തിരുവനന്തപുരം: എസ്എൻ ട്രസ്റ്റിന്റെ കീഴിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ അഴിമതിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഇന്നലെയാണ് ആഞ്ഞടിച്ച് രംഗത്തെത്തിയത്. ഇതോടെ മാദ്ധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ ഈ വിഷയത്തിലേക്കായി. നടേശന് സ്വിസ് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നാണ് വി എസ് ഉന്നയിച്ച ആക്ഷേപം. ഇതോടെ ഇന്നലെ മാതൃഭൂമി ന്യൂസ് ചാനലിലും ഈ വിഷയമായിരുന്നു പ്രധാന ചർച്ചയായത്. ഇന്നലെ മാതൃഭൂമിയുടെ ഒമ്പതു മണി ചർച്ചയിൽ വിഷയത്തിൽ ലൈവായി ചർച്ചയിൽ പങ്കെടുക്കാൻ വെള്ളാപ്പള്ളിയും രംഗത്തു വന്നിരുന്നു. എന്നാൽ, അവതാരകൻ വേണുവിന്റെ ഭാഗത്തു നിന്നും ചോദ്യശരങ്ങൾ ഒന്നൊന്നായി എത്തിയതോടെ മറുപടി പറയാൻ ഇല്ലാതെ വെള്ളാപ്പള്ളി ഇറങ്ങിപ്പോയി.

വെള്ളാപ്പള്ളി കള്ളപ്പണക്കാരനാണോ എന്ന ചോദ്യത്തോടെയായിരുന്നു മാതൃഭൂമിയുടെ സൂപ്പർ പ്രൈം ടൈം ഇന്നലെ ചർച്ച തുടങ്ങിയത്. വേണുബാലകൃഷ്ണനായിരുന്നു ചർച്ച നയിച്ചത്. ചർച്ചയുടെ തുടക്കം മുതലേ വെള്ളാപ്പള്ളിയെ ആക്രമണോത്സുക ചോദ്യങ്ങൾ കൊണ്ടാണ് വേണു ബാലകൃഷ്ണൻ നേരിട്ടത്. വെള്ളാപ്പള്ളി കള്ളപ്പണക്കാരനോ എന്ന വിഷയമാണ് സൂപ്പർ ടൈം ഇന്നലെ ചർച്ച ചെയ്തത്. എന്നാൽ, അവതാരകൻ വേണുവിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാതെ നിഷേധാത്മക നിലപാടായിരുന്നു വെള്ളാപ്പള്ളി ചർച്ചയിൽ ഉടനീളം സ്വീകരിച്ചത്.

ചർച്ച തുടങ്ങി ഏകദേശം എട്ടു മിനിറ്റുകൾക്ക് ശേഷം വേണുവിനെ കൊള്ളാരുതാത്തവൻ എന്ന അഭിസംബോധനയോടെ ചർച്ചയിൽനിന്ന് വെള്ളാപ്പള്ളി ഇറങ്ങി പോകുകയായിരുന്നു. 1999 ലെ ബിജെപി സർക്കാർ ഭരിക്കുമ്പോൾ താങ്കളുടെ വീട് റെയിഡ് ചെയ്തത് എന്തിനായിരുന്നു? വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ താങ്കൾക്ക് പിഴയിട്ടില്ലെ? താങ്കൾ പിന്നീട് അത് 4 കോടി ആക്കി ഒതുക്കിയില്ലേ? ഈ ചോദ്യങ്ങളാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്.

വി എസ് അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റതിനെക്കുറിച്ചും വിഎസിന്റെ ഉയർച്ച താഴ്‌ച്ചകളെക്കുറിച്ചും താങ്കൾക്ക് സംസാരിക്കാമെങ്കിൽ താങ്കളുടെ ഭൂതകാലത്തെക്കുറിച്ച് ചോദ്യങ്ങളും ചോദിക്കാമെന്ന വേണുവിന്റെ വാദത്തിന് ചാനൽ കസേരയിൽ വിളിച്ചിരുത്തി പോസ്റ്റ്‌മോർട്ടം ചെയ്യുകയാണോ നീയൊക്കെ ചെയ്യുന്നത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

കൂടാതെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എസ്എൻ ട്രസ്റ്റിന് കീഴിൽ ഒരു പ്യൂണിനെ പോലും നിയമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറയുക ഉണ്ടായി. ഈ വാദത്തെയും വേണു ചർച്ചക്കിടെ ഖണ്ഡിച്ചു. ഇതോടെയാണ് ഉത്തരം മുട്ടിയാണ് വെള്ളാപ്പള്ളി വേണുവിനെ തെറിപറഞ്ഞ് ചാനലിൽ നിന്നു ഇറങ്ങിപ്പോയത്. ബിജെപി നേതാവ് ശ്രീധരൻ പിള്ള, എസ്എൻ ട്രസ്റ്റിന്റെ മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. വെള്ളാപ്പള്ളി ഇറങ്ങിപ്പോയെങ്കിലും തുടർന്നു വേണു ചർച്ച മുന്നോട്ടു കൊണ്ടുപോകുകയായിയിരുന്നു.

 

നടേശൻ മുതലാളി ചാനൽ സ്റ്റുഡിയോയിൽനിന്നും മറുപടി ഇല്ലാതെ ഓടുന്നു ..

Posted by വാസ്തവം on Wednesday, September 30, 2015