സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ വിവരങ്ങൾ കൈമാറരുതെന്നുള്ള ഐ.ടി. മന്ത്രാലയത്തിന്റെ സർക്കുലർ പലരും എന്തോ വലിയ സംഭവമായാണ് അവതരിപ്പിക്കുന്നത്. പ്രസിദ്ധ ഹോളിവുഡ് സിനിമയായ 'എനിമി ഓഫ് ദ സ്റ്റെയിറ്റ്'-ൽ വിൽ സ്മിത്ത് അണ്ടർവെയറിൽ ഓടുന്ന സീൻ കണ്ടിട്ടുള്ളവർക്ക് ഈ സ്വകാര്യത ഒന്നും വലിയ സംഭവം അല്ലെന്നുള്ള കാര്യം നല്ലതുപോലെ തന്നെ അറിയാം. അമേരിക്കയുടെ National Security Agency (NSA) - ക്ക് ഏക്കർ കണക്കിന് കമ്പ്യൂട്ടർ ശൃംഖല ഉണ്ടെന്നാണ് പറയപ്പെടുന്നത്.

അമേരിക്കയിലെ എൻ.എസ്.എ. ഈ ഏക്കർ കണക്കിനുള്ള കമ്പ്യൂട്ടർ ശൃംഖല ഉപയോഗിച്ച് ഫോൺ വഴിയും, ഉപഗ്രഹങ്ങളിലും, ഹെലികോപ്റ്ററിൽ കൂടിയുമൊക്കെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ട്. നാഷണൽ സെക്യൂരിറ്റി ഏജൻസിയിലെ ഒരാൾ തന്റെ സ്വാർത്ഥ താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, വിൽ സ്മിത്ത് അതിന് എതിര് നിൽക്കുന്നതുമാണ് 'എനിമി ഓഫ് ദ സ്റ്റെയിറ്റ്'-ലെ പ്രമേയം. എൻ.എസ്.എ യിൽ ജോലി ചെയ്യുന്നയാൾ ഏജൻസിയുടെ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തുമ്പോഴാണ് വിൽ സ്മിത്തിന് തുണിയും ഷൂസുമെല്ലാം ഉപേക്ഷിച്ച് റോഡിലൂടെ അണ്ടർവെയറിൽ ഓടേണ്ടി വരുന്നത്.

'Enemy of the State' എന്ന ഹോളിവുഡ് ചിത്രത്തിൽ അമേരിക്കൻ പൗരന്മാർ സ്റ്റെയിറ്റിനാൽ നിരീക്ഷിക്കപ്പെടുന്നത് നന്നായി കാണിക്കുന്നുണ്ട്. ഇങ്ങനെ പൗരന്മാർ അമേരിക്കൻ സ്റ്റെയിറ്റിനാൽ നിരന്തരം നിരീക്ഷിക്കപ്പെട്ടിട്ടും അവിടെ കുറ്റകൃത്യങ്ങൾക്ക് കുറവൊന്നും ഇല്ലാ. ഈയിടെ ആണല്ലോ ഒരു അമേരിക്കൻ സ്‌കൂളിലുണ്ടായ വെടിവെയ്‌പ്പിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടത്.

ഇത്തരം കുറ്റകൃത്യങ്ങളൊക്കെ ഇന്ത്യയിലേത് പോലെ പരമ്പരാഗത ആറ്റിറ്റിയൂഡിനാലും, മൂല്യങ്ങളാലും സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങളല്ലാ എന്ന് മാത്രം. നമുക്കിവിടെ ദാരിദ്ര്യവും, അസമത്വവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ഇഷ്ടം പോലെ ഉണ്ട്. 'ദുരഭിമാന കൊലകൾ' പോലെ മിഥ്യാഭിമാനവും, ഈഗോയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ഇന്ത്യയിൽ ഇഷ്ടം പോലെ ഉണ്ട്. വികസിത യൂറോപ്പ്യൻ അമേരിക്കൻ രാജ്യങ്ങളിൽ മറ്റു പല പ്രശ്‌നങ്ങളും ആണെന്നേ ഉള്ളൂ. ഓരോ സമൂഹവും ഓരോരോ രീതിയിലാണ് പ്രശ്‌നങ്ങൾ നേരിടുന്നത്.

മുൻ ഡിജിപി സെൻകുമാർ തന്റെ സർവീസ് സ്റ്റോറിയായ 'എന്റെ പൊലീസ് ജീവിതം' എന്ന പുസ്തകത്തിൽ ജിഷ വധക്കേസിൽ യു.ഐ.ഡി. - യുടെ ആസ്ഥാനമായ ബാംഗ്ലൂർ സ്ഥാപനം സന്ദർശിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ആധാർ കാർഡുകളിൽ ഒരാളുടെ അഡ്രസ് കൊടുത്താൽ അയാളുടെ ബയോമെട്രിക് വിവരങ്ങൾ കണ്ടെത്താമെന്നല്ലാതെ ബയോമെട്രിക് വിവരങ്ങൾ കൊടുത്താൽ അഡ്രസ് കണ്ടെത്താനുള്ള യാതൊരു സംവിധാനവും അന്നില്ലായിരുന്നു എന്ന് പറയുന്നുമുണ്ട്. മറ്റ് പല രാജ്യങ്ങളിലും കുറ്റാന്വേഷണത്തിന് നിലവിലുള്ള സംവിധാനങ്ങളൊന്നും ഇന്നും ഇന്ത്യയിൽ നിലവിലില്ല.

ഇപ്പോൾ ബയോമെട്രിക് അടക്കം കോടിക്കണക്കിനു ജനങ്ങളുടെ ആധാർ വിവരങ്ങൾ പലതവണ ചോർന്നിട്ടുണ്ട് എന്ന് പലരും പറയുന്നു. ആധാർ വിവരങ്ങൾ കോർപറേറ്റുകൾ മുതൽ തീവ്രവാദ സംഘടനകൾക്ക് വരെ കിട്ടിയിട്ടുണ്ട് എന്നും ആരോപണമുണ്ട്. സത്യത്തിൽ ഇന്നത്തെ ലോകത്തിൽ, ആധാർ വിവരങ്ങൾ വ്യാപകമായി വിറ്റഴിക്കപ്പെട്ടു കഴിഞ്ഞു എന്ന ആരോപണത്തിൽ വലിയ കഴമ്പില്ലെന്നുള്ളതാണ് വാസ്തവം.

പലരും സ്വകാര്യത വലിയ സംഭവമായി ഉയർത്തികാട്ടിയാണ് സ്ത്രീകളുടെ കാൽവിരൽ തൊട്ട് തലമുടി വരെ പൊതു ഇടങ്ങളിൽ മറയ്ക്കണമെന്ന് വാദിക്കുന്നത്. ആരെങ്കിലും സ്ത്രീകളുടെ ഫോട്ടോ എടുത്തുപോയാൽ കുടുംബത്തിന്റെ മാനം പോയി എന്നാണ് ഇക്കൂട്ടരുടെ മനസ്സിലിരിപ്പ്! സത്യത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സ്വകാര്യത എന്നൊന്ന് ഇല്ലാ. എവിടെയെല്ലാം വെച്ച് നമ്മുടെ ഫോട്ടോകൾ എടുക്കപ്പെടുന്നു - എയർ പോർട്ടിൽ, മാളുകളിൽ, ബസ് സ്റ്റാന്റ്റിൽ - അങ്ങനെ എന്തെല്ലാം സ്ഥലങ്ങളിൽ. സ്ഥാപനങ്ങളോട് ഫോട്ടോ എടുക്കരുതെന്ന് വ്യക്തികൾക്ക് പറയാൻ സാധിക്കുമോ? ഈ വർഷം അവസാനം 5 ജി വ്യാപകമാകുന്നതോടെ ഈ സ്വകാര്യത മിക്കവാറും നാമാവശേഷമാകും. അതുകൊണ്ട് ഇപ്പോഴേ പഴയ ഫ്യൂഡൽ സങ്കൽപ്പങ്ങളിൽ നിന്ന് മുക്തരാകുവാൻ ആണ് യാഥാർഥ്യബോധം ഉള്ളവർ ശ്രമിക്കേണ്ടത്.

ഇന്നിപ്പോൾ ആർക്കും മൊബൈൽ നമ്പർ കൊടുക്കരുതൊന്നൊക്കെ പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല. ഇനി വരാൻ പോകുന്നത് ആർട്ടിഫിഷ്യൽ ഇന്റ്റെലിജെൻസിന്റെ കാലമാണ്. ഇന്നുതന്നെ എല്ലായിടത്തും ക്യാമറ ഉണ്ട്. നമ്മുടെ മുഖം സ്‌കാൻ ചെയ്ത് അത് നെറ്റ് വർക്കിലേക്ക് ബന്ധിപ്പിച്ചാൽ നമ്മളെ കുറിച്ചുള്ള സകല വിവരങ്ങളും കിട്ടും. ചൈന ആ രീതി ഇതിനോടകം തന്നെ വികസിപ്പിച്ചു കഴിഞ്ഞു.

കൗണ്ടർ ടെററിസത്തെ കുറിച്ചുള്ള അമേരിക്കൻ ടെലിവിഷൻ സീരിയലായ '24'- ൽ, ഒരു വ്യക്തിയെ കുറിച്ചുള്ള സകല വിവരങ്ങളും അവരുടെ സ്ഥാപനത്തിന്റെ കമ്പ്യുട്ടർ സ്‌ക്രീനിൽ വരുന്നതായിട്ടാണ് കാണിക്കുന്നത്. അപ്പോൾ സീരിയലിന്റെ നായകനായ ജാക്ക് ബവ്വർ, 'കോപ്പി ദാറ്റ്' എന്നാണ് പറയുന്നത്. ഒരു ഇലക്ട്രോണിക്ക്-ഡിജിറ്റൽ ലോകത്തിലെ രീതിയാണത്. ഇന്നല്ലെങ്കിൽ നാളെ, ലോകം മുഴുവനും ഒരുപക്ഷെ ആ ഇലക്ട്രോണിക്ക്-ഡിജിറ്റൽ ലോകത്തിലെ രീതി അവലംബിച്ചേക്കാം. ചുരുക്കം പറഞ്ഞാൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രൈവസി അല്ലെങ്കിൽ സ്വകാര്യത എന്ന് പറയുന്നത് ഇല്ലാ. പിന്നെ ഭരണകൂടങ്ങളോടും ഉത്തരവാദിത്ത്വബോധമുള്ള കമ്പനികളോടും പൗരന്റെ സ്വകാര്യത മാനിക്കണം എന്നു പറയാം. അത്രയേ ഇനി സാധിക്കുകയുള്ളൂ.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)