പെൻസിൽവാനിയ: ശതാബ്ദി കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ മുൻ ചാമ്പ്യന്മാരായ ഉറുഗ്വെയെ അട്ടിമറിച്ച് വെനസ്വേല ക്വാർട്ടറിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വെയെ അവർ പരാജയപ്പെടുത്തിയത്.

അവസരങ്ങൽ സൃഷ്ടിക്കുന്നതിൽ മുന്നിലായിരുന്നിട്ടും അത് ഗോളാക്കിമാറ്റാൻ പ്രഥമ ലോക ചാമ്പ്യന്മാർക്കായില്ല. ചാമ്പ്യന്മാരാകാൻ വലിയ സാധ്യത കൽപ്പിക്കപ്പെട്ട ടീമായിരുന്നു ഉറുഗ്വേ.

36-ാം മിനിട്ടിൽ വെനസ്വേലയുടെ സോളമൻ റോൻഡൻ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. റോൻഡൻ ഇടത് ബോക്‌സിൽ നിന്ന് തൊടുത്ത ഷോട്ട് തടുക്കാൻ ഉറുഗ്വേ ഗോളിക്കായില്ല.

സൂപ്പർ താരം ലൂയിസ് സുവാരസ് ഇല്ലാതെയിറങ്ങിയ ഉറുഗ്വേ, അദ്ദേഹത്തിന്റെ അഭാവം ശരിക്കും അറിഞ്ഞ മത്സരമായിരുന്നു ഇത്. ലാലീഗയിൽ നെയ്മറെയും മെസ്സിയേയും സാക്ഷിയാക്കി ഗോൾ വർഷം നടത്തിക്കൊണ്ടിരുന്ന സുവാരസിലായിരുന്നു ഉറുഗ്വേയുടെ കോപ്പയിലെ എല്ലാ പ്രതീക്ഷയും. 15 തവണ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ ഉറുഗ്വെ ഇത്തവണത്തെ കോപ്പയിൽ ആദ്യ റൗണ്ടിൽ മടങ്ങുന്ന പ്രമുഖ ടീമായി മാറി.

ഏകപക്ഷീയമായ രണ്ടു ഗോളിനു ജമൈക്കയെ തകർത്തു മെക്‌സിക്കോ ക്വാർട്ടറിൽ

കാലിഫോർണിയ: സി ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മെക്‌സിക്കോ ഏകപക്ഷീയമായ രണ്ടു ഗോളിനു ജമൈക്കയെ തോൽപ്പിച്ചു. ജയത്തോടെ മെക്‌സിക്കോ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. ചിചാരിറ്റോയുടെയും പെരാൾട്ടയുടെയും ഗോളിലാണു മെക്സിക്കോയുടെ ജയം.

പതിനെട്ടാം മിനിറ്റിലായിരുന്നു ചിചാരിറ്റോയുടെ ഗോൾ. ചിചാരിറ്റോയുടെ ഹെഡ്ഡർ ജമൈക്കയുടെ വല തുളച്ച് കയറുകയായിരുന്നു. ജീസസ് കൊറോണ ജമൈക്കൻ പ്രതിരോധത്തിന് മുകളിലൂടെ നൽകിയ പന്ത് ഹെഡ്ഡ് ചെയ്ത് ചിചാരിറ്റോ വലയിലെത്തിക്കുകയായിരുന്നു.

78ാം മിനിറ്റിൽ ചിചാരിറ്റോക്കു പകരം കളത്തിലിറങ്ങിയ ഒറിബെ പെരാൾട്ട രണ്ടാം ഗോൾ നേടി. ഗ്രൗണ്ടിലിറങ്ങി മൂന്ന് മിനിറ്റിനുള്ളിൽ പെരാൾട്ട ലക്ഷ്യം കണ്ടു. ലൊസാനയും ഹെരേരയും പെരാൾട്ടയും ചേർന്നുള്ള സംയുക്ത നീക്കത്തിനൊടുവിലാണ് ഗോൾ പിറന്നത്.

ഗ്രൂപ്പ് സിയിൽ എല്ലാ ടീമുകൾക്കും ഒരു മത്സരം ബാക്കി നിൽക്കെ ആറ് പോയന്റോടെയാണു മെക്സിക്കോയും വെനിസ്വേലയും ഗ്രൂപ്പിൽ നിന്നു ക്വാർട്ടർ ഉറപ്പിച്ചത്. ഇരുവരും തമ്മിലാണ് ഗ്രൂപ്പിലെ അടുത്ത മത്സരം. മറ്റൊരു മത്സരത്തിൽ ഉറുഗ്വെ ജമൈക്കയെ നേരിടും.

നാളെ അർജന്റീന-പനാമ, ചിലി-ബൊളീവിയ പോരാട്ടങ്ങൾ

കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയിൽ നാളെ കരുത്തരായ അർജന്റീന പനാമയെ നേരിടും. രാവിലെ ഏഴിനാണു മത്സരം. മറ്റൊരു മത്സരത്തിൽ ചിലിയും ബൊളീവിയയും ഏറ്റുമുട്ടും. രാവിലെ 4.30നാണു മത്സരം.