- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീരൻ കോൺഗ്രസിന്റെ ശവക്കല്ലറ തോണ്ടുന്നു; രാഷ്ട്രീയ വിരോധം തീർക്കാൻ പൊലീസിനെ കരുവാക്കി; ആലുവ പ്രസംഗത്തിൽ കേസെടുത്തത് പൊലീസ് സമ്മർദ്ദത്തിന് വഴങ്ങി; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ; വിദ്വേഷ പ്രസംഗക്കേസിൽ പൊലീസിന് മൊഴി നൽകി; എസ്എൻഡിപി നേതാവിന് ജാമ്യവും കിട്ടി
ആലുവ: വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യം. ഹൈക്കോടതി നിർദ്ദേശ പ്രകാരം വെള്ളാപ്പള്ളി ഇന്ന് ആലുവ സി.ഐയ്ക്കു മുന്പാകെ ഹാജരായി. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ പൊലീസ് ഹാജരാക്കി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമായിരുന്നു ഇത്. കോടതി ജാമ്യവും അനുവദിച്ചു. താൻ വിദ്

ആലുവ: വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യം. ഹൈക്കോടതി നിർദ്ദേശ പ്രകാരം വെള്ളാപ്പള്ളി ഇന്ന് ആലുവ സി.ഐയ്ക്കു മുന്പാകെ ഹാജരായി. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ പൊലീസ് ഹാജരാക്കി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമായിരുന്നു ഇത്. കോടതി ജാമ്യവും അനുവദിച്ചു.
താൻ വിദ്വേഷം നടത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ലെന്ന് വെള്ളാപ്പള്ളി കോടതിയെ അറിയിച്ചു. വ്യക്തിവിരോധം തീർക്കുന്നതിന് വേണ്ടി പൊലീസിനെ സർക്കാർ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ലെന്നും സർക്കാറിനെ വിമർശിക്കുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി നടേശൻ പൊലീസിന് മൊഴി നൽകി. നൗഷാദിന് നൽകിയതു പോലുള്ള സഹായം എല്ലാവർക്കും നൽകണമെന്നാണ് പറഞ്ഞത്. അല്ലാതെ മതവിദ്വേഷം ഉണ്ടാക്കുകയായിരുന്നില്ല ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിദ്വേഷ പ്രസംഗക്കേസിൽ ഈ മാസം പത്തിനു മുന്പ് ഹാജരാവാനായിരുന്നു ഹൈക്കോടതി വെള്ളാപ്പള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് നിർദ്ദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ആലുവ സിഐയ്ക്ക് മുന്നിൽ വെള്ളാപ്പള്ളി എത്തിയത്. ആലുവ സി.ഐക്ക് മുന്നിൽ ഹാജരായ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളി, എ.എൻ രാജൻ ബാബു അടക്കമുള്ള എസ്.എൻ.ഡി.പിയുടെ പ്രമുഖ നേതാക്കൾ വെള്ളാപ്പള്ളിയോടൊപ്പം ഉണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വെള്ളാപ്പള്ളിയെ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ജാമ്യം കിട്ടിയശേഷം തനിക്കെതിരെ അനീതി നടന്നുവെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. താൻ സാമുദായികമത സ്പർധ വളർത്തുന്ന തരത്തിൽ പ്രസംഗിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നീതി എല്ലായിടത്തും ഒരുപോലെ നടപ്പാകണം എന്നാണ് താൻ ഉദ്ദേശിച്ചത്. നൗഷാദിന്റെ മരണത്തിൽ എല്ലാവർക്കും ദു;ഖമുണ്ട്. എന്നാൽ നൗഷാദിനെ പോലെ മരണപ്പെട്ടവർക്കും ഒരുപോലെ സഹായത്തിന് അർഹതയുണ്ട്. അത് ലഭിക്കണം എന്നാണ് താൻ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി എം.സുധീരനേയും വെള്ളാപ്പള്ളി വിമർശിച്ചു. കോൺഗ്രസിന്റെ ശവക്കല്ലറ സുധീരൻ പണിതു കൊണ്ടിരിക്കുകയാണെന്നായിരുന്നു വിമർശനം.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എന്നെങ്കിലും രക്ഷപ്പെടുമെന്ന് കരുതുന്നില്ല. അധികാരം ഉപയോഗിച്ച് സുധീരൻ തന്നെ തേജോവധം ചെയ്യുകയാണ്. കോൺഗ്രസ് ഇപ്പോൾ രണ്ടല്ല, മൂന്നാണ്. സുധീരന്റെ നേതൃത്വത്തിലാണ് മൂന്നാം ഗ്രൂപ്പെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ വിരോധം തീർക്കാൻ പൊലീസിനെ കരുവാക്കുകയാണ്. പൊലീസ് തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്ന് കരുതുന്നില്ല. സുധീരനെ പോലുള്ളവർ പരാതി നൽകിയതിനെ തുടർന്ന് മുകളിലുള്ളവരുടെ ഉത്തരവ് അനുസരിച്ച് പൊലീസ് പ്രവർത്തിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിദ്വേഷ പ്രസംഗത്തിൽ ജാമ്യം അനുവദിക്കാത്ത വകുപ്പനുസരിച്ചായിരുന്നു വെള്ളാപ്പള്ളിക്കെതിരെ കേസ് ചാർജ് ചെയ്തിരുന്നത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 25,000 രൂപയുടെ ബോണ്ടിലും രണ്ട്‌പേരുടെ ആൾജാമ്യത്തിലും ഇന്ന് തന്നെ വെള്ളാപ്പള്ളിക്ക് ജാമ്യം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.പി.സി സെക്ഷൻ 153 എ പ്രകാരമാണ് കേസെടുത്തത്. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
കോഴിക്കോട്ട് മാൻഹോളിൽ അകപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടമായ നൗഷാദ് എന്ന യുവാവിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് സൂചിപ്പിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. മുസ് ലിം ആയതുകൊണ്ടാണ് നൗഷാദിന് സഹായം ലഭിച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ഇതിന് ശേഷം ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിലും വെള്ളാപ്പള്ളി ഇക്കാര്യം ആവർത്തിച്ചു. എന്നാൽ ഇതിൽ മതവിദ്വേഷം ഇല്ലെന്നും സർക്കാരിനെതിരായ വിമർശനമാണെന്നും വെള്ളാപ്പള്ളിക്ക് ജാമ്യം അനുവദിക്കവേ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

