- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക്സ് പാക്കൊക്കെ പോയി വയറുന്തിയിട്ടും പാവങ്ങളുടെ മമ്മൂട്ടി ഇടിവെട്ടാകുന്നു; പെരുച്ചാഴിയും വില്ലാളിവീരനും കണ്ട് വട്ടു പിടിച്ചവർക്ക് വെള്ളിമൂങ്ങ ആവേശമാകുന്നു.
'മംഗ്ലീഷും', 'ഹായ് ഐ ആം ടോണിയും', 'പെരുച്ചാഴിയും', 'വില്ലാളിവീരനും' പുറമെ അടുത്തകാലത്തായി ഒന്നുരണ്ട് ടീവി സീരിയലും കണ്ടുപോയതുമൂലമുണ്ടായ മാനസിക ആഘാതംകാരണം ഇനി ഇത്തരം കലാപരിപാടികൾക്കില്ലെന്ന് തീർത്തും തീരുമാനിച്ചിരിക്കെയാണ് നമ്മുടെ 'വെള്ളിമൂങ്ങ' പാറിപ്പറന്നുവന്നത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ കയറിയതാണെങ്കിലും, ഒട്ടും ബോറടിപ്പിക്
'മംഗ്ലീഷും', 'ഹായ് ഐ ആം ടോണിയും', 'പെരുച്ചാഴിയും', 'വില്ലാളിവീരനും' പുറമെ അടുത്തകാലത്തായി ഒന്നുരണ്ട് ടീവി സീരിയലും കണ്ടുപോയതുമൂലമുണ്ടായ മാനസിക ആഘാതംകാരണം ഇനി ഇത്തരം കലാപരിപാടികൾക്കില്ലെന്ന് തീർത്തും തീരുമാനിച്ചിരിക്കെയാണ് നമ്മുടെ 'വെള്ളിമൂങ്ങ' പാറിപ്പറന്നുവന്നത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ കയറിയതാണെങ്കിലും, ഒട്ടും ബോറടിപ്പിക്കാതെ മികച്ച ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം ഒരുക്കാൻ നവാഗതനായ ജിബു ജേക്കബിനായി. ഒരു നീണ്ട ഇടവേളക്കുശേഷമാണ് പ്രേക്ഷകർ ഒരു പടം കണ്ട് സംതൃപ്തിയോടെ തിരച്ചുവരുന്നത്. അതും 'ടമാർ പടാറൊക്കെ' കണ്ട് ജനം തീയേറ്റിന് തീവെയ്ക്കാനൊരുങ്ങുന്ന ഇക്കാലത്ത്. കാശുമുടക്കി സിനിമകാണുന്ന സാധാരണക്കാരന് ഈ ചിത്രത്തിൽ പൈസ വസൂലാവുമെന്ന് ഉറപ്പിച്ചുപറയാം.
ദീർഘകാലത്തിനുശേഷം നായകനായി തിരിച്ചത്തെിയ ബിജുമേനോൻ ഈ സിനിമയിൽ അക്ഷരാർഥത്തിൽ ആടിത്തകർക്കയാണ്. നോട്ടത്തിലും ചിരിയിലും എന്തിന് ഒരു മൂളലിൽപോലും നർമ്മംകൊണ്ടുവന്ന് ഇടിവെട്ടാവുകയാണ് നമ്മുടെ മേനോൻകുട്ടി. ഒരുകാലത്ത് പാവങ്ങളുടെ മമ്മൂട്ടിയെന്ന ഇമേജുള്ള, കേരളത്തിലെ ഫ്യൂഡൽ പുരുഷ സങ്കൽപ്പത്തിനുചേർന്ന ഉത്തമ ശരീര ഘടനയുള്ള ബിജുമേനോൻ അൽപ്പകാലത്തെ വനവാസത്തിനുശേഷം ഹ്യൂമറിന്റെ ട്രാക്കിൽ കയറിയാണ് തിരച്ചുവന്നത്. പഴയ സിക്‌സ്പാക്ക് മോഡൽ ബോഡിയിൽനിന്ന് വയറുന്തിയ രൂപമായിട്ടും പക്ഷേ അന്നു കിട്ടിയതിനേക്കാൾ ജനപിന്തുണയും ആരാധനയും ബിജുവിന് കിട്ടുന്നുണ്ട്. ഒട്ടും സംശയിക്കേണ്ട, സൂപ്പർ താരപദവിയിലേക്കുതന്നെയാണ് ഈ 'മധ്യവയസ്‌കന്റെയും' യാത്ര. മോഹൻലാലിനെപ്പോലെ ഒറ്റക്ക് പ്രകടനം നടത്തി ഒരു ചിത്രത്തെ ഹിറ്റാക്കാൻ കഴിയുമെന്ന് ഇദ്ദേഹം തെളിയിക്കുന്നു. ദിലീപിന്റെയും, മോഹൻലാലിന്റെയും, മമ്മൂട്ടിയുടെയുമെല്ലാം ചിത്രങ്ങൾ അടിക്കടി എട്ടുനിലയിൽ പൊളിയുന്ന ഇക്കാലത്ത് ബിജുവിനെപ്പോലുള്ള മൂന്നാം നിരക്കാർ, മാരത്തോൺ ഓടി ഒന്നാമതത്തെുകയാണ്. മലയാള സിനിമയുടെ താര സമവാക്യങ്ങൾ അടിമുടിമാറുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ആത്യന്തികമായി ഈ ചത്രം മുന്നോട്ടുവെയ്ക്കുന്നത്.
പഴമയുടെ സുഖം, കാരിക്കേച്ചർ ഹാസ്യം
കടുത്ത രാഷ്ട്രീയ പശ്ചാത്തലമുള്ള നാടാണ് കേരളമെങ്കിലും കെ ജി ജോർജിന്റെ പഞ്ചവടിപ്പാലവും, സത്യൻ-ശ്രീനി ടീമിന്റെ സന്ദേശത്തെയും മാറ്റി നിർത്തിയാൽ മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങൾ കേരളത്തിൽ ഉണ്ടായിട്ടില്ല. ഈ റേഞ്ചിലേക്കൊന്നും വരില്ലെങ്കിലും കുറിക്കുകൊള്ളുന്ന ചില രാഷ്ട്രീയ പരിഹാസങ്ങൾ നടത്താൻ 'വെള്ളിമൂങ്ങ'ക്കാവുന്നു. സകല തരികിടകളുമറിയാവുന്ന, പ്രായമേറെയായിട്ടും പെണ്ണുകിട്ടാത്ത, ഡെമോക്രാറ്റിക്ക് നാഷണൽ കോൺഗ്രസ് എന്ന ഉത്തരേന്ത്യൻ പാർട്ടിയുടെ നേതാവാണ് ബിജു അവതരിപ്പിക്കുന്ന മാമച്ചൻ. കല്യാണ വീട്ടിൽചെന്നാൽ മണവാളനായും, മരണവീട്ടിൽചെന്നാൽ പെട്ടിയിൽകിടക്കാനും വരെ ശ്രമിക്കുന്ന മാമച്ചൻ നമ്മുടെ കേരളാകോൺഗ്രസ് നേതാക്കളുടെയൊക്കെ തനിപ്പകർപ്പാണ്. മറ്റുപാർട്ടിയിൽചേർന്നാൽ നേതാവാകാൻ കഴിയില്ലെന്നതുകൊണ്ടാണ് അയാൾ ഈ ഉത്തരേന്ത്യൻ പാർട്ടിയുടെ കേരള നേതാവാകുന്നതുതന്നെ. പത്താംക്ലാസും ഗുസ്തിയും മാത്രം കൈമുതലായ ഇയാൾ, തിണ്ണമിടുക്കുകൊണ്ടും കുതന്ത്രങ്ങൾകൊണ്ടും മന്ത്രി വരെയാവുന്നതാണ് കഥ. ഇടതുവലതു മുന്നണികൾ നടത്തുന്ന അവസരവാദത്തിന്റെ തനിനിറം മൂങ്ങ പുറത്തുകാണിക്കുന്നുണ്ട്. എന്നാൽ കാരിക്കേച്ചർപോലെയോ, കാർട്ടൂൺപോലെയൊ ഉള്ള നർമമല്ലാതെ, കടുത്ത അരാഷ്ട്രീയത സിനിമവച്ചു പുലർത്തുന്നില്ല. ( ഡെമോക്രാറ്റിക്ക് നാഷണൽ കോൺഗ്രസ് എന്ന പാർട്ടി പണ്ട് നമ്മുടെ കെ മുരളീധരൻ ഉണ്ടാക്കിയ ഡി ഐ സിയെ ഓർമ്മിപ്പിക്കുന്നു. ഇതുമായി ഇടതുപക്ഷം കൂട്ടുർേചന്നതുവച്ചുനോക്കുമ്പോൾ വെള്ളിമൂങ്ങയിലെ വിമർശനങ്ങൾ പതിരായില്ലെന്ന് അർഥം) ന്യൂ ജനറേഷൻ സിനിമകളിൽ സാധാരണ കാണുന്നതുപോലുള്ള തെറിയഭിഷേകവും, കുടുംബത്തിനൊപ്പം കാണാനാവാത്ത രീതിയിൽ ദ്വയാർഥ പ്രയോഗങ്ങളും ഈ സനിമയിലില്ല. തിരക്കഥാകൃത്ത് ജോജിതോമസ് ഇക്കാര്യത്തിലും അഭിനന്ദനം അർഹിക്കുന്നു.[BLURB#1-VL]
പുതുതലമുറസിനിമകളുടെ പാറ്റേണിലല്ല, ക്യാമറമാൻ കൂടിയായ ജിബുജോർജ് ഈ ചിത്രം ഒരുക്കയത്. നേർരേഖയിലെന്നപോലെ കഥപറയുന്ന ആ രീതിയും വ്യത്യസ്തമായി. ന്യൂജറേഷൻ ജാടകളും പ്രേക്ഷകന് ദഹിക്കാത്ത ട്വിസ്റ്റുകളൊന്നും ഈ മൂങ്ങയിലില്ല. ആ മാറ്റവും പ്രേക്ഷകർ പോസറ്റീവായാണ് എടുക്കുന്നത്.
കൊണ്ടും കൊടുത്തും ബിജുവും അജുവും
ബിജുമേനോൻ അജുവർഗീസ് ടീമിന്റെ ഒന്നാന്തരം ടൈമിങ്ങോടെയുള്ള്ള കോമഡി ഡയലോഗുകളും കൗണ്ടറുകളുമാണ് സിനിമയിലെ ഹൈലൈറ്റ്. 'പെരുച്ചാഴിയിൽ' മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ താരപ്രഭയൂടെ വിശ്വരൂപത്തിൽ, പന്തം കണ്ട പെരുച്ചാഴിയെപ്പോലെയായ അജുവർഗീസ് വെള്ളിമൂങ്ങയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ( 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിൽ' മമ്മൂട്ടിയോടും, 'പെരുച്ചാഴിയിൽ' മോഹൻലാലിനോടുമുള്ള പേടി മാറിയപ്പോഴേക്കും തന്റെ സീനുകൾ തീർന്നുപോയിയെന്ന് അജു ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു) സാധാരണ നായകനെ വെറുതെ പൊക്കിയടിക്കാനാണ്, ഉപകഥാപാത്രങ്ങളെ സൃഷ്ടിക്കാറുള്ളതെങ്കിൽ, ഇത്തവണയതു മാറുന്നു. കോമഡിയുണ്ടെങ്കിലും നായകന്റെ സുഹൃത്ത് ഇവിടെ കോമാളിയല്ല. താരകേന്ദ്രീകൃതമായി തിരക്കഥയൊരുക്കുന്നതിൽനിന്ന് മാറിചിന്തിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഇവിടെ പ്രകടമാണ്. ഡൽഹികാണാനായി ബിജുമേനാൻ അജുവിനെകൊണ്ടുപോവുമ്പോഴുണ്ടാവുന്ന കോമഡികളൊക്കെ കാണേണ്ടതുതന്നെയാണ്. പഴയ മോഹൻലാൽ ശ്രീനിവാസൻ ടീമിനെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്.
ബിജുമേനോന്റെ കുടവയർ തടവി സഹോദരന്റെ മകൾ 'ലാലീ ലാലീ പാടുന്ന' സീനൊക്കെയുണ്ട് സിനിമയിൽ. കവിളുന്തിയും കുടവയർ ചാടിയും മുഖത്തെ രക്തപ്രസാദംവറ്റിയും വയോധികരായിട്ടുണ്ടെങ്കിലും നമ്മുടെ താരദൈവങ്ങൾ ഇത്തരമൊരു സ്വയം പരിഹാസത്തിനു നിൽക്കുമോ. 'ഓ ടൈമിങ്ങ്‌പോയി' എന്ന ബിജുവിന്റെ ഡയലോഗിനൊക്കെ എന്താ പഞ്ച്, എന്താ ചന്തം. ഇനിയും ഘനനം ചെയ്തിട്ടില്ലാത്ത എത്രയോ മുഖഭാവങ്ങൾ എന്നിലുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കള്ളച്ചിരിയിയുമുണ്ട്.
നന്നായി കെട്ടിയൊരുങ്ങി നടക്കയെന്നല്ലാതെ ഈ സിനിമയിൽ നടിമാർക്കൊന്നും കാര്യമായൊന്നും ചെയ്യാനില്ല. നടന്മാരുടെ കൂട്ടത്തിൽ ടിനിടോമും, കലാഭവൻ ഷാജോണും, ശശി കലിംഗയും, സുനിൽ സുഖദയെല്ലാം പതിവുപോലെ . സംഗീതത്തിനും പശ്ചാത്തലത്തിനുമൊന്നും യാതൊരു പ്രാധാന്യവുമില്ലാത്ത ഈ സിനിമ ഹാസ്യം ഒന്നുകൊണ്ട് മാത്രമാണ് ജനപ്രിയമാവുന്നതും. മറ്റൊരു രീതിയിൽ പറഞ്ഞാൽ കഥാതിരക്കഥാടീമിനും സംവിധായകനും അവകാശപ്പെട്ടതാണ് ഈ വിജത്തയത്തിളക്കം. കൂതറ താരചിത്രങ്ങൾക്കായി കോടികൾ പൊടിക്കുന്നവർ ഈ യുവപ്രതിഭകളെയൊന്നും കാണാതെപോവരുത്.[BLURB#2-VR]
ബ്രാൻഡ് ബിജുമേനോൻ
മോഹൻലാലിനെപ്പോലെ വില്ലനായി വന്ന് മലയാളിയുടെ ഹൃദയം കീഴടക്കിയ നടനാണ് ബിജു. 1995ൽ 'മാന്നാർ മാത്തായി സ്പീക്കിങ്ങിൽ' ജോൺ ഹോനായി ടൈപ്പിലുള്ള വില്ലന് പിന്നീട് മമ്മൂട്ടിയോട് സാദൃശ്യം തോന്നിക്കുന്ന നായകവേഷങ്ങളാണ് കിട്ടിയത്.പിന്നീട്, തന്റെ ഭാര്യയായ സംയുക്തവർമ്മക്കൊപ്പം മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ, മഴ തുടങ്ങിയ മികച്ച ചിത്രങ്ങളിൽ വേഷമിട്ട രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ, ഇതാ ഒരു ശക്തനായ നടൻ കൂടിയുണ്ടാവുന്നു എന്ന സൂചയുണ്ടായിരുന്നു.
എന്നാൽ പിന്നീട് ടൈപ്പ് വേഷങ്ങളിൽ ബിജു തളച്ചിടപ്പെട്ടു. സ്വയം പർവതീകരിക്കലും, പി ആർ വർക്കുകളുമൊക്കെ നന്നായി വേണ്ട മലയാള സിനിമയിൽ, ഒരു ക്ലിക്കിലും കോക്കസിലും പെടാത്ത ഈ നടൻ പാർശ്വവത്ക്കരിക്കപ്പെട്ടു. സ്വയം നിർമ്മിച്ച മടിയൻ ഇമേജിൽ ഈ നടൻ തളച്ചിടപ്പെട്ടു. എന്നാൽ 2010ൽ 'മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെ' വ്യത്യസ്തമായ രൂപവും ഭാവവും നർമ്മവുമായി ഈ നടൻ അത്ഭുദപ്പെടുത്തി.നായകൻ ദിലീപ് ബിജുവിന് മുന്നിൽ നിഷ്പ്രഭനായി. പിന്നീട് 'സീനീയേർസ്', 'ഓർഡിനറി', 'റോമൻസ്' എന്നീ ചിത്രങ്ങളിലും കസറിയതോടെ ബിജു വീണ്ടും തിരക്കുള്ള താരമായി. ഇപ്പോഴിതാ ഹിറ്റു ചിത്രത്തിലൂടെ വീണ്ടും നായകവേഷത്തിലേക്കുള്ള മടങ്ങിവരവ്. 'ഗ്രേറ്റ് കം ബാക്ക്' എന്ന് അക്ഷരാർഥത്തിൽ കൈയടിക്കേണ്ടത് ഇതിനെയൊക്കെയാണ്. കാമ്പുള്ള കഥകൾ നോക്കി സിനിമയെടുക്കുകയും ടൈപ്പാവാതിരക്കയും ചെയ്താൽ സൂപ്പർതാര പദവിയിലേക്കുള്ള ബിജുവിന്റെ യാത്രയുടെ തുടക്കംകൂടിയാണ് ഈ സിനിമയെന്ന് നിസ്സംശയം പറയാം.
വാൽക്കഷ്ണം: ഈ സിനിമയുടെ സംവിധായകന്റെ വെളിപ്പെടുത്തലും ഇതോടൊപ്പം കൂട്ടിവായിക്കണം. ബിജുമേനോനാണ് നായകനെന്ന് അറിഞ്ഞതോടെ പല നടിമാരും നിർമ്മാതാക്കളും ഈ പ്രൊജക്റ്റിൽനിന്ന് പിന്മാറിയെന്നാണ് അദ്ദേഹം പറഞ്ഞത്. 'വെള്ളിമൂങ്ങ' ഹിറ്റായതോടെ തീർച്ചയായും അവരൊക്കെ ബ്ലീച്ചായിരിക്കും. ഇനി ഇവർ തന്നെ യാതൊരു ഉളുപ്പുമില്ലാതെ ബിജുവിന്റെ കാൾഷീറ്റിനായി ക്യൂ നിൽക്കും. മലയാള സിനിമയിൽ നാടകമേ ഉലകം എന്നാണല്ലേ.