കോഴിക്കോട്: കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിക്കുമെന്നാണ് അവിടെനിന്ന് കിട്ടുന്നവിവരങ്ങളെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.സജി ചെറിയാൻ അടുത്ത സുഹൃത്താണെന്നും തങ്ങൾ തമ്മിൽ 18 വർഷത്തെ പരിചയമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.പീപ്പിൾ ടിവിയിലെ പോസ്റ്റ് പോൾ സർവെ പരിപാടിയിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.

യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഡി.വിജയകുമാറിനെ താൻ കണ്ടിട്ടു പോലുമില്ല. ചെങ്ങന്നൂരിൽ നിർണായകമാവുക ദളിത്, ഈഴവ വോട്ടുകളാണ്.ബി.ജെ.ഡി.എസിന്റെ തീരുമാനമല്ല എസ്്.എൻ.ഡി.പിയുടേത്. എങ്ങനെ വോട്ടു ചെയ്യമെന്ന് എസ്.എൻ.ഡി.പി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതോടെ എസ് എൻ ഡി പിയുടെ വോട്ട് സജി ചെറിയാനാണെന്ന പരോക്ഷ സൂചനയാണ് വെള്ളാപ്പള്ളി നൽകുന്നത്. നേരത്തെ സഹകരിച്ചവരെ തന്നെ തിരിച്ചു സഹായിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. മൈക്രോ ഫിനാൻസ് കേസിൽ ഉൾപ്പടെ പിണറായി സർക്കാർ വെള്ളാപ്പള്ളിയോട് അനുഭാവപരമായാണ് ഇടപെട്ടതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം

ആർക്കാണ് വോട്ടു ചെയ്‌തെന്ന് പറയാൻ സാധിക്കില്ലന്നെും മനസ് തുറന്നാൽ വോട്ടിന്റെ രഹസ്യസ്വഭാവം പോകുമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ സ്ഥാനാർത്ഥികളുടെയും മുഖത്ത് ഇന്ന് ചിരിയാണെന്നും ആര് കരയുമെന്ന് നാളെ അറിയാം.'സാധുവായ കുമ്മനം രാജശേഖരനെ മിസോറാമിലേക്ക് പറഞ്ഞ് വിട്ടത് നന്നായി. അദ്ദേഹം രക്ഷപ്പെട്ടു. മിസോറോമിൽ അദ്ദേഹം സ്വസ്ഥമായി ഇരിക്കട്ടെ.-വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയോട് തനിക്കുള്ള സമീപനമാണ് വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. ബിജെപി മുന്നണിയുമായി സഹകരിച്ചിട്ടും ബിഡിജെഎസിന് അർഹതപ്പെട്ടതൊന്നും കിട്ടിയില്ലെന്ന പരാതി വെള്ളാപ്പള്ളി ഉയർത്തിയിരുന്നു. ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് പിടിച്ച വെള്ളാപ്പള്ളിയെ എൻഡിഎ ക്യാമ്പിൽ നിന്ന് അകറ്റിയത്.

ജാതി-മത-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എസ് എൻ ഡി പി യോഗത്തെ സ്നേഹിക്കുകയും യോഗത്തോട് കൂറുപുലർത്തുകയും യോഗ നിലപാടുകളോട് സഹകരിക്കുന്നതുമായ സ്ഥാനാർത്ഥിയെ തിരിച്ചറിഞ്ഞ് സഹായിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കാൻ യൂണിയനുകൾക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചതായി വെള്ളാപ്പള്ളി നേരത്തെ തന്നെ അറിയിച്ചിരുന്നു. രണ്ട് യൂണിയനുകളാണ് ചെങ്ങന്നൂർ മണ്ഡലത്തിലുള്ളത്. ചെങ്ങന്നൂർ യൂണിയനും മാവേലിക്കര യൂണിയനിലെ ഒരു പഞ്ചായത്തും. സമുദായത്തോട് കൂറുപുലർത്തുകയും സഹായിക്കുകയും നാളെ സഹായിക്കുമെന്ന് ഉറപ്പുള്ളതുമായ സ്ഥാനാർത്ഥിക്ക് സമുദായംഗങ്ങൾക്ക് വോട്ടുചെയ്യാം- വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് വോട്ടെണ്ണലിന്റെ തലേ ദിവസം വെള്ളാപ്പള്ളി വിശദീകരണം നൽകുന്നത്.

ഇതിന് അണികൾക്ക് നിർദ്ദേശം നൽകാൻ യൂണിയനുകളെ ചുമതലപ്പെടുത്തിയിട്ടുള്ളതായും വെള്ളാപ്പള്ളി അറിയിച്ചിരുന്നു. മനഃസാക്ഷി വോട്ടിനുള്ള നിർദ്ദേശമല്ല പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ഈഴവ വിഭാഗവും പട്ടികജാതി-പട്ടികവർഗ വിഭാഗവുമാണെന്ന നിലപാടിലാണ് എസ് എൻ ഡി പി.