- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാൻ പോയത് രാഷ്ട്രീയ നേതാവിനെ അല്ല, ഇന്ത്യൻ പ്രധാനമന്ത്രിയെ; രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചില്ലെന്നു വെള്ളാപ്പള്ളി; തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് അംഗമായി പോലും മത്സരിക്കില്ല; സംവരണപ്രശ്നത്തിൽ ആശങ്ക വേണ്ടെന്നു പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി
ന്യൂഡൽഹി: സംവരണത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയെന്നു വെള്ളാപ്പള്ളി നടേശൻ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാര്യങ്ങളൊന്നും ചർച്ചയിൽ സംസാരിച്ചില്ല എന്ന വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. കാണാൻ പ

ന്യൂഡൽഹി: സംവരണത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയെന്നു വെള്ളാപ്പള്ളി നടേശൻ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കാര്യങ്ങളൊന്നും ചർച്ചയിൽ സംസാരിച്ചില്ല എന്ന വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. കാണാൻ പോയത് വെറും ഒരു രാഷ്ട്രീയ നേതാവിനെ അല്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയെയാണെന്നും കൂടിക്കാഴ്ച ശുഭകരമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് അംഗമായിപ്പോലും മത്സരിക്കാനില്ല. കേന്ദ്ര സർക്കാരിന്റെ വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ തുടങ്ങണമെന്നു മോദിയോട് ആവശ്യപ്പെട്ടു. ഭൂപരിഷ്‌കരണ നിയമങ്ങളുടെ പശ്ചാത്തലത്തിൽ, വീടും സ്ഥലവും ഇല്ലാത്ത പാവങ്ങൾക്ക് വീടും സ്ഥലവും കൊടുക്കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആർ ശങ്കർ പ്രതിമ അനാച്ഛാദനത്തിനായി ഡിസംബറിൽ കേരളത്തിൽ എത്താമെന്നു പ്രധാനമന്ത്രി അറിയിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു. സ്വന്തം പാർട്ടിയുണ്ടാക്കുന്നതിനെപ്പറ്റിയുള്ള ഒരു തീരുമാനവും നാളിതുവരെ ആലോചിച്ചിട്ടില്ല. എസ്എൻഡിപി യോഗം ഒരു പാർട്ടിയുണ്ടാക്കില്ല. യോഗത്തിനുള്ളിൽ എല്ലാ പാർട്ടിയിലും ഉള്ള അംഗങ്ങളുണ്ട്. അവർ ആലോചിച്ച് ഒരു പാർട്ടിയുണ്ടാക്കണം എന്നു തീരുമാനിച്ചാൽ ഞങ്ങൾ എതിരു നിൽക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും പങ്കെടുത്തു.
വെള്ളാപ്പള്ളി നടേശനെ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനോട് വിയോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമസഭാ പ്രചാരണം വെള്ളാപ്പള്ളി നയിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് വിലകൽപിക്കുന്നില്ലെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞത്. ബിജെപിയിൽ തന്നെ ഇക്കാര്യത്തിൽ ഭിന്നതയുണ്ടെന്നു തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും പ്രസ്താവന.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചു ചോദിച്ചപ്പോഴാണു പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനില്ലെന്നു വെള്ളാപ്പള്ളി പറഞ്ഞത്. അതേസമയം, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ എസ്എൻഡിപി കൂട്ടായ തീരുമാനമെടുക്കുമെന്നാണു വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോടു പറഞ്ഞത്.

