തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ടത് ജീവിക്കാൻ വേണ്ടി പെടാപാടുപെട്ട യുവാക്കൾ. രണ്ടു പേരും കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു. പലവിധ തൊഴിലുകൾ ചെയ്താണ് രണ്ടു പേരും കുടുംബം പോറ്റിയത്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ പ്രതീക്ഷകളാണ് പൊലിഞ്ഞത്. രാഷ്ട്രീയമാണ് കൊലയ്ക്ക് കാരണമെന്ന് സിപിഎം ആരോപിക്കുന്നു. എല്ലാ കൊലപാതകങ്ങളിലേതും പോലെ ഇവിടെ മരിച്ചു വീണതും കുടുംബത്തിനെ ചുമലിലേറ്റുന്നവരായിരുന്നു.

തിരുവോണനാൾ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ കോൺഗ്രസുകാരണ്. ഇവരുടേയും കബറടക്കം കണ്ണീരിൽ കുതിർന്ന അന്തരീക്ഷത്തിലാണ് നടന്നത്. ഹഖിന്റെ ഭാര്യ നാല് മാസം ഗർഭിണിയാണെന്നും അന്ത്യചുംബന കാഴ്ച താങ്ങാനായില്ലെന്നും ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീം പറഞ്ഞു.

മിഥിലാജിനു നേരത്തെ കുപ്പിവെള്ളം വിവിധ കടകളിലെത്തിക്കുന്ന തൊഴിലായിരുന്നു. കോവിഡ് സീസണായപ്പോൾ പച്ചക്കറി കച്ചവടത്തിലേക്ക് മാറി. അഞ്ചും ഏഴും വയസായ രണ്ട് മക്കളും ഭാര്യയും വാപ്പയും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു മിഥിലാജ്. ഹക്കിം മുഹമ്മദ് നേരത്തെ വെമ്പായത്ത് കട നടത്തിയിരുന്നു. ഇപ്പോൾ മത്സ്യം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഒന്നര വയസുള്ള കുട്ടിയുണ്ട്. മാത്രമല്ല ഭാര്യ നാലു മാസം ഗർഭിണിയുമാണ്.

ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം പറയുന്നത്. വെഞ്ഞാറമൂടിൽ കോൺഗ്രസ് അക്രമിസംഘം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ രണ്ടിന് സിപിഐ എം ന്റെ ആഭിമുഖ്യത്തിൽ കരിദിനം ആചരിക്കാനും തീരുമാനിച്ചു. പാർട്ടി ബ്രാഞ്ച് തലത്തിൽ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം. ഈ കൊലപാതകം നടത്തിയവർക്കെതിരെ ശക്തമായ ബഹുജനരോഷം ഉയർന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെ തുടർന്ന് സഖാക്കൾ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. നിഷ്ഠൂരമായ ഒരു കൊലപാതകമാണിത്. നേരത്തേയും സിപിഐ എം പ്രവർത്തകരെ വധിക്കാൻ കോൺഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോൾ നടന്ന സംഭവം കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. രണ്ട് പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത് ഈ സംഭവം ജനങ്ങളിൽ വലിയ അമർഷവും രോക്ഷവും ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകർ ഈ ഘട്ടത്തിൽ ആത്മസമീപനം പാലിച്ച് കൊലപാതക പാർട്ടിയായ കോൺഗ്രസ്സിനെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനത്തിൽ ഏർപ്പെടുകയാണ് വേണ്ടത്.

സെപ്റ്റംബർ 2 ന് സിപിഐ എം ന്റെ ആഭിമുഖ്യത്തിൽ കരിദിനം ആചരിക്കും. നിയമസഭയിൽ കോൺഗ്രസ്സ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെതുടർന്ന് നിരാശരായകോൺഗ്രസ്സ് നേതൃത്വം വിവിധ രൂപത്തിൽ കലാപം സംഘടിപ്പിക്കാൻ ശ്രമിച്ചുവരികയാണ്. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത് എന്ന് വെഞ്ഞാറമൂട് ഇരട്ടകൊലപാതകം തെളിയിച്ചിരിക്കുകയാണ് - കോടിയേരി പറഞ്ഞു.

അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും അതിൽനിന്ന് മുതലെടുക്കാനുമുള്ള കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവനും അഭ്യർത്ഥിച്ചു. വെഞ്ഞാറമൂടിൽ കോൺഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടർന്ന് എൽഡിഎഫ് പ്രവർത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊലചെയ്യപ്പെട്ടിരിക്കുകയാണ്. അതിനിഷ്ഠൂരമായ ഇരട്ടകൊലപാതകമാണിത്. തിരുവോണതലേന്ന് സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരവെയാണ് കോൺഗ്രസ്സ് ക്രിമിനലുകൾ ഇരുവരേയും തടഞ്ഞുനിർത്തി കൊലപ്പെടുത്തിയത്. നേരത്തെയും ഈ പ്രദേശത്ത് ഇടതുപക്ഷ പ്രവർത്തകരെ വധിക്കാൻ കോൺഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോൾ നടന്ന സംഭവം കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്.

രണ്ട്‌പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത്. ഈ സംഭവം ജനങ്ങളിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയിട്ടുള്ളത്. എല്ലാ പിന്തുണയും കൊടുത്തുകൊലപാതകികളെ തയ്യാറാക്കി പറഞ്ഞയച്ച് അരുംകൊലകൾ നടത്തുന്നത് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെയാണ്. വെളുത്ത ഖദറിനുള്ളിൽ ഒളിപ്പിച്ചുവച്ച കൊലക്കത്തിയുമായി കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ കലുഷിതമാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണവർ. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിലും ജനപ്രീതിയിലും വിറളിപിടിച്ച കോൺഗ്രസ്സ് സമനിലതെറ്റിയ വിധത്തിലാണ് കുറച്ചുനാളുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അധികാരം ഇനിയൊരിക്കലും കിട്ടാതാകുമോ എന്ന ആശങ്ക അവരെ അലട്ടുന്നുണ്ട്. സ്വന്തം മുന്നണിയിൽപോലും ഐക്യമില്ലാതാകുകയും രാഷ്ട്രീയ അസ്തിത്വം നഷ്ട്ടപ്പെടുകയും നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെടുകയും മാത്രമല്ല പ്രതിപക്ഷത്തിന്റെ പൊള്ളത്തരം ഇടതുപക്ഷം നിയമസഭയിൽ തുറന്നുകാണിക്കുകയും ചെയ്തതോടെ നിരാശരാവുകയായിരുന്നു കോൺഗ്രസ്സ്.

ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ സർക്കാരിനെതിരായി കെട്ടിപൊക്കിയ എല്ലാ നുണപ്രചരണങ്ങളും ചീറ്റിപോവുകയും സ്വയം അപഹാസ്യരാവുകയും ചെയ്തതോടെ വിവിധ രൂപത്തിൽ കലാപം സംഘടിപ്പിക്കാൻ ശ്രമിച്ചുവരികയാണ് കോൺഗ്രസ്സ് നേതൃത്വം. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും അതിൽനിന്ന് മുതലെടുക്കാനുമുള്ള കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണം. ആശയങ്ങൾ തോൽക്കുന്നിടത്ത് ആയുധമെടുത്തിറങ്ങുന്ന നൃശംസത അവസാനിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ കേരളം നിങ്ങളോട് കണക്കുചോദിക്കുകതന്നെ ചെയ്യും.ക്രൂരമായി കൊലചെയ്യപ്പെട്ട സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു - വാർത്താക്കുറിപ്പിൽ പറഞ്ഞു.