- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെഞ്ഞാറമൂട് ഇരട്ടക്കൊല നടന്ന സ്ഥലത്ത് 12 പേർ ഉണ്ടായിരുന്നെന്ന് സമ്മതിച്ച് പൊലീസും; തിരിച്ചറിഞ്ഞത് 10 പേരെ; രണ്ടുപേർക്കായി അന്വേഷണം തുടരുന്നു; ആറുപേർ കൊല്ലപ്പെട്ടവർക്കൊപ്പം ഉണ്ടായിരുന്നവരെന്നും വെളിപ്പെടുത്തൽ; പ്രതികളായ സജീവ്, സനൽ, ഉണ്ണി, അൻസർ എന്നിവർക്ക് പരുക്കും; വെഞ്ഞാറമൂട്ടിലേക്ക് ഗുണ്ടാ കുടിപ്പകയെന്ന വാദത്തിന് കരുത്തേകുന്നു; പ്രത്യാക്രമണം ശക്തമാക്കി കോൺഗ്രസും; വെഞ്ഞാറമൂട്ടിൽ സർവ്വത്ര ദുരൂഹത
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നിൽ സിപിഎമ്മിലെ ചേരിപ്പോരാണെന്ന വാദം കോൺഗ്രസ് ചർച്ചയാക്കുമ്പോൾ തെളിയുന്നത് അന്വേഷണത്തിലെ അട്ടിമറികൾ. അക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇതിന് തെളിവാണ്. നാലു വാഹനങ്ങളും ആയുധങ്ങളുമായി 12 പേരെ ദൃശ്യങ്ങളിൽ കാണാം. ഒന്നാംപ്രതി സജീവിനെ കൊല്ലപ്പെട്ട മിഥിലാജാണ് ആദ്യം വെട്ടിയത്. സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടി രണ്ടുപേർ മരിച്ചു. മൂന്നുപേർ അറസ്റ്റിലായി. ഏഴുപേരെ അറസ്റ്റുചെയ്തില്ലെന്ന കോൺഗ്രസിന്റെ ആരോപണം പ്രതിക്കൂട്ടിൽ നിർത്തുന്നത് പൊലീസിനെയാണ്. സിപിഎമ്മുമായി ഏറെ അടുപ്പമുള്ള റൂറൽ എസ് പി ബി അശോകനു നേരെയാണ് അട്ടിമറിയുടെ സംശയ മുന കോൺഗ്രസ് നീട്ടുന്നത്.
ഷഹീൻ (സാക്ഷിയായ ആളല്ല), അപ്പൂസ് എന്നിവരും അക്രമ സമയത്തുണ്ടായിരുന്നു എംഎൽഎ.യുടെ മകനെ അക്രമിച്ചതുമായി ബന്ധപ്പെട്ടാണ് സിപിഎമ്മുകാർ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. അന്വേഷണം സിബിഐ.ക്കു വിടണം. സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞതിനു വിരുദ്ധമായാണ് റഹീം പറയുന്നത്. സംഭവത്തിനുശേഷം റഹീം പൊലീസ് സ്റ്റേഷനിലെത്തി സാക്ഷിയോട് രണ്ടുമണിക്കൂറോളം സംസാരിച്ചു. റഹീമിന്റെ പങ്ക് അന്വേഷിക്കണം. മിഥിലാജ് മൂന്ന് വധശ്രമം ഉൾപ്പെടെ നാലു കേസുകളിൽ പ്രതിയാണ്. ഈ കേസുകളിൽ കോൺഗ്രസ് വാദിഭാഗത്തോ പ്രതിഭാഗത്തോ അല്ല. ഇപ്പോൾ പിടിയിലായ ആർക്കും കോൺഗ്രസിന്റെ ഒരു ഫോറവുമായും ബന്ധമില്ല്‌ലെന്നും കോൺഗ്രസ് പറയുന്നു. എന്നാൽ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റേതെന്ന് റഹീമും ആരോപിക്കുന്നു.
കഴിഞ്ഞ വർഷം വേങ്കമല ക്ഷേത്ര ഉത്സവത്തിനിടെ ഡി.കെ.മുരളി എംഎൽഎയുടെ മകനുമായി വ്യക്തിപരമായ വിഷയത്തിൽ അദ്ദേഹത്തിനെതിരെ ഡിവൈഎഫ്ഐക്കാർ രംഗത്തെത്തിയിരുന്നു. തുടർന്നുള്ള പ്രശ്‌നങ്ങളാണു കൊലപാതകത്തിലെത്തിയത്. ഐഎൻടിയുസി-കോൺഗ്രസ് അനുഭാവികളും അവർക്കൊപ്പം ചേർന്നിട്ടുണ്ടാവും. അങ്ങനെയുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ല. അറസ്റ്റിലായ ആരും കോൺഗ്രസ് ഫോറങ്ങളുടെ നേതൃത്വത്തിലുള്ളവരോ അംഗങ്ങളോ അല്ലെന്നാണു വ്യക്തമായതെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു.
മരിച്ച ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരും എതിർപക്ഷത്തുള്ളവരെ വെട്ടുന്നതു ദൃശ്യങ്ങളിൽ കാണാമെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട മിഥിലാജ് ഉൾപ്പെട്ട 4 ക്രിമിനൽ കേസുകളിൽ രണ്ടെണ്ണം സിപിഎം-ഡിവൈഎഫ്എ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നതാണ്. അതിൽ ഡിവൈഎഫ്‌ഐ വെഞ്ഞാറമൂട് ഏരിയ ജോയിന്റ് സെക്രട്ടറിയും റഹിമിന്റെ വലംകയ്യുമായ സഞ്ജയനെ ആക്രമിച്ച കേസും ഉൾപ്പെടുന്നു. സിപിഎമ്മിനു വിധേയപ്പെട്ടു പ്രവർത്തിക്കുന്ന റൂറൽ എസ്‌പിയുടെ നേതൃത്വത്തിലെ അന്വേഷണത്തിലൂടെ യഥാർഥ പ്രതികൾ പിടിക്കപ്പെടില്ല. അന്വേഷണം സിബിഐക്കു വിടണമെന്നാണ് ആവശ്യം.
അതിനിടെ വെഞ്ഞാറമൂട് ഇരട്ടക്കൊല നടന്ന സ്ഥലത്ത് 12 പേർ ഉണ്ടായിരുന്നെന്ന് പൊലീസും സമ്മതിച്ചു. തിരിച്ചറിഞ്ഞത് 10 പേരെ മാത്രമാണ്. രണ്ടുപേർക്കായി അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. ആറുപേർ കൊല്ലപ്പെട്ടവർക്കൊപ്പം ഉണ്ടായിരുന്നവരെന്നും പ്രതികളായ സജീവ്, സനൽ, ഉണ്ണി, അൻസർ എന്നിവർക്ക് പരുക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ആറു പേർ കൊല്ലപ്പെട്ടവർക്കൊപ്പം ഉണ്ടെന്ന് പൊലീസ് സമ്മതിക്കുമ്പോൾ അത് വിരൽ ചൂണ്ടുന്നത് രണ്ട് സംഘങ്ങൾ തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്കുള്ള സാധ്യതയാണ്. ആക്രമണത്തിൽ 12 പേർ ഉൾപ്പെട്ടതായും അന്വേഷണം വേണമെന്നും നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
ആക്രമണത്തിൽ 12 പേരാണ് ഉൾപ്പെട്ടതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഇതിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർ അറസ്റ്റിലായി. ബാക്കി എഴുപേർ ആരാണെന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സർക്കാർ വ്യക്തമാക്കണമെന്ന് എം.എം.ഹസൻ, കെ.എസ്.ശബരീനാഥ്, നെയ്യാറ്റിൻകര സനൽ എന്നിവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ സാക്ഷിയെന്ന് പൊലീസ് പറയുന്ന വ്യക്തിയും സംഭവസ്ഥലത്തെ ദൃശ്യങ്ങളിലുള്ളയാളും വ്യത്യസ്തരാണ്. റൂറൽ എസ്‌പി രാഷ്ട്രീയം കളിക്കുകയാണെന്നും സിബിഐക്ക് അന്വേഷണം കൈമാറണം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പങ്ക് അന്വേഷിക്കണമെന്നും ഡിസിസി ഭാരവാഹികൾ ആവശ്യപ്പെട്ടു.
സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി ശേഖരിക്കാനാണ് പൊലീസ് തീരുമാനം. പ്രതികളെയെല്ലാം ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ നൽകുക. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ