ന്യൂഡൽഹി: ബിഡിജെഎസ് രൂപീകരണത്തിന്റെ ഒന്നാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനായി അങ്കമാലിയിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണാൻ വെള്ളാപ്പള്ളി നടേശൻ എത്തില്ല. ബിഡിജെഎസ് പാർട്ടി പ്രഖ്യാപിച്ചത് വെള്ളാപ്പള്ളിയാണ്. എന്നാൽ മൈക്രോ ഫിനാൻസ് കേസുകളിൽ കുടുങ്ങിയതോടെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി പതിയെ പിന്നിലേക്ക് പോയി. എങ്ങനേയും മുഖ്യമന്ത്രി പിണറായി വിജയനെ അടുപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് അമിത് ഷായെ കാണാൻ പോലും വെള്ളാപ്പള്ളി പോകാത്തത്.

അമിത് ഷാ ഇന്നു ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പു സീറ്റു വിഭജനം ചർച്ച ചെയ്യും. ബിഡിജെഎസ് ഏഴു ലോക്‌സഭാ സീറ്റുകൾ ആവശ്യപ്പെടും. കഴിഞ്ഞ ഒരു വർഷത്തിനിടെ ബിഡിജെഎസ് സംഘടനാ സംവിധാനം വിപുലീകരിച്ചതിനെക്കുറിച്ചുള്ള അവതരണവും അമിത് ഷായ്ക്കു മുന്നിലുണ്ടാകും. ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, എൻഡിഎ സംസ്ഥാന ഉപാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംപി എന്നിവരുമായും ലോക്‌സഭാ തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകളെക്കുറിച്ചു ചർച്ച ചെയ്യും.

ബിഡിജെഎസ് സ്ഥാപകൻ വെള്ളാപ്പള്ളി നടേശന്റെ അസാന്നിധ്യം പാർട്ടിയുടെ ആദ്യ വാർഷിക സമ്മേളനത്തിൽ ചർച്ചയാകുന്നുണ്ട്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അസാന്നിധ്യം ബിഡിജെഎസിന്റെ രാഷ്ട്രീയതന്ത്രത്തിലെ മാറ്റമാണെന്ന വിശദീകരണമാണു പാർട്ടി നേതൃത്വത്തിന്റേത്. എന്നാൽ പിണറായിയെ ഭയന്നാണ് വരാത്തതെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. കേസുകളിൽ നിന്ന് തലയൂരാനുള്ള തന്ത്രമാണിതെന്നും പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മാവേലിക്കര, തൃശൂർ, പാലക്കാട് സീറ്റുകളാണു ബിഡിജെഎസ് നോട്ടമിടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പു സീറ്റു വിഭജന ചർച്ചയിൽ ബിഡിജെഎസിനുണ്ടായ തന്ത്രപരമായ പാളിച്ചകൾ കാരണമാണ് നേരത്തെ ലോക്‌സഭാ സീറ്റുകൾ ചോദിക്കുന്നത്. ബിഡിജെഎസ് ആവശ്യപ്പെട്ട പല സീറ്റുകളും ബിജെപി നേതാക്കൾ സ്ഥാനാർത്ഥിത്വ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന വാദമുന്നയിച്ചാണു നിഷേധിച്ചത്. ആവശ്യപ്പെടുന്ന സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മൽസരിക്കാതെ പുറത്തുനിന്നു പിന്തുണയ്ക്കാമെന്ന കർശന നിലപാടാകും ബിഡിജെഎസ് കൈക്കൊള്ളുക. കേന്ദ്ര സർക്കാരിന്റെ ബോർഡുകളിലും കോർപറേഷനുകളിലും ബിഡിജെഎസിനു വാഗ്ദാനം ചെയ്തിരുന്ന പദവികൾ ലഭിക്കാൻ വൈകുന്നതിലുള്ള അതൃപ്തിയും അമിത് ഷായെ അറിയിക്കും.

കാസർകോട് കേന്ദ്ര സർവകലാശാലയ്ക്കു ശ്രീനാരായണ ഗുരുവിന്റെ പേരു നൽകുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല. ഇത്തരം വാഗ്ദാന ലംഘനങ്ങൾ എൻ ഡി എയുടെ സാധ്യതകളെ ബാധിക്കുമെന്ന അഭിപ്രായമാണ് ബിഡിജെഎസിനുള്ളത്.