മലപ്പുറം:വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് 1 മണി വരെ 46 ശതമാനം പോളിങ്.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീൻ ഉപയോഗിക്കുന്നവെന്ന പ്രത്യേകതയുണ്ട്. ആർക്കാണ് വോട്ട് ചെയ്തതെന്നു വോട്ടർമാർക്കു കാണാൻ സൗകര്യമൊരുക്കുന്നതാണ് വിവി പാറ്റ് സംവിധാനം. 

1,70,006 വോട്ടർമാരാണ് വിധിയെഴുതുന്നത്. 165 പോളിംങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. പോളിങ് ശതമാനത്തിലെ കുറവാണ് മുന്നണികളെ അലട്ടുന്നത്. ഇത്തവണ അതു പരിഹരിക്കാമെന്ന് പ്രതീക്ഷയിൽ ശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടത്.

വൈകിട്ട് ആറിനു ബൂത്തിൽ പ്രവേശിച്ച് വരിയിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. രണ്ടു സ്വതന്ത്രരുൾപ്പെടെ ആറു സ്ഥാനാർത്ഥികളാണു മത്സര രംഗത്തുള്ളത്. കെ.എൻ.എ. ഖാദർ (യു.ഡി.എഫ്.), പി.പി. ബഷീർ (എൽ.ഡി.എഫ്.), കെ. ജനചന്ദ്രൻ (എൻ.ഡി.എ.) എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ.ജയം നിലനിർത്താൻ യുഡിഎഫും,അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിച്ച് എൽഡിഎഫും, ശക്തമായ മൽസരം കാഴ്ച വയ്ക്കാൻ ബിജെപിയും രംഗത്തുണ്ട്.

10 പ്രശ്‌നബാധിത ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ആറു മാസം മുൻപു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്‌ട്രോങ് റൂമിലെത്തിക്കും. വോട്ടെണ്ണൽ ഞായറാഴ്ചയാണ്.

വോട്ടെടുപ്പിനു ശേഷം സീൽചെയ്ത വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽത്തന്നെ തിരിച്ചെത്തിക്കും. ഇവിടെയാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽനടക്കുന്ന 15വരെ സിഐഎസ്.എഫിന്റെ കാവലിൽ സ്‌ട്രോങ് റൂമുകളിൽ യന്ത്രങ്ങൾ സൂക്ഷിക്കും.

വേങ്ങരയുടെ തെരഞ്ഞെടുപ്പ് ചരിത്രം യു.ഡി.എഫിന് അനുകൂലമാണ്. മണ്ഡലം നിലവിൽ വന്നശേഷമുള്ള അഞ്ചുതിരഞ്ഞെടുപ്പുകളിലും അവർക്കായിരുന്നു മേൽക്കൈ.2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില് യഥാക്രമം 38, 237, 38,057 വോട്ടുകളായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. 2014, 2017 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ 42, 632, 40, 529 വോട്ട് വീതവും ഭൂരിപക്ഷം നേടി.
മുസ്ലിംലീഗ്‌കോൺഗ്രസ് പടലപ്പിണക്കങ്ങൾക്കിടെ നടന്ന 2015ലെ തദ്ദേശതിരഞ്ഞെടുപ്പിലും യു.ഡി.എഫ്. ഭൂരിപക്ഷം നിലനിർത്തി. എന്നാൽ, കണക്കിൽ കാര്യമില്ലെന്ന പറയുന്ന എൽ.ഡി.എഫ്. 2014 ലേക്‌സഭാ തിരഞ്ഞെടുപ്പിലും 2006, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും മലപ്പുറത്തുണ്ടായ അട്ടിമറി വിജയങ്ങൾ ചൂണ്ടിക്കാട്ടുന്നു.