- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി; കുറ്റകൃത്യത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി; കൊലപാതകത്തിന് കാരണമായ വിഷയങ്ങളും കണ്ടെത്തുമെന്ന് പിണറായി വിജയൻ; ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്ന് രമേശ് ചെന്നിത്തല; രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിന് ഉചിതമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ DYFI നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കൊലപാതകത്തിൽ കോൺഗ്രസ് ഉന്നത തലത്തിൽ ഗൂഢാലോചന നടന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. തിരുവോണത്തിന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളമാണ്. ആസൂത്രിതമായ കൊലപാതകമാണ് വെഞ്ഞാറമൂട്ടിൽ നടന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
അതേസമയം, വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായംകുളം കൊലപാതകം കോൺഗ്രസിന്റെ പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു മണിക്കൂറുകൾക്കകം പാളിപ്പോയ അനുഭവം ഇവിടെയും സംഭവിക്കും. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തിൽ തിരുവനന്തപുരം റൂറൽ എസ്‌പി നടത്തിയ അഭിപ്രായപ്രകടനം അനവസരത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാനാവില്ല എന്നാണ് കേസന്വേഷിക്കുന്ന ഡി.വൈ.എസ്‌പി. വ്യക്തമാക്കിയത്. കൊല നടത്താനുള്ളവരെ പോറ്റിവളർത്തുകയും ജയിലിൽ ആകുമ്പോൾ അവർക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോൺഗ്രസിന്റെ സംസ്‌കാരമല്ല. സ്വർണകള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും പിൻവാതിൽ നിയമനം ഉൾപ്പെടെ നാണക്കേടിൽ മുഖം നഷ്ടപ്പെട്ട സിപിഎം രക്തസാക്ഷികളെ തേടി നടക്കുകയാണ് ചെന്നിത്തല പറഞ്ഞു.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി നിഷ്പക്ഷമായ അന്വേഷണം നടത്തണം.കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം വെഞ്ഞാറമൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ തടഞ്ഞുനിർത്തി വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഷജിത്താണ് പിടിയിലായത്. വീട്ടിൽ നിന്നാണ് ഷജിത്തിനെ പിടികൂടിയത്. ഷജിത്താണ് ഗൂഢാലോചന നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്.
ഷജിത്ത് വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ വീട് വളയുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് ബലംപ്രയോഗിച്ചാണ് ഷജിത്തിനെ പൊലീസ് കൊണ്ടുപോയത്. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് പറയുന്നത്.
വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്മൂട് കലുങ്കിന്മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് തേമ്പാന്മൂട് ജംക്ഷനിൽ ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം.സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ് വ്യക്തമാക്കി. അക്രമി സംഘമെത്തിയ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരോടൊപ്പം ഉണ്ടായിരുന്ന സഹിൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് എസ്എഫ്ഐ തേമ്പാമുട് മേഖല സെക്രട്ടറിയായ സഹിൻ പൊലീസിന് മൊഴി നൽകി. ബൈക്കിൽ പോവുകയായിരുന്ന മൂവരെയും വാഹനം തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഡിവൈഎഫ്ഐ കലുങ്കിന്മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ, സിപിഎം നേതൃത്വം ആരോപിച്ചു. തുടർച്ചയായി സിപിഎം കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാന്മൂട്.
മറുനാടന് മലയാളി ബ്യൂറോ