കോലാപൂർ: കക്കൂസിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് പാനി പൂരി കച്ചവടം നടത്തിയ കട അടിച്ചു തകർത്ത് നാട്ടുകാർ. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. 'മുംബൈ കേ സ്പെഷ്യൽ പാനി പൂരി വാല' എന്ന കടയിലാണ് ഇത്തരത്തിൽ സംഭവവമുണ്ടായത്. ഭക്ഷണശാലകളിലെ ഏറെ ജനപ്രിയമായ പാനിപൂരിയിൽ കച്ചവടക്കാരൻ കക്കൂസ് വെള്ളമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നാട്ടുകാർ പ്രകോപിതരായത്.

കോലാപൂരിലെ രാൺകല തടാകത്തിന് സമീപത്ത് സ്ഥിരമായി കച്ചവടം നടത്തിയ വ്യക്തിയാണ് ശുചിമുറിയിൽ നിന്നുള്ള വെള്ളം ഭക്ഷണത്തിലുപയോഗിച്ച വിൽപന നടത്തിയത്. തടാക പരിസരത്ത് നിരവധി സന്ദർശകരെത്തുന്ന സ്ഥലമാണ്. ഇയാളുടെ കടയിൽ മിക്ക സമയത്തും പാനി പൂരി കഴിക്കാനെത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റോഡരികിലെ പൊതുകക്കൂസിൽ നിന്നായിരുന്നു വെള്ളം എടുത്തിരുന്നത്. കച്ചവടക്കാരന്‌ ശുചിമുറിയിൽ നിന്നുള്ള വെള്ളമുപയോഗിച്ച് കാൻ നിറയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ചിലർ കട അടിച്ചു തകർത്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.