- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ രജപുത്രരുടെ മാർച്ച് വാൾ ഊരിപിടിച്ച് മുന്നിൽ നിന്ന് നയിക്കുന്നത് പെൺകുട്ടികളാണ്; അതിനു പകരം കേരളത്തിൽ നടക്കുന്നതെന്താണ്? വിസ്മയയുടെ മരണം ചർച്ചയാക്കുന്നവർ ഇവിടുത്തെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല: വെള്ളാശേരി ജോസഫ് എഴുതുന്നു
ടി.വി. ചർച്ചകളിൽ മുഴുവൻ വിസ്മയയുടെ മരണം മാത്രമേയുള്ളൂ. നെടുനീളൻ ചർച്ച നടത്തുന്നതല്ലാതെ മലയാളിക്ക് ഈ പറയപ്പെടുന്ന വലിയ പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് ചർച്ചയിൽ പങ്കെടുത്ത വലിയ ബുദ്ധിജീവികളൊന്നും പറഞ്ഞു കേട്ടില്ലാ. അതെങ്ങനെയാണ് അവർ അംഗീകരിക്കുക? കാലാകാലങ്ങളായി 'കേരളാ മോഡൽ വികസനം' എന്നത് വലിയ സംഭവമായി നമ്മുടെ ഇടതുപക്ഷ ബുദ്ധിജീവികളും, മാധ്യമങ്ങളും അക്കാഡമിക്ക് ലിബറലുകളും കെട്ടിഘോഷിച്ചു. അപ്പോൾ സ്ത്രീധന പീഡനത്തിന്റെ പേരിൽ ശുരനാട് തൂങ്ങിമരിച്ച പെൺകുട്ടി പ്രാദേശിക കമ്യൂണിസ്റ്റ് നേതാവിന്റെ മകളാണെന്നുള്ള കാര്യം അംഗീകരിച്ചാൽ അവിടെ വലിയൊരു വൈരുദ്ധ്യം പൊങ്ങിവരും. സിപിഐ. കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമൻ നായരുടെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണെന്ന് അംഗീകരിക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിലെ ഇടതുപക്ഷ സംസ്കാരവും സ്ത്രീധന സമ്പ്രദായത്തെ അംഗീകരിക്കുന്നുണ്ടോ, സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ നടക്കുന്ന പീഡനങ്ങളിൽ അവർ പ്രതികരിക്കാറുണ്ടോ എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു വരും. ഇതിനേക്കാളൊക്കെ ഉപരി ആത്യന്തികമായി സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു നൂറ്റാണ്ടോളം കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്താണ് ചെയ്തിരിക്കുന്നതെന്നുള്ള മൗലികമായ ചോദ്യവും ഉയർന്നു വരും.
കേരളത്തിന് ഈ പറയപ്പെടുന്ന പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് 2018-ലെ ശബരിമല പ്രക്ഷോഭത്തോടെ കൂടെ വ്യക്തമായതാണ്. കേരളത്തിൽ കള്ളുകുടിച്ചു വരുന്ന ഭർത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏൽക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് 'വലിയ പുരോഗമനക്കാരോ', ദളിത് ബുദ്ധിജീവികളോ ചർച്ച ചെയ്യുന്നത് കണ്ടിട്ടില്ലാ. സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങിയാൽ അവരെകുറിച്ച് ലൈംഗിക ആരോപണം അടിച്ചിറക്കുന്നത് അതല്ലെങ്കിൽ അവർക്കെതിരെ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നത് കേരളത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. വി എസ്. അച്യുതാനന്ദൻ, എം. എം. മണി, വിജയരാഘവൻ - ഇവരൊക്കെ ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുള്ളവരുമാണ്. ഇത്തരത്തിൽ 'ക്യാരക്റ്റർ അസാസിനേഷൻ' നടത്താൻ പറ്റിയില്ലെങ്കിൽ കൂടി കേരളത്തിലെ രാഷ്ട്രീയം അടിമുടി വയലന്റ്റായി നിലനിർത്തുമ്പോൾ സ്ത്രീകൾക്ക് അവിടെ പങ്കെടുക്കുവാനുള്ള അവസരമാണ് നിഷേധിക്കപ്പെടുക. കെ. കെ. രമക്കെതിരെ സിപിഎം. എന്ന പാർട്ടി ഇപ്പോൾ നടത്തുന്ന ഉപജാപങ്ങൾ കാണുന്ന ആർക്കും കേരളത്തിലെ 'വയലന്റ്രാഷ്ട്രീയത്തിൽ' സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നൂ എന്ന സത്യം അംഗീകരിക്കാതിരിക്കാൻ സാധിക്കില്ല.
രൂഢമൂലമായ സ്ത്രീ വിരുദ്ധത കേരളത്തിൽ നിലനിൽക്കുന്നതുകൊണ്ടായിരിക്കണം മീൻ വിൽപ്പനക്കാരിയായ സ്ത്രീകൾക്ക് സാക്ഷര കേരളം ഇന്നും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാത്തത്. വലിയ അലുമിനിയം ചട്ടി ഒക്കെ തലയിൽ വെച്ച് വെയിലത്ത് കിലോമീറ്ററുകളോളം നടക്കുന്ന അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചോ, വലിയ അലുമിനിയം ചട്ടി ചുമക്കുമ്പോൾ ഉള്ള ഭാരത്തെ കുറിച്ചോ സാക്ഷര കേരളം ചിന്തിക്കുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മീൻ വിൽപ്പനക്കാരായ സ്ത്രീകൾക്ക് ഇലക്ട്രിക് റിക്ഷയോ, ഗിയറില്ലാത്ത സ്കൂട്ടറോ ഒക്കെ എളുപ്പത്തിൽ കൊടുക്കാവുന്നതാണ്. നമ്മുടെ മൽസ്യ ഫെഡ്ഡും, കേരളാ സർക്കാരും ഒന്നും ആ വഴിക്കു ചിന്തിക്കുന്നില്ല. മീൻ വിറ്റതിന് ശേഷവും അവർക്ക് കുട്ടികളുടെ പരിപാലനവും, വീട്ടിലെ ജോലികളും കൂടി ചെയ്യേണ്ടതായി വരും. കുറച്ചു നാൾ മുമ്പ് 6 മക്കളുള്ള പുറമ്പോക്കിൽ ഷെഡ്ഡ് കെട്ടി താമസിക്കുന്ന മാതാവിനെ കുറിച്ചുള്ള വാർത്തയിൽ പറഞ്ഞിരുന്നതുപോലെ കള്ളുകുടിച്ചു വരുന്ന ഭർത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏൽക്കേണ്ടി കൂടി വരുന്ന സന്ദർഭങ്ങൾ പല മീൻ വിൽപ്പനക്കാരികൾക്കും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും ഭൂമി മലയാളം ചിന്തിക്കുന്നത് പോലുമില്ലാ.
മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂരിലും, ഹാജി അലി ദർഗ്ഗയിലും സ്ത്രീകൾ കയറിയപ്പോൾ ആരും പ്രതിഷേധിച്ചു കണ്ടില്ല. തൃപ്തി ദേശായിക്ക് ശനി ദുർഗ്ഗാപ്പൂർ ക്ഷേത്രത്തിൽ കടക്കാൻ പറ്റിയതും, ഹാജി അലി ദർഗ്ഗയിൽ പ്രവേശിക്കാൻ പറ്റിയതും മഹാരാഷ്ട്രയിൽ കേരളത്തെക്കാൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൂടുതലുള്ളതുകൊണ്ടാണ്. അതല്ലെങ്കിൽ തന്നെ ശിവജി ജനിച്ച മഹാരാഷ്ട്രയിലെ ജുന്നറിൽ പോയാൽ അമ്മയായ ജീജാഭായ് ബാലനായ ശിവജിയെ വാൾപയറ്റ് ഒക്കെ പഠിപ്പിക്കുന്ന ചിത്രങ്ങൾ പല ഓഫീസുകളിലും വീടുകളിലും കാണാൻ സാധിക്കും.
കേരളത്തിലെ 'മാട്രിലീനിയൽ' സമ്പ്രദായത്തെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ മാത്രമാണുള്ളത്. നായർ സ്ത്രീകളുടെ 'ഡിസിഷൻ മെയ്ക്കിങ്ങിനെ' കുറിച്ച് വാചാലരാകുന്നവർക്ക് ഇത്രയധികം പൊന്നും പണവും കൊടുത്തശേഷവും വിസ്മയ ഭർതൃവീട്ടിൽ എന്തുകൊണ്ട് പീഡിപ്പിക്കപ്പെട്ടു എന്നതിനെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? ഇപ്പോൾ സോഷ്യൽ മീഡിയയും ഇലക്ട്രോണിക്ക് മീഡിയയും ഉള്ളതുകൊണ്ട് ജനം അറിയുന്നൂ എന്നേയുള്ളൂ. പണ്ടും ഇതുപോലുള്ള പീഡനങ്ങൾ ഇഷ്ടം പോലെ കേരളത്തിൽ നടന്നിട്ടുണ്ട്; യുവതികൾ ആത്മഹത്യ ചെയ്തിട്ടുമുണ്ട്. വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ച സ്ത്രീകൾ കേരളത്തിൽ ഉണ്ടായിരുന്നെന്നുള്ള അവകാശവാദം നിലനിൽക്കുമ്പോൾ തന്നെ കേരളത്തിൽ നല്ലൊരു ഫെമിനിസ്റ്റ് പ്രസ്ഥാനം പോലുമില്ല എന്ന വസ്തുത ആരും കാണാതിരുന്നുകൂടാ. കേരളത്തിന് വെളിയിൽ ഫ്യുഡൽ, 'എലീറ്റ്' വിഭാഗങ്ങളിൽപെട്ട സ്ത്രീകൾക്കിടയിലെങ്കിലും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ട്. മധ്യവർഗ സ്വാഭാവം നിലനിൽക്കുന്നതുകൊണ്ട് കേരളത്തിൽ അതുപോലുമില്ല. നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ പോലുമുണ്ട് നല്ല സ്ത്രീ മുന്നേറ്റങ്ങൾ. അവിടുത്തെ ഫ്യുഡൽ, 'എലീറ്റ്' വിഭാഗങ്ങളിൽപെട്ട സ്ത്രീകൾ തലമുടി മറക്കാറോ, പൊതുരംഗങ്ങളിൽ നിന്ന് മാറിനിൽക്കുന്നതോ കാണാനാവില്ല. ഡൽഹിയിൽ ഇതെഴുതുന്ന ആൾ താമസിക്കുന്ന സ്ഥലത്ത് വർഷം തോറും രജപുത്രർ (രാജ്പുത്) നയിക്കുന്ന മാർച്ച് കണ്ടിട്ടുണ്ട്. മുന്നിൽ വാൾ ഊരിപിടിച്ച് പെൺകുട്ടികളാണ് ആ മാർച്ചൊക്കെ നയിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ണിയാർച്ചയുടേയും തുമ്പോലാർച്ചയുടേയും വീര കഥകളൊക്കെ ഉണ്ട്. പണ്ട് കേരളത്തിലെ സ്ത്രീകളൊക്കെ ഇത്ര വീര ശൂര പരാക്രമികൾ ആയിരുന്നുവെങ്കിൽ ഉത്തരേന്ത്യയിൽ നടക്കുന്നത് പോലുള്ള മാർച്ചൊക്കെ ഇന്നും കാണാമായിരുന്നുവല്ലോ. അതിനു പകരം കേരളത്തിൽ നടക്കുന്നതെന്താണ്?
ആർത്തവത്തിന്റെ പേരിൽ 'ഞങ്ങളൊക്കെ അശുദ്ധകളാണേ' എന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട് തെരുവിൽ കൂടി പ്രകടനം നടത്തുന്നു. മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളിലൊക്കെ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി തന്നെയാണ് ശബരിമലയിലും യുവതീ പ്രവേശനം അനുവദിച്ചത്. പുരോഗമന സമൂഹം എന്ന് അഭിമാനിക്കുന്ന മലയാളികൾ പക്ഷെ നെയ്തേങ്ങാ വെച്ച് തലക്ക് എറിയുന്നു. 'അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിക്കുന്നു; സ്ത്രീകളുടെ വീട് കേറി ആക്രമിക്കുന്നു. ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്ത പൊതുസമൂഹത്തിന്റെ ആറ്റിറ്റിയൂഡിൽ കണ്ടമാനം സ്ത്രീ വിരുദ്ധത അടങ്ങിയിരുന്നൂ എന്നുള്ളത് പൊതുവേ സ്ത്രീ വിരുദ്ധമായ സമൂഹം കണ്ടതുമില്ലാ. അതല്ലെങ്കിൽ വിശ്വാസത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരേയുള്ള ഗുണ്ടായിസത്തേയും തെറി വിളിയേയും അനുകൂലിക്കാൻ മലയാളിക്ക് എങ്ങനെ കഴിഞ്ഞു?
വിശ്വാസത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരേയുള്ള ഗുണ്ടായിസത്തേയും തെറി വിളിയേയും അനുകൂലിക്കാൻ മലയാളിക്ക് എങ്ങനെ കഴിഞ്ഞു എന്ന് ചോദിക്കുമ്പോഴാണ് ചൊല്ലുകളിലും സാഹിത്യത്തിലുമുള്ള സ്ത്രീ വിരുദ്ധത കാണേണ്ടത്. മലയാളികൾക്കിടയിൽ ആഴത്തിൽ വേരോടിയിരിക്കുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള സ്ത്രീ വിരുദ്ധത തന്നെയാണ് ശബരിമല പ്രക്ഷോഭത്തിന്റെ പിന്നിലുള്ള ചേതോവികാരം ആയി വർത്തിച്ചതെന്നുള്ള കാര്യം സുബോധമുള്ളവർ കാണാതിരുന്നുകൂടാ. 'പെണ്ണ് നടക്കുമ്പോൾ ഭൂമി അറിയരുത്'; 'പെൺചൊല്ല് കേൾക്കുന്നവൻ പെരുവഴി' - എന്ന് തുടങ്ങി അനേകം സ്ത്രീ വിരുദ്ധമായ ചൊല്ലുകൾ മലയാളത്തിലുണ്ട്.
'നാരികൾ നാരികൾ വിശ്വ വിപത്തിന്റെ
നാരായ വേരുകൾ; നാരകീയാഗ്നികൾ' - എന്നാണല്ലോ മലയാളത്തിലെ പ്രസിദ്ധ റൊമാന്റ്റിക്ക് കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ള പാടിയിട്ടുള്ളത്. സ്ത്രീ വിരുദ്ധമായ ചൊല്ലുകളും, കവിതകളും ഏറ്റുപിടിക്കുന്നവർ ഭൂമി മലയാളത്തിൽ അനേകരുണ്ട്.
കേരളത്തിന്റെ ഫ്യുഡൽ ചരിത്രത്തിൽ സ്ത്രീ വിരുദ്ധത കണ്ടമാനം ഉണ്ട്. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനൻ പറയുന്നതായ വടക്കൻ പാട്ട് ഒന്ന് ശ്രദ്ധിക്കുക:
''ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ
ഓളെ ഞാൻ നന്നാക്കിക്കൊണ്ട്വരല്ലോ...
ഒന്നിങ്ങു കേൾക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല''
ഇതാണ് തച്ചോളി ഒതേനന്റെ വീര വാദം. മാടമ്പിത്തരത്തിന്റെയും ആണഹന്തയുടേയും അങ്ങേയറ്റമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്. ഇതുപോലുള്ള വടക്കൻ പാട്ടുകൾ കേട്ട മലയാളി ഉണ്ടാക്കുന്ന സിനിമാ ഗാനങ്ങളിലും, സാഹിത്യത്തിലും സ്ത്രീ വിരുദ്ധത അങ്ങേയറ്റമുണ്ട്.
മലയാളിയുടെ കുടുംബത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതയുടെ പരിച്ഛേദമായി സിനിമകളിലെ സ്ത്രീ വിരുദ്ധതയേയും കാണാവുന്നതാണ്. വലിയ വിപ്ലവം പറയുന്ന എം ടി. വാസുദേവൻ നായരുടെ പല സിനിമകളിലും സ്ത്രീകളുടെ കരണത്തടി ഒക്കെയുണ്ട്. 'ഒരു വടക്കൻ വീരഗാഥയിൽ' മമ്മൂട്ടിയുടെ കഥാപാത്രം ഗീതയുടെ കരണത്തടിക്കുന്നുണ്ട്. ഓർമ ശരിയാണെങ്കിൽ' അക്ഷരങ്ങളിലും' അത്തരത്തിൽ ഒരു സീനുണ്ട്. 'സുകൃതത്തിലും' മമ്മൂട്ടിയുടെ കഥാപാത്രം ഗൗതമിയുടെ കരണത്തടിക്കുന്നുണ്ട്. എം ടി. വാസുദേവൻ നായരെ 'ഹിമാലയ തുല്യനായ എഴുത്തുകാരൻ' എന്നാണ് ഒരു ബിജെപി. നേതാവ് കുറച്ചുനാൾ മുമ്പ് വിശേഷിപ്പിച്ചത്. കരണത്തടിച്ചു സ്ത്രീകളുടെ ചെവിക്കല്ല് പൊട്ടിക്കുന്നതൊക്കെ 'ഹിമാലയ തുല്യതയുടെ' ഭാഗമാണോ? സ്ത്രീകളുടെ കരണത്തടി ഒക്കെ നിരന്തരം കാണിച്ചിട്ടും 'ഹിമാലയ തുല്യനായ എഴുത്തുകാരൻ' എന്നു വിശേഷിപ്പിക്കുന്നതിന്റെയൊക്കെ ഉദ്ദേശശുദ്ധി അറിയണമെങ്കിൽ ആ ബിജെപി. നേതാവിനോട് തന്നെ പോയി ചോദിക്കണം.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)