തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോഫിനാൻസ് പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ നൽകിയ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഈ മാസം 20ന് വിധി പറയും. പദ്ധതിയുടെ മറവിൽ 80 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായുള്ള രഹസ്യ റിപ്പോർട്ടും വിജിലൻസ്, കോടതിയിൽ സമർപ്പിച്ചു. സീൽ ചെയ്ത കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പിന്നാക്ക വികസന വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥർക്കും ക്രമക്കേടിൽ പങ്കുണ്ടെന്നും വിജിലൻസ് പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ഫിനാൻസ് കോ ഓർഡിനേറ്റർ കെ.എം. മഹേശൻ, പിന്നാക്ക വികസന കോർപറേഷൻ മുൻ എം.ഡി എൻ. നജീബ് എന്നിവരെ പ്രതികളാക്കി കേസെടുക്കണമെന്നാണ് വി.എസിന്റെ ആവശ്യം. 2003 മുതൽ 2015 വരെയുള്ള കാലയളവിൽ മൈക്രോഫിനാൻസിലൂടെ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വി.എസിന്റെ ആരോപണം. രഹസ്യ പരിശോധനയുടെ അടിസ്ഥാനത്തിൽ പിന്നാക്ക വികസന കോർപറേഷൻ മുൻ എം.ഡി എൻ. നജീബിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്‌തെങ്കിലും വിരമിച്ചതിനാൽ നടപ്പാക്കാനായില്ലെന്നും നേരത്തെ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

80 ലക്ഷം രൂപയുടെ തട്ടിപ്പിന് കണക്കുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മൈക്രോ ഫിനാൻസിൽ അന്വേഷണം തുടരാൻ വിജിലൻസിനോട് കോടതി ആവശ്യപ്പെടുമെന്നാണ് സൂചന. 2013-14 കാലാവധിയിൽ മൈക്രോഫിനാൻസിൽ നടത്തിയ ഇടപാടുകളിൽ പിന്നാക്ക വികസന കോർപറേഷൻ പരിശോധന നടത്തിയിട്ടില്ല. പിന്നാക്ക വികസന കോർപറേഷൻ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയർന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും ഇല്ലാത്ത ആളുകളുടെ പേരിൽ പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.

അതേസമയം, മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിക്കുന്നത്. കേസിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ട്. വിഷയത്തെ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മൈക്രോഫിനാൻസ് തട്ടിപ്പിൽ എസ്.എൻ.ഡി.പി യൂണിയന് എതിരെ ആദ്യ എഫ്.ഐ.ആർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. പണം വകമാറ്റിചെലവഴിച്ചതിനും പലിശയ്ക്ക് നൽകിയതിനും ആണ് പത്തനംതിട്ട യൂണിയന് എതിരെ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റും കെപ്‌കോ ചെയർമാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2007 മുതൽ 2011 വരെ മൈക്രോഫിനാൻസിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരായിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന് വി എസ് ഹർജിയുമായി കോടതിയിൽ എത്തിയത്. നേരത്തെ ഈ കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതായി വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. വിജിലൻസ് കോടതിയിൽ നൽകുന്ന റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ ഏത് സമയവും വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.