ആലപ്പുഴ : വി എസ് അച്യുതാനന്ദനു മുഴുത്ത ഭ്രാന്താണെന്ന് വെള്ളാപ്പള്ളി. പ്രായാധിക്യം അയാളെ കൂടുതൽ ബാധിച്ചിട്ടുണ്ട്. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളി വി എസ്സിനോടുള്ള അമർഷം വീണ്ടും വ്യക്തമാക്കിയത്.

തനിക്കെതിരെ മൈക്രോഫിനാൻസ് കേസിൽ ഇയാൾ കക്ഷിചേർന്നാൽ എനിക്കെന്താ. ഒരു ചുക്കും സംഭവിക്കില്ല. അയാളുടെ വിചാരം ഞാൻ പിണാറായി വിജയനെ കണ്ടത് മൈക്രോഫിനാൻസ് വിഷയം സംസാരിക്കാനാണെന്നാണ്. അയാൾക്ക് വട്ടാണ്. ഇപ്പോഴും വീണ്ടും പദവി പിടിച്ചുവാങ്ങി കയറിയിരിക്കുകയാണ്. എന്തുകാര്യത്തിനാണ്? ജനങ്ങൾക്ക് ഉപകാരം ചെയ്യാനല്ല. മറിച്ച് സമൂഹത്തിലെ മാന്യമാരെ അവഹേളിക്കാനും വെട്ടിലാക്കാനുമാണ് പദവി ഉപയോഗിക്കുന്നത്. വി എസ് എന്തെങ്കിലും ഉപകാരപ്രദമായ കാര്യങ്ങൾ എവിടെയെങ്കിലും ചെയ്തിട്ടുണ്ടോ? വെള്ളാപ്പള്ളി ചോദിച്ചു.

സ്വന്തം പാർട്ടിക്കു തന്നെ തലവേദനയായ ഇയാളെ പാർട്ടി ചുമക്കുകയാണ്. ഇയാൾ ഇതിനു മുമ്പ് പലർക്കുമെതിരെ കേസ് നൽകിയിട്ടുണ്ട്. അവിടെയും തെളിവുമായി പോയിട്ടുണ്ട്. യാതൊരു ഗുണവും ഉണ്ടായില്ല. ഇയാൾ ഏറ്റവും കൂടുതൽ എതിർത്ത ബാലകൃഷ്ണപിള്ള ഇന്ന് എൽ ഡി എഫിന്റെ ഭാഗമാണ്. ഇയാൾ പറയുന്ന വാക്കുകളും നിലപാടുകളും പാർട്ടി അംഗീകരിക്കില്ല. മാത്രമല്ല ഇയാൾ നടത്തുന്ന കേസുകളുടെ ചെലവിനുള്ള പണം കൈയിലെ പണമാണോ? സർക്കാർ ഖജനാവിൽനിന്നാണ്.

ഇത്രയും പണം നൽകി കേസുകൾ നടത്താൻ ഇയാൾക്ക് പണം എവിടെനിന്നാണ്. അധികാരം പിടിച്ചുവാങ്ങുന്നതുതന്നെ കേസു നടത്താനാണ്. കേസു നടത്താനായി ഒരു ഭരണാധികാരിയെ കേരളത്തിന് ആവശ്യമില്ല. താൻ് കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുന്നതിന് വി എസ്സിന്റെ അനുവാദം ആവശ്യമുണ്ടോ. പിന്നെ ഇയാളെ കാണുന്നതെന്തിന്? ഇതിനു മുമ്പ് ഇയാൾ എന്നെ വന്നു കണ്ടിട്ടുണ്ട്. അതുപറയുന്നില്ല. ഞാൻ മുഖ്യമന്ത്രിയെ കണ്ടത് മൈക്രോഫിനാൻസ് കേസ് സംസാരിക്കാനല്ല. മറിച്ച് കോളജുകളുടെ പ്രവർത്തനത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പോയതാണ്. ഇതിനായുള്ള മെമോറാണ്ടം മുഖ്യമന്ത്രിയെ ഏൽപ്പിക്കുകയും ചെയ്തു.

മൈക്രോഫിനാൻസ് കേസ് സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യേണ്ട ആവശ്യമെനിക്കില്ല. കേസ് കോടതിയിൽ നിലനിൽക്കുന്നതാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കോ തനിക്കോ ഇതിൽ ഇടപെടാൻ കഴിയില്ല. കേസ് കേസിന്റെ വഴിക്കു പോകും. അതിൽ വി എസ് വേവലാതിപ്പെടേണ്ടതില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാനുള്ള അവകാശം ഈ സംസ്ഥാനത്തുള്ള മുഴുവൻ ജനങ്ങൾക്കുമുണ്ട്. മറിച്ച് വി എസ്സിന് പിണറായിയെ കാണാൻ ബുദ്ധിമുട്ടുണ്ടായിരിക്കും. അതുമായി തനിക്ക് ബന്ധമില്ല. ഏതായാലും പിണറായിയെ കാണാൻ തനിക്ക് യാതൊരു തടസവുമില്ലെന്നും വെള്ളാപള്ളി പറഞ്ഞു. ഈഴവനായിട്ടും ഈഴവന് ഗുണം ചെയ്യാത്ത ഇയാളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

അതേസമയം വെള്ളാപ്പള്ളിക്കെതിരെ വ്യക്തമായി തെളിവുകൾ തന്റെ പക്കലുണ്ടെന്ന് വി എസ് ഒരു സ്വകാര്യചടങ്ങിൽ വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളി ഈഴവ സമൂഹത്തിലെ മുഴുവൻ സ്ത്രീകളെയും പറ്റിച്ചതായാണ് വി എസ് ആരോപിച്ചിട്ടുള്ളത്. മൈക്രോഫിനാൻസ് കേസിൽ പെട്ടിട്ടുള്ള മുൻ എം ഡിക്ക് പുനർ നിയമനം നടത്തിയതിനും തന്റെ കൈയിൽ തെളിവുണ്ടെന്ന് വി എസ് പരസ്യമായി പറഞ്ഞിട്ടുണ്ട്. വെള്ളാപ്പള്ളി ഇ്പ്പോൾ മുഖ്യമന്ത്രിയെ കാണുന്നത് മൈക്രോഫിനാൻസ് തട്ടിപ്പിൽ ഊരിപോകാൻ എന്തെങ്കിലും സഹായം ലഭിക്കുമോയെന്നറിയാനാണ്. മൂഖ്യമന്ത്രിയെ കണ്ടാൽ എന്തെങ്കിലും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് വെള്ളാപ്പള്ളി പിണറായിയെ കാണുന്നത്.

എന്നാൽ തന്റെ കൈയിൽ വ്യക്തമായ തെളിവുകൾ കേസിൽ കക്ഷി ചേർന്ന് ഉടൻ നൽകുമെന്നും വി എസ് മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പറഞ്ഞിരുന്നു.