- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിമൂങ്ങയ്ക്ക് പരിക്കേറ്റത് പൂച്ച കടിച്ച്; നിലമ്പൂരിൽ എത്തിച്ചാൽ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ യുവാക്കൾ ലോക്ഡൗണിൽ യാത്ര ചെയ്തത് 108 കിലോമീറ്റർ; എന്നിട്ടും വെള്ളിമൂങ്ങയെ രക്ഷിക്കാനായില്ല; അപൂർവ്വ രക്ഷാദൗത്യം പാളിയപ്പോൾ
എടപ്പാൾ: പൂച്ച കടിച്ച് മാരകമായി പരിക്കേറ്റ വെള്ളിമൂങ്ങയെ രക്ഷിക്കാനുള്ള യുവാക്കളുടെ ശ്രമം വിജയിച്ചില്ല. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധചികിത്സയ്ക്കായി മുപ്പൂട്ടുകാലത്ത് 108 കിലോമീറ്റർ കാറിൽ യാത്രചെയ്‌തെങ്കിലും മൂങ്ങയെ രക്ഷിക്കാനായില്ല. ഒരു രാത്രിയും പകലും നീണ്ട പ്രയത്‌നമാണ് വെറുതെ പോയത്.
ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും യൂത്ത്ലീഗ് വൈറ്റ്ഗാർഡ് അംഗവുമായ വി.കെ.എ. മജീദും അജ്മൽ വെങ്ങിനിക്കരയുമടങ്ങുന്ന സംഘത്തിന് തിങ്കളാഴ്ച സന്ധ്യക്കാണ് വയറ്റിലും ചിറകിലും മുറവേറ്റനിലയിൽ വെള്ളിമൂങ്ങയെ കിട്ടിയത്. വട്ടംകുളത്തെ സീനിയർ വെറ്ററിനറി സർജൻ വി.കെ.പി. മോഹൻകുമാർ മുറിവ് വെച്ചുകെട്ടി. രാത്രി ഉറക്കമൊഴിച്ച് മൂങ്ങയെ സംരക്ഷിച്ചു.
ചൊവ്വാഴ്ച രാവിലെ ഡോക്ടറുടെ അടുത്തെത്തിച്ച് മുറിവുകൾ മരുന്നുവെച്ചുകെട്ടിയെങ്കിലും ചിറകിലുള്ള ദ്വാരവും വയറ്റിൽ കമ്പുതറച്ചുകയറിയ മുറിവും മാറാൻ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചു. വയറ്റിലെ കമ്പു പറിച്ചെടുത്താൻ മൂങ്ങ ചത്തുപോകുമെന്നതിനാൽ കൂടുതൽ സൗകര്യമുള്ളിടത്തെത്തിക്കണമെന്ന നിർദേശപ്രകാരം നിലമ്പൂരിലെ വനംവകുപ്പധികൃതരുമായി ബന്ധപ്പെട്ട് യുവാക്കൾ അങ്ങോട്ട് പുറപ്പെട്ടു.
ലോക്ഡൗണിൽ ഡോക്ടറുടെ കത്തുകാണിച്ചാണ് പൊലീസ് പരിശോധനയെ മറികടന്നത്. നിലമ്പൂരിലെത്താൻ രണ്ടുകിലോമീറ്റർ മാത്രം അവശേഷിക്കെ ഇവരുടെ കൈകളിലിരുന്ന വെള്ളിമൂങ്ങ പിടഞ്ഞു മരിച്ചു. ഇവർ ചത്ത പക്ഷിയെ വനംവകുപ്പധികൃതർക്കു കൈമാറി തിരിച്ചുപോന്നു. നിയമപരമായ നടപടികൾക്കുശേഷം വനംവകുപ്പ് മൂങ്ങയെ സംസ്‌കരിച്ചു.