മലപ്പുറം: ഭാര്യ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൂറ്റനാട് തൊഴുക്കാട് ഇലവുങ്കൽ റോയിയുടെ മകൻ സ്റ്റാലിൻ(24) ആണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്. വേങ്ങര ഊരകം പൂളാപ്പീസ് തൈക്കണ്ടി അബ്ദുൽ ലത്തീഫിന്റെ മകൾ നസ്ലയുടെ ഭർത്താവാണ്.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നെന്ന് ഭാര്യ നസ്ലയും,ഭാര്യ പിതാവ് അബ്ദുലത്തീഫും പൊലീസിനു മൊഴി നൽകി. അബ്ദുലത്തീഫ് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും സ്റ്റാലിന്റെ ജീവൻ രക്ഷിക്കാനായില്ല. അയൽവാസികളെ വിവരം അറിയിച്ചിരുന്നില്ല.ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വേങ്ങര പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ എലിസബത്ത് സഹോദരി സ്റ്റെഫി.

ആറുമാസം മുമ്പാണ് സ്റ്റാലിനും,നസ്ലയും പ്രണയിച്ച് വിവാഹം കഴിച്ചത്. മുൻപ് വിവാഹിതയായിരുന്ന നസ്ല ഇതര മതസ്ഥനായ സ്റ്റാൻലിനൊപ്പം വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. എൽ.എൽ.ബി വിദ്യാർത്ഥിയായ നസ്ലയുമായി ഉണ്ടായ തർക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. നസ്ലയുടെ മൊബൈൽ ഫോൺ കാണാനില്ലെന്നും പൊലീസ് അറിയിച്ചു.

ഫോൺ കണ്ടെത്തുകയും നസ്ലയെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് വേങ്ങര എസ്.എച്ച്.ഒ അറിയിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.