മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ് രേഖപ്പെടുത്തിയതോടെ ഉയർന്ന പോളിങ് ആർക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് വിവിധ പാർട്ടികളും മുന്നണികളും. ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരം മുൻവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ (70.77%) വോട്ടു കൂടി ഇക്കുറി. 71.99 ശതമാനമാണ് ഇതുവരെ ലഭിച്ച കണക്കുപ്രകാരം ലഭിച്ച വോട്ട്. 56516 പുരുഷ വോട്ടർമാരും 65863 സ്ത്രീ വോട്ടർമാരും ഇന്ന് വോട്ടുരേഖപ്പെടുത്തി. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം.

വേങ്ങരയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മന്ദഗതിയിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക രാഷ്ട്രീയ വിഷയം ചർച്ച ആകാതിരുന്നതുകൊണ്ടുതന്നെ പാർട്ടിയുടെ കുത്തക വോട്ടുകൾ അരക്കിട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു മുന്നണികൾ. ലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങരയിൽ തുടക്കം മുതൽ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ലീഗും യു.ഡി.എഫും. എന്നാൽ പ്രചാരണ പ്രവർത്തനങ്ങളിലും ഷോ വർക്കുകളിലും ഒന്ന് പിന്നോട്ടു തന്നെയായിരുന്നു വേങ്ങര.

എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വെല്ലുംവിധമാണ് വേങ്ങരയിൽ പോള്ിങ് ബൂത്തിലേക്ക് വോട്ടർമാരെ എത്തിച്ചിരുന്നത്. അതേസമയം ഉയർന്ന പോളിംഗിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ പ്രതീക്ഷ പങ്കു വെയ്ക്കുന്നുണ്ട്.

ഇന്ന് ഏറെ വിവാദമായ സോളാർ വിഷയം വേങ്ങരയിൽ ചർച്ചാ വിഷയമേ ആയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. സോളാർ കേസിലെ കമ്മീഷൻ റിപ്പോർട്ടിൻ മേലുള്ള പുതിയ സംഭവ വികാസങ്ങൾ രണ്ട് ദിവസം മുമ്പ് പുറത്ത് വന്നിരുന്നെങ്കിൽ യു.ഡി.എഫ് ക്യാമ്പിന് ഏറെ തിരിച്ചടിയാകുമായിരുന്നു എന്നാണ് പൊതുവെയുള്ള നിരീക്ഷണം. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി അവസാനം വരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സജീവമായിരുന്നുവെന്നതും പ്രധാന കാര്യമാണ്.

എന്നാൽ ഇടതു പക്ഷവുമായി മുസ്ലിം ലീഗുണ്ടാക്കിയ ധാരണയുടെ പുറത്താണ് വേങ്ങര തിരഞ്ഞെടുപ്പിൽ സോളാർ ചർച്ചയാകാതിരുന്നതെന്ന സംസാരവും വേങ്ങരയിൽ സജീവമാണ്. അതേസമയം, പുതിയ വിവാദം ആർക്കും അനുകൂലവും പ്രതികൂലവും ആയില്ലെന്നതാണ് വസ്തുത. യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിന്റെ കെ.എൻ.എ ഖാദർ തികഞ്ഞ ആത്മവിശ്വാസത്തിലാണുള്ളത്. 30,000 വോട്ടിന്റെ ഭൂരിപക്ഷം തീർച്ചയായും ഉണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. മലപ്പുറം ഉപതെരഞ്ഞെടുപ്പിലേയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേയും ഭൂരിപക്ഷം മറികടക്കുമെന്നായിരുന്നു തുടക്കം മുതൽ യു.ഡി.എഫ് പറഞ്ഞിരുന്നത്. മണ്ഡലത്തിലെ ലീഗ്, കോൺഗ്രസ് പ്രശ്നം ബാധിക്കില്ലെന്ന നിരീക്ഷണവും യു.ഡി.എഫിന് ആശ്വാസമാണ്.

എന്നാൽ ലീഗിന്റെ മൃഗീയ ഭൂരിപക്ഷം കുത്തനെ കുറയിക്കുകയായിരുന്നു തുടക്കം മുതലേ എൽ.ഡി.എഫിന്റെ ലക്ഷ്യം. നാട്ടുകാരനെന്ന നിലയിലും യുവ പിന്തുണയും എൽ.ഡി.എഫ് സ്ഥാനാർത്ഥി പിപി ബഷീറിന് ആത്മവിശ്വാസം നൽകുന്നു. നില മെച്ചപ്പെടുത്താൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ ജനചന്ദ്രൻ മാസ്റ്റർ. ഉറച്ച വോട്ടുകൾ പെട്ടിയിലായെന്ന പ്രതീക്ഷയിലാണ് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ.സി നസീർ. പി.ഡി.പി, വെൽഫെയർ പാർട്ടികൾ ഇത്തവണ മത്സര രംഗത്തില്ല. ലീഗ് വിരുദ്ധ വോട്ടുകളായാണ് ഇവയെ കണക്കാക്കുന്നത്. ഇത് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

ആറു മണിക്ക് പോളിങ് പൂർത്തിയായപ്പോൾ, അവസാന കണക്കുകൾ പ്രകാരം മണ്ഡലത്തിലെ 71.99 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ രേഖപ്പെടുത്തിയിരുന്നത് മികച്ച പോളിംഗാണ്. എ ആർ നഗർ പഞ്ചായത്തിലാണ് ഏറ്റവും മികച്ച പോളിങ്- 71.5 ശതമാനം. തൊട്ടടുത്ത് 71.4 ശതമാനം പേർ വോട്ടു ചെയ്ത വേങ്ങര പഞ്ചായത്തുണ്ട്. പറപ്പൂർ, കണ്ണമംഗലം, ഒതുക്കുങ്ങൽ എന്നീ മൂന്നു പഞ്ചായത്തുകളിൽ 70.2 ശതമാനവും ഊരകം പഞ്ചായത്തിൽ 70 ശതമാനവും പോളിങ് രേഖപ്പെടുത്തി.

ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണിത്. വേങ്ങര എംഎൽഎ ആയിരുന്ന പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ചരിത്രത്തിൽ ഇതുവരെ മുസ്ലിം ലീഗിനെ കൈവിടാത്ത മണ്ഡലമാണ് വേങ്ങര. നാലു പാർട്ടി സ്ഥാനാർത്ഥികളും രണ്ട് സ്വതന്ത്രരും ഉൾപ്പെടെ ആറുപേരാണ് മത്സര രംഗത്തുള്ളത്. കെഎൻഎ. ഖാദർ (യുഡിഎഫ്), പിപി ബഷീർ (എൽഡിഎഫ്), കെ ജനചന്ദ്രൻ(എൻഡിഎ) എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ. എസ്ഡിപിഐയ്ക്കു അഡ്വ. നസീറും മത്സരരംഗത്തുണ്ട്. ഉയർന്ന പോളിങ് ശതമാനം തങ്ങൾക്കനുകൂലമായ വിധിയെഴുത്തായാണ് എൽഡിഎഫും യുഡിഎഫും വ്യാഖ്യാനിക്കുന്നത്.