കൊല്ലം: അർദ്ധ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസ് നിർത്തിയില്ലെന്ന ആക്ഷേപം കഴിഞ്ഞ കുറച്ചുദിവസമായി വലിയ ചർച്ചയാണ്. ഇതിൽ ഇരുപക്ഷത്തുമായി നിന്ന് സോഷ്യൽമീഡിയയിൽ ഉൾപ്പെടെ തർക്കങ്ങളും കൊഴുക്കുന്നു. എന്നാൽ വേറിട്ടൊരു കാഴ്ചയാണ് കൊട്ടാരക്കരയിൽ ഒരു യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി ജീവനക്കാർ സമയോചിതം ഇടപെട്ടതിലൂടെ കാണാനായത്. കൊട്ടാരക്കരയിൽ നിന്നും ഒരു യാത്രക്കാരന്റെ ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നാട്ടുകാർ.

കഴിഞ്ഞ ദിവസം കൊട്ടാരക്കരയ്ക്കടുത്ത് പൂയപ്പള്ളിയിലാണ് സംഭവം. പാരിപ്പള്ളി-കൊട്ടാരക്കര വേണാട് ചെയിൻ സർവീസിൽ 35 വയസ്സുള്ള ഒരു യുവാവ് കുഴഞ്ഞുവീണു. രാത്രി ഏഴേകാലോടെ ബസ് പൂയപ്പള്ളിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓയൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോകാൻ കയറിയ ആളാണ് കുഴഞ്ഞുവീണത്. സീറ്റിൽനിന്ന് ബസ്സിന്റെ പ്ലാറ്റ്ഫോമിലേക്ക് വീണതുകണ്ട ജീവനക്കാർ ബസ് നിർത്തി. വെള്ളം തളിക്കുകയും പ്രഥമശുശ്രൂഷ നൽകുകയും ചെയ്തിട്ടും ഇയാൾ അബോധാവസ്ഥയിൽ തുടർന്നതിനാൽ യാത്രക്കാരുടെ യെല്ലാം സമ്മതംതേടി പിന്നീടുള്ള സ്റ്റോപ്പുകളിൽ നിർത്താതെ ബസ് ആശുപത്രിയിലേക്ക് പായുകയായിരുന്നു.

മദ്യപിച്ച് ലക്ക് കെട്ട ആളാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വീണയുടൻ എടുത്തുയർത്തിയപ്പോഴാണ് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലായത്. ഉടൻ തന്നെ യാത്രക്കാരോട് ഇനി എവിടെയും നിർത്തില്ല എന്നറിയിക്കുകയും അവിടെ നിന്നും നേരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിക്കുകയുമായിരുന്നു എന്ന് കണ്ടക്ടർ റോയി ലൂക്കോസും ഡ്രൈവർ ഓമനക്കുട്ടനും മറുനാടൻ മലയാളിയോട് പറഞ്ഞു. ഇയാളിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ അനിൽകുമാറെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ചാത്തന്നൂർ ഡിപ്പോയിലെ ആർ.എ.എം. 459-ാംനമ്പർ ബസിലെ ജീവനക്കാരാണ് ഓമനക്കുട്ടനും റോയി ലൂക്കോസും. ഇത്തരത്തിൽ ഒരു യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ സമയോചിതമായി പ്രവർത്തിച്ച കണ്ടക്ടർക്കും ഡ്രൈവർക്കും ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

കഴിഞ്ഞ 13ന് അർദ്ധ രാത്രിയിലാണ് പാലാ ബ്രില്യന്റ് എൻട്രൻസ് കോളേജിൽ പഠിക്കുന്ന പയ്യോളി സ്വദേശിനിയായ പതിനെട്ടുകാരി അവശ്യപ്പെട്ട സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസ് നിർത്തിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിൽ ജീവനക്കാർക്ക് എതിരെ വലിയ പരാതിയാണ് ഒരു വിഭാഗം ഉയർത്തിയത്. എന്നാൽ മിന്നൽ ബസ് സ്‌റ്റേഷനിൽ നിന്ന് വിടുംമുമ്പുതന്നെ ഇടയ്ക്ക് സ്‌റ്റോപ്പില്ലെന്നും പയ്യോളിയിൽ നിർത്തില്ലെന്നും കണ്ടക്ടർ വ്യക്തമാക്കിയിരുന്നു.

വിഷയം ചർച്ചയാവുകയും കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ പരാതി രൂക്ഷമാകുകയും ചെയ്തതോടെ സത്യാവസ്ഥ ചൂണ്ടിക്കാട്ടി അന്ന് ആ ബസ്സിൽ യാത്രചെയ്തിരുന്ന നിരവധി പേരും രംഗത്തെത്തി. മിന്നൽ ബസ്സിന് ഇടയ്ക്ക് സ്‌റ്റോപ്പുണ്ടാവില്ലെന്നും സമയത്ത് ഓടിയെത്തുന്നതിന് വേണ്ടിയാണ് മിന്നൽ എന്ന പേരുതന്നെ ഇട്ട് കൂടുതൽ ചാർജും ഈടാക്കി സർവീസ് നടത്തുന്നതെന്നും കെഎസ്ആർടിസി അധികൃതരും വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണ്. അതിനിടയിലാണ് ഒരു ജീവൻ രക്ഷിക്കാൻ യാത്രികരുടെ സഹായത്തോടെ കൊട്ടാരക്കരയിൽ വേണാട് ബസ്സിനെ നോൺസ്‌റ്റോപ്പായി ഓടിച്ച് കണ്ടക്ടറും ഡ്രൈവറും മാതൃകയായ വാർത്തയും പുറത്തുവരുന്നത്.