വെനസ്വേല: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയിൽ സുപ്രീം കോടതിക്ക് നേരെ അജ്ഞാതരുടെ ഹെലികോപ്ടർ ആക്രമണം. ഹെലികോപ്റ്ററിൽ എത്തിയ സംഘം സുപ്രീംകോടതി മന്ദിരത്തിലേക്ക് വെടിവെയ്ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയുമായിരുന്നുവെന്ന സർക്കാർ വൃത്തങ്ങൾ പറയുന്നു. വെനസ്വേലൻ സൈനികോദ്യോഗസ്ഥനായ ഓസ്‌കാർ പ്രസ് പൊലീസ് ഹെലികോപ്റ്റർ തട്ടിയെടുത്ത് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സർക്കാർ പറയുന്നത്. സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയിച്ചു. ആക്രമണം നടത്തിയതെന്ന് കരുതുന്ന സൈനികോദ്യോഗസ്ഥൻ ഇൻസ്റ്റഗ്രാമിൽ ഇതിനേപ്പറ്റി വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പൊലീസ്, സൈനികർ, ജനങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് തങ്ങളെന്നും രാജ്യത്ത് സമാധാനം കൊണ്ടുവരാനും ക്രിമിനൽ ഭരണകൂടത്തിനെതിരെയുമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിക്കുന്നു.

തങ്ങൾ സർക്കാരിന്റെ ദുർഭരണത്തിനെതിരായാണ് ആക്രമണം നടത്തിയതെന്നും ഓസ്‌കാർ പ്രസ് വീഡിയോയിൽ പറയുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ വെനസ്വേലയിലെ ഇടതു സർക്കാരിനെതിരെ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. സർക്കാരും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് മഡുറോയുടെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിനെതിരെ ജനരോഷം ശക്തമായത്.