്കുരങ്ങനെ അങ്ങോട്ട് വിടുക എന്നുള്ളതല്ലതെ മനുഷ്യരുടെ ഇടയിൽ പറഞ്ഞയക്കാൻ കൊള്ളില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതു കൂടാതെ നിരവധി മോശം പരാമർശങ്ങൾ അദ്ദേഹം വേറെയും നടത്തി. എന്നാൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളോട് മറുപടി പറയാനില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് എംഎം മണി വ്യക്തമാക്കിയിരുന്നത്. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തനിക്കു പറയാനുള്ളത് ജനങ്ങളോട് പറയുമെന്നും മണി സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പിന്തുണയോടെ ബിജെപി മുന്നണി മണിക്കെതിരെ വലിയ പ്രവർത്തനം നടത്തിയെങ്കിലും മണിയുടെ വിജയത്തെ ചെറുക്കാൻ കഴിഞ്ഞിരുന്നില്ല.

ബിഡിജെഎസുമായി ബിജെപിയുടെ എൻഡിഎയുടെ ഭാഗമായ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലപാട് മാറ്റി. മൈക്രോ ഫിൻനാസിലെ കേസുകൾ വിജിലൻസാണ് പരിശോധിക്കുന്നത്. ഡയറക്ടർ ജേക്കബ് തോമസ് നേരിട്ട് കേസ് വിലയിരുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇടത് സർക്കാരിന്റെ പിന്തുണ വെള്ളാപ്പള്ളി അനിവാര്യതയായി കരുതുന്നു. ഇതിന്റെ ഭാഗം തന്നെയാണ് മണിയെ പുകഴ്‌ത്തുന്നതെന്നാണ് വിലയിരുത്തൽ.