തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്സിനെ രൂക്ഷമായി വിമർശ്ശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻ.എസ്.എസ് ഈ വിഷയത്തിൽ ബിജെപിയുമായി ചേർന്ന് ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നത്. എൻഎസ്എസ് നവോത്ഥാന പ്രവർത്തനങ്ങളിൽ പ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. മന്നത്ത് പത്മനാഭൻ നവോത്ഥാന നായകന്മാരിൽ പെട്ട ആളു തന്നെയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ സുകുമാരൻ നായർ ഈ യോഗത്തിൽ വരേണ്ടതായിരുന്നു. അദ്ദേഹം വരാതിരുന്നാൽ നമുക്ക് എന്തു ചെയ്യാൻ പറ്റും..? കത്തു കൊടുത്തിട്ടും വരാതിരുന്നാൽ പിടിച്ചു കെട്ടി കൊണ്ടുവരാനുള്ള നിയമം ഇവിടെ ഇല്ലല്ലോ. അതിനുള്ള വലിയ മനസ്സായിരുന്നു അവർ കാണിക്കേണ്ടിയിരുന്നത്. അവർ ഇവിടെ വന്ന് ചർച്ചകളിൽ പങ്കെടുത്ത് എല്ലാവരുടെയും വികാരങ്ങൾക്കും വിചാരങ്ങൾക്കും ഒപ്പം നിന്നുകൊണ്ട് ഞാനെന്ന ഭാവം ഉപേക്ഷിച്ചു കൊണ്ട് നമ്മളെന്ന വിചാരത്തിൽ മുന്നോട്ട് പോകണമായിരുന്നു. അതുണ്ടാകാതെ പോയതിന് നമുക്ക് എന്ത് ചെയ്യാനാകും. ചുവപ്പ് നിറം കണ്ടാൽ കുത്തുന്ന കാളയായി മാറരുത് എൻഎസ്എസ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സാമൂഹിക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നത് നാമ ജപമല്ല ഒരു പ്രത്യേക വിഭാഗം അമ്പലങ്ങൾ ഹൈജാക്ക് ചെയ്തു വച്ചുകൊണ്ട് ആധിപത്യം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. അത് ഒരു കാരണവശാലും അനുവദനീയമായ കാര്യമല്ല. ബി.ഡി.ജെ.എസ് ശബരിമലയുമായി ബന്ധപ്പെട്ട ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല. രഥയാത്രയിൽ 'റ്റാറ്റാ' കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഭക്തർക്കൊപ്പമാണ് എസ്.എൻ.ഡി.പി എങ്കിലും കോടതി വിധി നടപ്പാക്കുക തന്നെ വേണം. എൻ.എസ്.എസ് ആപ്പു വയ്ക്കുന്നത് സ്വന്തം സമുദായത്തിന് തന്നെയാണ്. കാരണം ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുത് എന്ന് ആഹ്വാനം ചെയ്യുന്നത് മൂലം പട്ടിണിയിലാവുന്നത് അവരുടെ ആളുകളാണ്. ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും നായർ സമുദായത്തിലെ ആളുകളാണ് ജോലി ചെയ്യുന്നത്. ക്ഷേത്ര വരുമാനം കുറഞ്ഞാൽ ശമ്പളം മുടങ്ങും. അതു കൊണ്ട് ഇത്തരം ആഹ്വാനം സ്വന്തം കുഴിതോണ്ടാനേ ഉപകാരമാവുകയുള്ളൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം തന്നെയാണ്. എന്നു കരുതി തെരുവിലിറങ്ങി യുദ്ധം ചെയ്യാൻ ഞങ്ങളെ കിട്ടില്ല. കാരണം ഇതിനിറങ്ങിയാൽ ഞങ്ങൾക്ക് എന്ത് കിട്ടും..? വേറെ ആർക്കെങ്കിലും വേണ്ടിയിട്ട് കൂലിയില്ലാത്ത പണിക്ക് ഞങ്ങൾ എന്തിന് പോകണം. അവർക്ക് വിജയം അരക്കിട്ടുറപ്പിക്കുവാൻ ഞങ്ങളെ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ ഒരു നേട്ടവും ഞങ്ങൾക്കില്ല. അതുപോലെ കെ.സുരേന്ദ്രനെ അകത്തിട്ടപ്പോൾ ബിജെപി കാണിക്കുന്ന തണുപ്പൻ പ്രതികരണത്തോട് ഒട്ടും യോജിക്കുന്നില്ല. ഒരു യുവതി ശബരിമലയിലേക്ക് എത്തി എന്നു പറഞ്ഞു കാട്ടിയ കോലാഹലങ്ങളൊന്നും സുരേന്ദ്രനെ അകത്താക്കിയപ്പോൾ കാണിക്കുന്നില്ല. അപ്പോൾ ഇത് കരുതിക്കൂട്ടിയുള്ള അജണ്ടയാണ് എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിൽ എൻഎസ്എസിനെ
ലക്ഷ്യമിട്ടു വിമർശനമുയർന്നിരുന്നു. എൻഎസ്എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എസ്.എൻ.ഡി.പിയും കെ.പി.എം.എസും അടക്കം സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകൾ യോഗത്തിനുണ്ടായിരുന്നു. ആകെ 190 സമുദായ സംഘടനകളെയാണു ക്ഷണിച്ചത്. പിണറായി വിജയനല്ല യോഗത്തിന് വിളിച്ചതെന്നും കേരളാ മുഖ്യമന്ത്രിയാണ് വിളിച്ചതെന്ന് യോഗത്തിന് പങ്കെടുക്കുന്നതിന് മുൻപ് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ചെല്ലാനുള്ള മര്യാദയും കേൾക്കാനുള്ള മര്യാദയും നമുക്ക് പറയാനുള്ള കാര്യങ്ങൾ പറയാനുള്ള സമാന്യ മര്യാദയും കാണിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞിരുന്നു. എൻ.എസ്.എസ്.പങ്കെടുക്കേണ്ട എന്നാണ് തീരുമാനിച്ചതെന്നും കാരണം ഇപ്പോൾ പറയുന്നില്ലെന്നുമാണ് ജി.സുകുമാരൻ നായർ പറഞ്ഞിരുന്നത്.