ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് മദ്യവ്യവസായിയും ശ്രീനാരായണ ധർമ്മവേദി നേതാവുമായ ഡോ. ബിജു രമേശ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എസ്എൻ കോളേജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന വരുമാനം വെള്ളാപ്പള്ളി വീട്ടിൽ കൊണ്ടു പോകുന്നെന്നും കേരളത്തിലെ ഏറ്റവും വലിയ കള്ളനാണ് വെള്ളാപ്പള്ളിയെന്നുമായിരുന്നും മംഗളത്തിന് നൽകിയ അഭിമുഖത്തിൽ ബിജു രമേശ് ആരോപിച്ചത്. ബിജു രമേശിന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് വെള്ളാപ്പള്ളി മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ബിജുവിന്റെ ആരോപണങ്ങളെ കുറിച്ച് അഭിപ്രായം ആരാഞ്ഞ മറുനാടൻ മലായാളിയോട് ബിജു രമേശിന്റെ ജൽപനങ്ങൾക്ക് മറുപടി പറയാൻ കഴിയില്ല. അയാൾ ഇന്നു പറയുന്നതല്ല പിന്നീട് ആവർത്തിക്കുന്നതെന്നായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചത്. ഇപ്പോൾ ബാർകോഴയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും പണം വാങ്ങിയെന്നാണു ബിജു പറയുന്നത്. നേരത്തെ മാണിക്കുനേരെയായിരുന്നു ആരോപണം. ഒന്നടങ്കം കാശുവാങ്ങിയെങ്കിൽ ലീഗ് മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. കോഴയിൽപ്പെടാത്ത രണ്ടുപേർ ആരൊക്കെയെന്നും വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ് എൻ സ്ഥാപനങ്ങളിലെ നിയമനത്തിൽ അഴിമതിയുണ്ടെങ്കിൽ അത് തെളിയിക്കണം. അല്ലാതെ അഭിമുഖം നൽകിയല്ല അത് പറയേണ്ടത്. നിയമനത്തിലെ സമുദായ സംവരണം നടപ്പിലാക്കാൻ കോളേജ് പ്രിൻസിപ്പൽമാർക്ക് അധികാരം നൽകിയിട്ടുണ്ട്. ഇതു നിരീക്ഷിക്കാൻ മാനേജ്‌മെന്റ് പ്രതിനിധിയുണ്ട്. അഴിമതി നടന്നിട്ടുണ്ടെന്നു തെളിയിച്ചാൽ പ്രിൻസിപ്പലിനെ പുറത്താക്കും- വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ജാതിസ്‌നേഹത്തെയും വിമർശിച്ചു കൊണ്ടും ബിജു രമേശ് രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിക്ക് ജാതിസ്‌നേഹം ഉണ്ടായിരുന്നെങ്കിൽ കോളേജുകളിലെ സീറ്റുകളിൽ ഈഴവർ ആയിരുന്നേനെ പഠിക്കുകയെന്നായിരുന്നു ബിജു രമേശിന്റെ വിമർശനം. കാശുമായി വരുന്നത് നായരായാലും നമ്പൂതിരിയായാലും അവർക്ക് സീറ്റു നൽകുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നുമായിരുന്നു വിമർശനം.

ഈ ആരോപണത്തിന് മറുപടിയായി വെള്ളാപ്പളി പറഞ്ഞത് ഇങ്ങനെയാണ്: ഇയാൾ ധർമ്മവേദിയുടെ പ്രചാരകനായതുക്കൊണ്ട് തനിക്കെതിരെ പ്രവർത്തിക്കുക സ്വാഭാവികം. മംഗളം പത്രം പ്രവർത്തിക്കുന്നത്(ഗോകുലം) ഗോപാലന്റെ പണക്കൊഴുപ്പുകൊണ്ടായതിനാൽ മുഖവിലക്കെടുക്കേണ്ടതില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്റെ എതിർസ്ഥാനാർത്ഥിയായിരുന്നല്ലോ ഗോപാലൻ. ആരോപണത്തിൽ യാതൊരു കഴമ്പുമില്ല- അദ്ദേഹം പറഞ്ഞു.

അടുത്തിടെ ശിവഗിരി തീർത്ഥാടനത്തിന്റെ പേരിൽ വെള്ളാപ്പള്ളിയുടെ മകൻ തുഷാറും ബിജു രമേശും തമ്മിൽ കോർത്തിരുന്നു. മദ്യനയത്തിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ ശിവഗിരി മഠം രംഗത്തെത്തിയപ്പോൾ ശിവഗിരിയെ നിയന്ത്രിക്കുന്നത് ബിജു രമേശ് ആണെന്ന ആരോപണമായിരുന്നു തുഷാർ വെള്ളാപ്പള്ളി ഉന്നയിച്ചത്. ഇതിന് മറുപടിയായി തുഷാർ വെള്ളാപ്പള്ളിക്ക് വിവരമില്ലെന്നും ബിജു രമേശ് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി എസ്എൻഡിപിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ തുഷാർ വെള്ളാപ്പള്ളി ആ സ്ഥാനത്തേക്ക് എത്തുന്നത് തടയാനായി ബിജു രമേശ് കരുക്കൾ നീക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയതെന്നും ആരോപണമുണ്ട്.