തിരുവനന്തപുരം: നവോത്ഥാന മതിലിൽ പങ്കു ചേരാത്ത എൻഎസ്എസ് നിലപാട് മഹാനായ മന്നത്തിനോടുള്ള അനീതിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവർണ്ണർക്ക് വേണ്ടി സവർണ ജാഥ നടത്തിയ ആളാണ് മന്നം. അത് എൻഎസ്എസ് മറക്കരുത്. വനിതാ മതിലിൽ എൻഎസ്എസ് കൂടി ചേരേണ്ടതായിരുന്നു നവോത്ഥാന മതിലിൽ പങ്കു ചേരാതിരുന്നത് എൻഎസ്എസ് സ്വയം കാണിക്കുന്ന ഒരു നീതികേടാണ്-വെള്ളാപ്പള്ളി മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

നവോത്ഥാന മതിലിൽ പങ്കു ചേർന്ന് അതിന്റെ മുൻ നിരക്കാരായി എൻഎസ്എസ് നിൽക്കേണ്ടതായിരുന്നു. പാരമ്പര്യം അതിന് അവരെ നിര്ബന്ധിക്കുന്നുണ്ട്. നവോത്ഥാന മതിലിൽ നിന്നും മാറി നിന്നതോടെ എൻഎസ്എസ് ചരിത്രപരമായ വങ്കത്തരം കാണിച്ചു. എൻഎസ് എസ് ഇങ്ങിനെ മാറി നിൽക്കേണ്ടവർ ആയിരുന്നില്ല. പക്ഷെ മാറി നിന്നതോടെ എൻഎസ്എസ് ചരിത്രപരമായ ഏറ്റവും വലിയ വങ്കത്തരം തന്നെ കാണിച്ചു. മുൻഗാമികളുടെ പാരമ്പര്യത്തിൽ നിന്നും വഴുതിമാറിയാണ് ഇപ്പോഴുള്ള എൻഎസ് എസ് നേതൃത്വത്തിന്റെ പോക്ക്. ചട്ടമ്പി സ്വാമി നവോത്ഥാനത്തിനാണ് പ്രവർത്തിച്ചത്. ആ നവോത്ഥാനത്തിനെതിരെയാണ് ഇപ്പോൾ എൻഎസ്എസ് നിലകൊള്ളുന്നത്.

എൻഎസ്എസിനു ഏറ്റവും കൂടുതൽ ആനുകൂല്യം നൽകിയത് പിണറായി സർക്കാർ ആണെന്നാണ് എൻഎസ്എസ് പറഞ്ഞത്. എസ്എൻഡിപിക്ക് ഈ സർക്കാർ ഒന്നും നൽകിയിട്ടില്ല. എന്നാൽ എൻഎസ്എസിനോ? സാമ്പത്തിക സംവരണം നടപ്പിലാക്കി കൊടുത്തു. മുന്നോക്ക ക്ഷേമത്തിന് കാബിനറ്റ് പദവിയോടെ വകുപ്പ് നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിക്രൂട്ട്‌മെന്റ് ബോർഡ് ഉണ്ടാക്കിക്കൊടുത്തു. സാമ്പത്തിക സംവരണം കേരളത്തിൽ സൃഷ്ടിക്കാൻ കൂട്ടുനിന്നു. ദേവസ്വം ബോർഡിൽ 96 ശതമാനം സംവരണം മുന്നോക്കക്കാർക്കാണ്. അതിനൊപ്പമാണ് സർക്കാർ സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തി നൽകിയത്. എല്ലാം എൻഎസ്എസിനു വേണ്ടിയാണ്.

ജി.സുധാകരൻ ഉണ്ടാക്കിയ ദേവസ്വം ബിൽ ഇടത് സർക്കാർ ദൂരെ കളഞ്ഞില്ലേ? അത് നല്ല ബില്ലായിരുന്നു. അത് ദൂരെക്കളഞ്ഞത് ചങ്ങനാശേരി പറഞ്ഞിട്ടാണ്. ബിൽ നിയമസഭാ സബ് ജക്റ്റ് കമ്മിറ്റിക്ക് ഇട്ടശേഷം ബില്ലിനെ സർക്കാർ കൊന്നുകളഞ്ഞു. ഇതെല്ലാം എൻഎസ്എസ് താത്പര്യം സംരക്ഷിക്കാൻ വേണ്ടിയിട്ടായിരുന്നു. ഇതൊന്നും എൻഎസ്എസ് മറക്കരുത്. ഈ കാര്യങ്ങൾ എല്ലാം സർക്കാർ ചെയ്തത് ആരോടും ആലോചിക്കാതെ എൻഎസ്എസിനോട് മാത്രം ആലോചിച്ചാണ്. എസ്എൻഡിപി ഇപ്പോൾ സർക്കാരിന് അനുകൂലമായി നിൽക്കുന്നത് അത് നവോത്ഥാനം ലക്ഷ്യമാക്കിയുള്ളതിനാലാണ്. അല്ലാതെ സർക്കാരും സിപിഎമ്മുമായി ഒന്നും എസ്എൻഡിപി യോജിച്ച് പ്രവർത്തിക്കാൻ പോകുന്നില്ല.

നവോത്ഥാന മതിൽ പ്രശ്‌നത്തിൽ മാത്രമാണ് സർക്കാരുമായി എസ്എൻഡിപി യോജിക്കുന്നത്. അല്ലാതെ ഒന്നിച്ച്‌പോകാനുള്ള ഒരു തീരുമാനവും എസ്എൻഡിപി കൈക്കൊണ്ടിട്ടില്ല. ശബരിമല പ്രശ്‌നത്തിൽ എസ്എൻഡിപി ഭക്തർക്കൊപ്പമാണ്. ഈ നിലപാടിൽ മാറ്റമില്ല. പണ്ട് ചാതുർവർണ്യം ഉണ്ടായിരുന്നു. ശൂദ്രന്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കണമെന്നു മനുസ്മൃതിയാണ് പറഞ്ഞത്. ഇപ്പോൾ ചാതുർവർണ്യമുണ്ടോ? എല്ലാം പുരോഗമന കാഴ്ചപ്പാടിന്റെ ഫലമായി മാറിപ്പോയതാണ്. കേളപ്പജി ഗുരുവായൂർ സത്യഗ്രഹം നടത്തി. ക്ഷേത്രപ്രവേശനത്തിനും വഴി നടക്കാനും വേണ്ടി ഒരു പാട് സാമൂഹ്യ പരിഷ്‌ക്കരണ സമരങ്ങൾ കേരളത്തിൽ നടന്നു. എസ്എൻഡിപി ഹിന്ദു ഐക്യത്തിന് വേണ്ടി ശ്രമിച്ചു. എന്താണ് അന്ന് എൻഎസ്എസ് പറഞ്ഞത്. എസ്എൻഡിപി ഉള്ളിടത്തോളം ഹിന്ദു ഐക്യത്തിന് ഇല്ലാ എന്നാണ് പറഞ്ഞത്. എന്താണ് ഞാൻ ചെയ്ത തെറ്റ്. എന്നെങ്കിലും അത് അവർ പറഞ്ഞോ? ഞാൻ എന്ന ഭാവമാണ് എൻഎസ്എസിനെ ഭരിക്കുന്നത്. ഇത് എൻഎസ്എസ് ആദ്യം കളയണം.

സമദൂരം പറഞ്ഞു എല്ലാവരെയും വിരട്ടി എല്ലാ ഭരണത്തിൽ നിന്നും ആനുകൂല്യം പറ്റുന്ന രീതിയാണ് എൻഎസ്എസ് പയറ്റിയത്. ഇന്നിപ്പോൾ എൻഎസ്എസ് കളത്തിനു പുറത്താണ്. വിഷപ്പാമ്പിനെ പോലെയാണ് ബിജെപിയെ എൻഎസ് എസ് കണ്ടത്. ഇപ്പോൾ പറയുന്നത് ബിജെപിയേയും സംഘപരിവാറിനെയും ഭയം ഇല്ലാ എന്നാണ്. ബിജെപിയോടും സംഘപരിവാറിനോടും യോജിച്ചാണ് ഇപ്പോൾ എൻഎസ്എസ് നിൽക്കുന്നത്. നവോത്ഥാന മതിലിൽ പിന്നോട്ട് പോയാൽ കാലഘട്ടത്തെ പുറകോട്ട് നീക്കുന്നവനായി മാറും.

എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് ഒപ്പം നിൽക്കുകയാണ്. ഈ ഘട്ടത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ഒപ്പം നിന്നില്ലെങ്കിൽ അത് ശ്രീനാരായണീയ പ്രസ്ഥാനങ്ങളോട് ചെയ്യുന്ന അനീതിയും അക്രമവും ആകും. ശബരിമല പ്രശ്‌നത്തിൽ ഇപ്പോൾ ഒന്നും ചെയ്യാനില്ല. അത് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ മുന്നിലുള്ള പ്രശ്‌നമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനമില്ല പ്രശ്‌നം രാഷ്ട്രീയമാണെന്നും ബിജെപി തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഓരോ കാലഘട്ടത്തിൽ ഓരോ രീതിയിൽ നവോത്ഥാന മുന്നേറ്റങ്ങൾ വരും. ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠ നടത്തി. എസ്എൻഡിപി, സാധുജന പരിപാലനം അങ്ങിനെ നവോത്ഥാന മുന്നേറ്റങ്ങൾ ഒട്ടനവധി വന്നിട്ടുണ്ട്. അത് കോൺഗ്രസും കമ്യൂണിസ്റ്റും ഒക്കെ വരുന്നതിനു മുൻപ് തന്നെ നടന്നതാണ്. രാഷ്ട്രീയം പിടിമുറുക്കിയപ്പോൾ മൂല്യങ്ങൾ നഷ്ടപ്പെട്ടുപോയി. സാമൂഹിക നീതി നഷ്ടപ്പെട്ടു. ജാതിയും മതവും ഒക്കെ ചിന്തിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴും കേരളം ഉള്ളത് അത് മാറ്റേണ്ടതില്ലേ? അതിനാണ് നവോത്ഥാന മതിൽ.-വെള്ളാപ്പള്ളി പറയുന്നു.