ആലപ്പുഴ: ബിജെപി നേതാക്കൾ കാര്യമായി പരിഗണിക്കുന്നില്ലെന്ന വാദമുയർത്തി എൻഡിഎ ബാന്ധവം ഉപേക്ഷിക്കാൻ ബിഡിജെഎസ്. ഇതുസംബന്ധിച്ച് തീരുമാനം എടുക്കാൻ ബിഡിജെഎസ് നേതൃയോഗം ഉടൻ ചേരുമെന്നാണ് സൂചന.

എൻ.ഡി.എ വിട്ടുവരുന്ന ബിഡിജെഎസിനെ യുഡിഎഫിലേക്ക് എം.എം ഹസൻ ക്ഷണിക്കുകയും ഇടതു മുന്നണിയിൽ ചേരണമെന്ന് വെള്ളപ്പാള്ളി നടേശൻ നിർദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നേതൃയോഗം ചേരുന്നത്. യോഗത്തിനു മുന്നോടിയായി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതാക്കളെ സന്ദർശിക്കും.

ഇതിനിടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നണിമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്. വെള്ളാപ്പള്ളിയുടെ ആവശ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും പിണറായി സമ്മതം മൂളിയെന്നാണ് സൂചന. അതേസമയം മുന്നണിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കാര്യമായ വാഗ്ദാനങ്ങൾ നൽകാൻ പിണറായി തയാറായിട്ടില്ല.

ബിഡിജെഎസിന് അത്തരത്തിലൊരു അത്തരത്തിലൊരു ആഗ്രഹമുണ്ടെങ്കിൽ ഇടതു മുന്നണി യോഗം ചേർന്ന് അക്കാര്യം തീരുമാനിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. പിണറായി ബിഡിജെഎസിന്റെ മുന്നണി പ്രവേശനത്തിന് പച്ചക്കൊടി കാണിച്ചതിനെത്തുടർന്നാണ് വെള്ളാപ്പള്ളി നടേശൻ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇതിനിടെ വെള്ളാപ്പള്ളിയോട് അടുപ്പം പുലർത്തുന്ന വലിയൊരുവിഭാഗം നേതാക്കളും ഇടതു മുന്നണിയിൽ ചേരണമെന്ന ആഗ്രഹമുള്ളവരാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ് ഇടതു മുന്നണി നേതാക്കളാരും രംഗത്തെത്താത്തതും ശ്രദ്ധേയമാണ്.

ബിഡിജെഎസിന്റെ മുന്നണിമാറ്റം ചർച്ചയായ സാഹചര്യത്തിൽ വെള്ളാപ്പള്ളിയെയും കൂട്ടരെയും യുഡിഎഫിൽ എത്തിക്കാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ശ്രമമാരംഭിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി ഇടതു മുന്നണിയെന്ന നിലപാടുമായി നിൽക്കുന്ന സാഹചര്യത്തിൽ തുഷാറുമായി നീക്കുപോക്കുണ്ടാക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. എന്നാൽ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാത്ത ഒരു മുന്നണിയുടെ ഭാഗമാകേണ്ടെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. അതുകൊണ്ടുതന്നെ ചെന്നിത്തല നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. ബിഡിജെഎസിനെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ എംഎം ഹസനും രംഗത്തെത്തിയിരുന്നു.

ബിജെപി നേതൃത്വം പറഞ്ഞു പറ്റിച്ചുവെന്നാണു ബിഡിജെഎസിന്റ നിലപാട്. കേന്ദ്ര സർക്കാർ മൂന്നു വർഷം പിന്നിട്ട സാഹചര്യത്തിൽ പദവി കിട്ടിയാലും കാര്യമില്ലെന്ന നിലപാടും മുന്നണി മാറ്റമെന്ന തീരുമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതിനിടെ എൻഡിഎ സംസ്ഥാന ഘടകം യോഗത്തിൽ ബിഡിജെഎസ് ബിജെപിയെ കടുത്തഭാഷയിലാണ് വിമർശിച്ചത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മേൽശാന്തി പ്രശ്‌നത്തിൽ എസ്എൻഡിപിയും ബിഡിജെഎസും ശക്തമായ നിലപാട് എടുത്തപ്പോൾ ബിജെപി സംസ്ഥാന നേതൃത്വം മൗനം പാലിച്ചതിനെതിരെയായിരുന്നു പ്രധാനവിമർശനം.

സി.പി.എം നേതാവ് പ്രതിഭാഹരി എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ ബിജെപി നേതാവ് ഒ. രാജഗോപാൽ മൗനം പാലിച്ചെന്നും വിമർശനം ഉയർന്നു. ഒടുവിൽ പ്രശ്‌നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചെങ്കിലും അസ്വാരസ്യത്തിന് അയവു വന്നില്ല. ഈ സാഹചര്യത്തിലാണ് ഭാവി പരിപാടി തീരുമാനിക്കാൻ ബിഡിജെഎസ് നേതൃയോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ബിഡിജെഎസിനെ അനുനയിപ്പിക്കാൻ പ്രതീഷ് വാസുദേവിനെ മുൻനിർത്തി സംഘപരിവാർ നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയെങ്കിലും മുന്നണിവിടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തില്ലെന്ന പ്രതീക്ഷയാണ് ബിജെപി നേതൃത്വത്തിനുള്ളത്.