കാരക്കസ്: വെനിൻസ്വലിയൻ നാണയമായ ബൊളിവറിന് കടലാസിന്റെ വിലപോലുമില്ല. യൂറോയ്‌ക്കെതിരെ ബൊളിവറിന്റെ മൂല്യം 87 ശതമാനം ഇടിവ് നേരിട്ടതോടെ വൻ പ്രതിസന്ധിയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.

വിലയില്ലാത്ത നോട്ടുകൾ കൊണ്ട് ബാഗുകൾ നിർമ്മിച്ചും തൊപ്പികൾ നിർമ്മിച്ചും കാൽക്കാശിന്റെ വിലയില്ലാത്ത നോട്ടുകളിൽ വ്യത്യസ്തത തേടുകയാണ് കച്ചവടക്കാർ.

മൂല്യം നഷ്ടപ്പെട്ടതോടെ ബൊളിവർ നോട്ടുകൾ തെരുവുകളിലും മറ്റും അലക്ഷ്യമായി കിടക്കുന്ന കാഴ്ചകളും കാണാം. ഈ നോട്ടുകൾ കൊണ്ട് ഹാൻഡ് ബാഗ്, കൊട്ടകൾ, തൊപ്പി, പഴ്‌സ് തുടങ്ങിയവ നിർമ്മിക്കുകയാണ് 25കാരനായ ഒരു കച്ചവടക്കാരൻ.

ഒന്നിനും കൊള്ളില്ലാത്ത ഈ നോട്ടുകൾ ജനം വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് സ്ട്രീറ്റുകളിൽ നിന്നും ഈ നോട്ടുകൾ പെറുക്കി റോജാസ് എന്ന കച്ചവടക്കാരൻ ബാഗുകൾ നിർമ്മിക്കാൻ തുടങ്ങിയത്. കടലാസിന്റെ വില പോലും നോട്ടിനില്ലാതായതാണ് ഇങ്ങനെ നോട്ടുകൾ ഉപയോഗിക്കാൻ കാരണം.

നോട്ടുകൾ കൊണ്ട് ഉണ്ടാക്കിയ ഈ വസ്തുക്കൾക്ക് 14 പൗണ്ട് വില വരുമ്പോൾ ബൊളിവർ നാണയത്തിന് ഒരു വിലയും ഇല്ല. അതായത് നോട്ടിന്റെ വിലയേക്കാൾ 5,000 ശതമാനം വർദ്ധനവ്.

നോട്ടിന്റെ മൂല്യം ഇടിഞ്ഞതോടെ വെനിൻസ്വലയിൽ നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് കൊളമ്പിയയിലേക്കും മറ്റും നാടു വിടുന്നത്.