ചേർത്തല: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ആരെ പിന്തുണയ്ക്കുമെന്ന് 20നു പ്രഖ്യാപിക്കുമെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്തുണ ഇടതുപക്ഷത്തിന് വെള്ളാപ്പള്ളി നൽകുമെന്നാണ് സൂചന. എന്നാൽ ബിഡിജെഎസിന്റെ പിന്തുണ ബിജെപിക്ക് തന്നെയാകും. അതായത് അച്ഛൻ സിപിഎമ്മിനേയും മകൻ ബിജെപിയേയും പിന്തുണയ്ക്കും. ഫലത്തിൽ ബിജെപിക്ക് ഇട്ട് പണികൊടുക്കുകയാണ് വെള്ളാപ്പള്ളി.

ആരെ പിന്തുണയ്ക്കണമെന്നു തീരുമാനിക്കാൻ വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, കൗൺസിൽ അംഗം കെ.ആർ.പ്രസാദ് എന്നിവരടങ്ങുന്ന ഉപസമിതിയെ നിയോഗിച്ചു. മുന്നണി സ്ഥാനാർത്ഥികളുടെ എസ്എൻഡിപി യോഗത്തോടുള്ള നിലപാടും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് സമിതി റിപ്പോർട്ട് നൽകും. ഇടതു മുന്നണിക്ക് അനുകൂലമാകും ഈ തീരുമാനം. ഇത് വെള്ളാപ്പള്ളി പ്രഖ്യാപിക്കും. ബിഡിജെഎസിനും വെള്ളാപ്പള്ളിക്കും ബന്ധമില്ലെന്ന് വിശദീകരിച്ച് തുഷാർ ബിജെപിക്കും പിന്തുണ നൽകും. അങ്ങനെ രണ്ടു വള്ളത്തിൽ ഒരു കുടുംബം കാൽ വയ്‌പ്പ് തുടരും. കേരളത്തിൽ പിണറായിയേയും കേന്ദ്രത്തിൽ ബിജെപിയേയും കൂടെ നിർത്താനുള്ള നീക്കം.

എന്നാൽ ഇതിലെ ചതി ബിജെപി സംസ്ഥാന നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളാപ്പള്ളി പറയുന്നവർക്കേ എസ് എൻ ഡി പി അണികൾ വോട്ട് ചെയ്യൂ. അതുകൊണ്ട് തന്നെ തുഷാറിന്റെ പ്രഖ്യാപനം ബിജെപിക്ക് നേട്ടമുണ്ടാകില്ലെന്നാണ് സൂചന. റിപ്പോർട്ട് പരിഗണിച്ച് എസ്എൻഡിപി യോഗത്തിന്റെ നിലപാട് പ്രഖ്യാപിക്കാൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യോഗം കൗൺസിൽ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയതിനേക്കാൾ പരിഗണന പിണറായി വിജയൻ നൽകിയിട്ടുണ്ടെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇതിൽ നിന്ന് തന്നെ പിന്തുണ പിണറായിക്കാകുമെന്ന് ഉറപ്പാണ്.

ചെങ്ങന്നൂരിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഇപ്പോഴും മുന്നിൽനിൽക്കുന്നത് എൽഡിഎഫ് ആണ്. എൻഡിഎ ആദ്യഘട്ട പ്രചാരണങ്ങളിൽ പിന്നിലായിരുന്നെങ്കിൽ ഇപ്പോൾ യുഡിഎഫിനേക്കാൾ മുന്നിലാണ്. ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കും. ബിഡിജെഎസിന്റെ നിലപാട് എസ്എൻഡിപി യോഗത്തിന്റെ തീരുമാനത്തെ ബാധിക്കില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തതിനാൽ ബിജെപി-ബിഡിജെഎസ് ബന്ധത്തെക്കുറിച്ച് ഒന്നും പറയാനില്ല. എസ്എൻഡിപി യോഗത്തിന്റെ നിലപാട് പ്രഖ്യാപിച്ചാൽ പ്രാവർത്തികമാക്കാൻ ചെങ്ങന്നൂർ, മാവേലിക്കര യൂണിയനുകൾക്കു നിർദ്ദേശം നൽകും. കേന്ദ്രസർക്കാരുമായി എസ്എൻഡിപി യോഗത്തിന് ഇപ്പോഴും അടുത്ത ബന്ധമുണ്ട്.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ, കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കു ശ്രീനാരായണ ഗുരുവിന്റെ പേരു നൽകണമെന്നു മാത്രമാണു കേന്ദ്രത്തോട് എസ്എൻഡിപി യോഗം ആവശ്യപ്പെട്ടത്. ഇതു പരിഗണിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തു നടന്ന ചടങ്ങിൽ പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ, ഇതുവരെയും പ്രഖ്യാപനം നടപ്പാക്കാത്തതിൽ വിഷമമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഇതിനിടെയാണ് മുന്നണിയുടെ ഭാഗമായതിനാൽ എൻഡിഎയ്ക്കു വോട്ട് ചെയ്യണമെന്ന നിർദ്ദേശമാണ് അണികൾക്കു നൽകിയിട്ടുള്ളതെന്നു ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. ബിജെപിയോട് അസംതൃപ്തിയുള്ള അണികൾ വോട്ട് മാറി ചെയ്താൽ നിയന്ത്രിക്കാനാവില്ല. പ്രശ്‌നങ്ങൾ പരിഹരിക്കാതെ ബിഡിജെഎസ് പ്രചാരണത്തിനിറങ്ങില്ല. വരും ദിവസങ്ങളിൽ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും തുഷാർ പറയുന്നു.