- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവർക്കിടയിൽ' ഇതാ ഒരു കരയുന്ന നേതാവ്! സഭ അലങ്കോലമായപ്പോൾ പൊട്ടിക്കരഞ്ഞത് ചരിത്രം; പ്രാസഭംഗിയുള്ള പ്രസംഗങ്ങളിലുടെ ചിരിക്കുടക്ക; വാജ്പേയിയുടെ കാലത്തെ കിങ്ങ്മേക്കറായ ഡി 4 നേതാവ്; 'രാഷ്ട്രപതിയാവാനില്ല, ഉപരാഷ്ട്രപതിയായാൽ മതി'യെന്ന തഗ്ഗുമായി പടിയിറക്കം; വെങ്കയ്യ നായിഡു ഒരു അസാധാരണ നേതാവ്
'കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളവർ' എന്നാണ് നമ്മുടെ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പൊതുവെ പറയുക. രാഷ്ട്രീയക്കാർ ആരെങ്കിലും നാളിതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ടോ എന്നുമൊക്കെ ട്രോളുകളും ഉണ്ടാവാറുണ്ട്. ഒരു ഇന്ത്യൻ രീതി അനുസരിച്ച് പുരുഷന്മാർ കരയുക എന്നതും മോശം കാര്യമായാണ് കണക്കാക്കുന്നത്. എന്നാൽ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് പടിയിറങ്ങിയ വെങ്കയ്യനായിഡുവെന്ന, പ്രാസഭംഗിയുള്ള പ്രസംഗങ്ങളിലുടെ നമ്മെ ചിരിപ്പിച്ച രാഷ്ട്രീയ നേതാവ്, പൊട്ടിക്കരയുന്നത് രാജ്യസഭയിൽ കണ്ടു. ഒന്നല്ല, പലവട്ടം. പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തി വളരെ മോശമായ മുദ്രാവാക്യങ്ങൾ ഉയർത്തിയപ്പോൾ, ജയ്പാൽ റെഡ്ഡി എന്ന മുതിർന്ന നേതാവിന്റെ അനുശോചന ചടങ്ങിൽ, ഇപ്പോഴിതാ, ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് വിരമിക്കമ്പോൾ ഒക്കെ വെങ്കയ്യനായിഡുവെന്ന ആ ആന്ധ്രാക്കാരനിൽ നിന്ന് അനർഗളം കണ്ണീരൊഴുകി.
അത്രക്ക് നിഷ്‌ക്കളങ്കനായിരുന്നു 73കാരനായ ഈ നേതാവ്. എതിരാളികൾ പോലും ബഹുമാനിക്കുന്ന സൗമ്യ സാന്നിധ്യം. ഭരണകക്ഷിയെ ശത്രുവായി കാണരുതെന്നും എതിരാളിയായേ കാണാവൂ എന്നും പ്രതിപക്ഷത്തെ ഉപദേശിച്ചാണ് ചെയർമാൻ കൂടിയായ വെങ്കയ്യ നായിഡു രാജ്യസഭയോട് വിട പറഞ്ഞത്. രാജ്യസഭയിൽ തന്റെ അവസാന ദിവസമായ തിങ്കളാഴ്ച അദ്ദേഹം വികാര നിർഭരമായ പ്രസംഗമാണ് നടത്തിയത്.
'രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞ ദിവസം കണ്ണുനിറഞ്ഞിരുന്നു. പാർട്ടി വിടേണ്ടി വരുമല്ലോ എന്നോർത്താണ് കണ്ണുനിറഞ്ഞത്. ഞാനിത് ചോദിച്ചതായിരുന്നില്ല. പാർട്ടി ചുമതല ഏൽപിച്ചു. അതനുസരിച്ച് ഞാൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സഭ നടത്താൻ എന്നെക്കൊണ്ട് കഴിയുന്ന തരത്തിൽ നോക്കി. എല്ലാ കക്ഷികൾക്കും ഇടവും അവസരവും നൽകി. ഉപരിസഭക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ട്. ലോകം രാജ്യത്തെ നോക്കിക്കൊണ്ടിരിക്കുമ്പോൾ എംപിമാർ മര്യാദ പുലർത്തണം. നമ്മൾ ശത്രുക്കളല്ല, എതിരാളികളാണ്. മത്സരത്തിൽ മറ്റുള്ളവരെക്കാൾ തിളങ്ങാൻ അത്യധ്വാനം ചെയ്യാം. തള്ളിവീഴ്‌ത്താൻ നോക്കരുത്''- നായിഡു പറഞ്ഞു. ഒന്നാം വയസിൽ വെങ്കയ്യ നായിഡുവിന് അമ്മയെ നഷ്ടപ്പെട്ട കാര്യം ഡെറിക് ഒബ്രിയാൻ എംപി സഭയിൽ അനുസ്മരിക്കുന്നതിനിടെ അദ്ദേഹം വിതുമ്പി.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുഭവങ്ങളുടെ പാഠപുസ്തകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. കേന്ദ്രമന്ത്രി, ജനപ്രതിനിധി, ബിജെപി അധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രശംസനീയമായ പ്രകടനമാണ് വെങ്കയ്യനായിഡു കാഴ്ചവച്ചതെന്നും, യുവതലമുറയിലെ എംപിമാർ അദ്ദേഹത്തെ മാതൃകയാക്കണമെന്നും മോദി പറഞ്ഞു. സ്വന്തം രാഷ്ട്രീയം ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ പ്രകടിപ്പിക്കാത്ത വ്യക്തിത്വമാണ് വെങ്കയ്യനായിഡുവെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും പറഞ്ഞു.
ഇങ്ങനെ ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ കൈയടികളോടെ ഒരു രാഷ്ട്രീയനേതാവിന് വിരമിക്കാൻ കഴിയുന്നത് അപുർവങ്ങളിൽ അപൂർവമാണ്. സുഷമ സ്വരാജിനെപ്പോലെ ബിജെപിയുടെ ജനകീയ മുഖം ആയിരുന്നു വെങ്കയ്യ. അഞ്ചുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ അഴിമതിക്കറകളും ഒട്ടും വീണിട്ടില്ല.
ഒരു ഗോഡ്ഫാദറുമില്ലാതെ രാഷ്ട്രീയത്തിൽ
ഒരു ഗോഡ്ഫാദറും ഇല്ലാതെ രാഷ്ട്രീയത്തിൽ പൊരുതിക്കയറിയ നേതാവിന്റെ കഥയാണ് വെങ്കയ്യനായിഡുവിന്റെത്. ബിജെപി ദക്ഷിണേന്ത്യയിൽ ഒന്നുമല്ലാത്ത കാലത്തും അദ്ദേഹം ആ പാർട്ടിക്കുവേണ്ടി മുൻ നിരയിൽ ഉണ്ടായിരുന്നു.
കർഷകരായ രങ്കയ്യാ നായിഡുവിന്റെയും, രമണമ്മയുടെയും മകനായി ആന്ധ്രാപ്രദേശിലെ നെല്ലൂർ, ചാവട്ടപാളം ഗ്രാമത്തിൽ 1949 ജൂലായ് 1നാണ് മുപ്പവരപ്പ് വെങ്കയ്യനായിഡു എന്ന എം വെങ്കയ്യനായിഡു ജനിച്ചത്. ആന്ധ്രാപ്രദേശിലെ ആദ്യ ബിജെപി എംഎൽഎയാണ് ഇദ്ദേഹം. നെല്ലൂരിലെ വിആർ ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പൊളിറ്റിക്സ് ആൻഡ് ഡിപ്ലോമാറ്റിക് സ്റ്റഡിസീൽ വിആർ കോളേജിൽ നിന്ന് ബിരുദവും, ആന്ധ്രാ യൂണിവേഴ്സിറ്റി ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും, അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിനിടെ എബിവിപിയിൽ അംഗമായി. കോളേജ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതായിരുന്നു തുടക്കം.
1972ലെ ആന്ധ്രാ മൂവ്മെന്റിൽ ശ്രദ്ധേയമായി പങ്കെടുത്തു. 1974 ൽ ആന്ധ്രാപ്രദേശിൽ ജയപ്രകാശ് നാരായണൻ അഴിമതിക്കെതിരെ നടത്തിയ ഛത്ര സംഘർഷ് സമിതിയുടെ കൺവീനറായി. 1977 മുതൽ 80 വരെ സമിതിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥ ജയിൽവാസം അനുഭവിച്ചു. ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദയഗിരി മണ്ഡലത്തിൽ നിന്ന് 1978ലും 1983ലും രണ്ടുതവണ എംഎൽഎ ആയി. 1998 ലും 2004ലും 2010ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2000 വരെ പാർട്ടിയുടെ വക്താവായി പ്രവർത്തിച്ചു. 1996ൽ അടൽ ബിഹാരി വാജ്പേയി മന്ത്രി സഭയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്നു. പ്രധാൻ മന്ത്രി ഗ്രാമീൺ സഡക് യോജന പോലെയുള്ള പദ്ധതികൾ നടപ്പിലാക്കി. 2002 മുതൽ ബിജെപി ദേശീയ അദ്ധ്യക്ഷനായി. 2014ലെ മോദി മന്ത്രി സഭയിൽ പാർലമെന്ററി കാര്യ മന്ത്രിയായി.
വാജ്പേയുടെ കാലത്തെ ഡി 4 ഗ്രൂപ്പ്
വെങ്കയ്യനായിഡുവിന്റെ പേര് ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നുകേട്ടത് അടൽ ബിഹാരി വാജ്പേയിയുടെ കാലത്തായിരുന്നു. 2002ൽ ജനകൃഷ്ണമൂർത്തിക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷനായതും വാജ്പേയിയുടെയും അദ്വാനിയുടെയും പിന്തുണയോടെ ആയിരുന്നു. അന്ന് ഉറച്ച അദ്വാനിപക്ഷക്കാരനായിരുന്നു അദ്ദേഹം. വാജ്പേയിയുടെ ഭരണകാലത്ത് പാർട്ടിയുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നത് വെങ്കയ്യ നായിഡുവിന് അദ്ദേഹവുമായി ഊഷ്മളമായ ബന്ധമായിരുന്നു. അദ്വാനിയോട് അടുപ്പം പുലർത്തിയിരുന്ന സുഷമസ്വരാജ്, വെങ്കയ്യനായിഡു, അരുൺജെയറ്റ്ലി, അനന്ത്കുമാർ എന്നിവർ ഡി 4 എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. സുഷമ സ്വരാജ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്ക് വെങ്കയ്യ വല്യേട്ടനായിരുന്നു. എന്നാൽ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ അദ്ദേഹത്തിന്റെ പാർട്ടിയിലെ സ്വാധീനം കുറഞ്ഞുവെന്ന് വിലയിരുത്തലുകൾ ഉണ്ടായി.
അദ്വാനിയുടെ വിശ്വസ്തൻ ആയതുകൊണ്ട് ആദ്യ കാലത്ത് മോദിയുമായി വെങ്കയ്യ അത്ര അടുപ്പത്തിലല്ലെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് മോദിയുടെ നയങ്ങളുടെ പ്രചാരകനായി വെങ്കയ്യനായിഡു മാറുന്നതുമാണ് ഇന്ത്യൻ രാഷ്ട്രീയം കണ്ടത്. പ്രതിപക്ഷ നേതാക്കളുമായി നല്ല വ്യക്തി ബന്ധം സൂക്ഷിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ബിജെപി നേതാവ് കൂടിയാണ് അദ്ദേഹം. രാഷ്ട്രപതി സ്ഥാനം പോലുള്ള സുപ്രധാന പദവിയിലേക്ക് നായിഡുവിനെ പരിഗണിക്കാതിരുന്നതിന് പിന്നിൽ അതും ഒരു കാരണമായിരിക്കാമെന്ന ചിന്ത ചില ദേശീയ മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്. പക്ഷേ വെങ്കയ്യ അതെല്ലാം നിഷേധിക്കുന്നു. തിനിക്ക് അർഹിക്കുന്നതിനേക്കാൾ പരിഗണന പാർട്ടി തന്നുവെന്ന് വിശ്വസിക്കുന്ന ആളാണ് അദ്ദേഹം. ഉപരാഷ്ട്രപതി സ്ഥാനം നൽകി ഒതുക്കിയെന്ന വിമർശനത്തിന് വൈകാരികമായായിരുന്നു വെങ്കയ്യയുടെ മറുപടി.
മന്ത്രി എന്ന നിലയിലും മികച്ച ട്രാക്ക് റെക്കോഡ് ആണ് വെങ്കയ്യ നായിഡുവിന് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി മുതൽ സ്മാർട്ട് സിറ്റി പദ്ധതി വരെ വെങ്കയ്യയുടെ കൈയൊപ്പ് പതിഞ്ഞ പദ്ധതികൾ. 2017 ആഗസ്റ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. നായിഡുവിന് 516 എംപിമാരുടെ വോട്ടുകളും എതിരെ മത്സരിച്ച പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാൽകൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളുമാണ് ലഭിച്ചത്.
പ്രാസഭംഗിയുള്ള പ്രസംഗങ്ങളിലൂടെ ഹരമായി
യുപിഎ സർക്കാറിന്റെ കാലം. കേരളത്തിൽ പരസ്പരം തമ്മിലടിക്കുന്ന സിപിഎമ്മും കോൺഗ്രസും ഡൽഹിയിൽ ചങ്ങാത്തതിലാണ്. കേരള സന്ദർശനത്തിനെത്തിയ വെങ്കയ്യ നായിഡു ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ- 'കേരൾ മെ ഗുസ്തി, ഡൽഹിമെ ദോസ്തി' ഇങ്ങനെ നർമ്മം പരത്തുന്ന പ്രാസഭംഗിയുള്ളതായിരുന്നു, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏറെയും.
ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കൊപ്പം ആകുന്നത്ര കഴിയാനാഗ്രഹിക്കുന്ന നേതാവാണ് വെങ്കയ്യ. നിമിഷങ്ങൾ കൊണ്ട് ഒരാൾക്കൂട്ടത്തെ കൈയിലെടുക്കാനുള്ള മാന്ത്രികവിദ്യ ഭാഷയായും ഭാവനയായും വെങ്കയ്യ നായിഡുവിനൊപ്പം എപ്പോഴുമുണ്ട്. എൺപതുകളിൽ ബിജെപിക്ക് കാര്യമായ മേൽവിലാസങ്ങളില്ലാത്ത കാലത്ത് ബംഗാളിലെ ഉൾഗ്രാമങ്ങളിലും കേരളത്തിലെ ഉൾഗ്രാമങ്ങളിലും ആൾനിറയുന്ന വേദികൾക്കായി പാർട്ടി നിയോഗിച്ചത് വെങ്കയ്യയെയായിരുന്നു. ഇംഗ്ലീഷടക്കം പല ഭാഷകളിലും അടിമുടി കൈയടക്കമുള്ള വെങ്കയ്യ വാക്കുകൾ കൊണ്ടും ഭാഷാപ്രയോഗംകൊണ്ടും ജനങ്ങളെ സ്വന്തമാക്കി.
പിന്നീട് പാർലമെന്റും ഈ വാക് ജാലവിദ്യ കണ്ടു. ഇംഗ്ളീഷ്, ഹിന്ദി, തെലുഗു, തമിഴ് തുടങ്ങി ഭാഷകളുടെ മാറിമാറിയുള്ള കുടമാറ്റമാണ് പലപ്പോഴും കേൾവിക്കാർക്കുമുന്നിൽ. 'ഇൻ പാർലമെന്റ്, എയ്തർ യു ഷുഡ് ടോക്ക് ഔട്ട് ഓർ വാക്ക് ഔട്ട്. ബട്ട് വാട്ട് ഈസ് ഹാപ്പനിങ് ഈസ് എ ഫ്രീക്വന്റ് ബ്രേക്ക് ഔട്ട്. ഇഫ് ദിസ് കണ്ടിന്യൂസ്, ദ ഡെമോക്രസി വിൽബി ഓൾ ഔട്ട്'' എന്ന പരാമർശം വരെ നൽകുന്ന ഭാഷാനുഭവം ലളിതമായ ചിരിയുണർത്തലുകളാണ്.
എന്നാൽ, യു.പി.എ. ഭരണത്തെക്കുറിച്ച് നടത്തിയ, 'പി.എം. പ്രിസൈഡ്‌സ്, മാഡം ഡിസൈഡ്‌സ്' എന്ന പരാമർശവും നോട്ട് പിൻവലിക്കലിനെ വിമർശിച്ച ഇടതുപാർട്ടികളെക്കുറിച്ച് 'ലെഫ്റ്റ് പാർട്ടീസ് ക്യാൻ നെവർ ബി റൈറ്റ്' എന്ന വിമർശനവും ആന്ധ്രാ വിഭജനചർച്ചയ്ക്കിടയിൽ ഭരണപക്ഷത്തോട് 'ഈഫ് യു ഹാവ് ദ വിൽ, ബ്രിങ് ദ ബിൽ' എന്ന വെല്ലുവിളിയും ഭാഷകൊണ്ടുള്ള കളിക്കപ്പുറം രാഷ്ട്രീയം നിറഞ്ഞ ഉള്ളടക്കമാണ്. ഈ ഭാഷാചാതുര്യം പാർട്ടിക്കുള്ളിലും പുറത്തും പടവുകൾകയറാൻ വെങ്കയ്യക്ക് പ്രധാന പിന്തുണയായിരുന്നു.
ജാതിക്കും മതത്തിനും അതീതൻ
എവിടെപ്പോയാലും ജാതിക്കും മതത്തിനും അതീതമായാണ് അദ്ദേഹം സംസാരിക്കുക. താഴെത്തട്ടുമുതൽ നേടിയ രാഷ്ട്രീയവിദ്യാഭ്യാസം സൃഷ്ടിച്ച ജനാധിപത്യബോധമാണ് ഈ ഭ്രമം തീണ്ടുന്നതിൽനിന്ന് വെങ്കയ്യയെ പിടിച്ചുനിർത്തിയത്. മതവേർതിരിവിന്റെ രാഷ്ട്രീയം വിവാദങ്ങൾ സൃഷ്ടിച്ച നാളുകളിലൊന്നിൽ: 'നിങ്ങൾ നിങ്ങളുടെ ഭഗവാനെ പൂജിക്കുന്നു, ഞാൻ എന്റെ ഭഗവാനെ പൂജിക്കുന്നു. അതിലെന്താണ് പ്രശ്നം നിങ്ങൾ മുസ്ലിമാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും ഹിന്ദുവാണെങ്കിലും എന്താണ് പ്രശ്നം നമ്മൾ എല്ലാവരും ഒന്നാണ്''. എന്ന് ലോക്‌സഭയിൽ തുറന്നുപറയാൻ വെങ്കയ്യക്ക് പ്രേരണ നൽകിയത് ഈ ജനാധിപത്യവിശ്വാസമാണ്. 2015ൽ മോദി സർക്കാരിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായി പ്രവർത്തിക്കുമ്പോഴായിരുന്നു ലോക്‌സഭയിൽ വെങ്കയ്യയുടെ ഈ പരാമർശം. 'വിവിധതാ മേ ഏകത, ഭാരത് കാ സവിശേഷത'' എന്ന് കൂട്ടിച്ചേർക്കാനും അദ്ദേഹം മറന്നില്ല.
ഉപരാഷ്ട്രപതി ഭരണകാലയളവിലുടനീളം മാതൃഭാഷാ പഠനത്തിനായി വാദിച്ച വെങ്കയ്യ, രാജ്യസഭയ്ക്കുള്ളിൽ 22 ഭാഷകളുടെ തൽസമയവിവർത്തനം ഉറപ്പാക്കി തന്റെ ഭാഷാപ്രണയം ഉറപ്പിച്ചതും ചരിത്രം. രാജ്യത്തിന്റെ ഭാഷാവൈവിധ്യവും പ്രാദേശികഭാഷകളുടെ ചാരുതയും വെങ്കയ്യയുടെ പ്രഭാഷണങ്ങളിൽ ആവർത്തിക്കപ്പെടുന്ന പ്രമേയങ്ങളാണ്. ഈ അടുപ്പം പ്രാദേശികഭാഷാ മാധ്യമങ്ങളോടും വെങ്കയ്യ കാത്തുവെക്കുന്നു.
എതിരാളികളെ അഭിനന്ദിക്കും
നല്ലതുകണ്ടാൽ ആരെയും അഭിനന്ദിക്കാൻ യാതൊരു മടിയുമില്ലാത്ത ആളാണ് വെങ്കയ്യ നായിഡു. കേരളാ എം പി ജോൺ ബ്രിട്ടാസിന്റെ ഒരു പ്രസംഗത്തെ ഹൃദയം തുറന്ന് അദ്ദേഹം അഭിനന്ദിച്ചത് നേരത്തെ വലിയ വാർത്ത ആയിരുന്നു. വികെ മാധവൻകുട്ടി പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹം ബ്രിട്ടാസിനെ അഭിനന്ദിച്ചത്. ഹെക്കോർട്ട് ആൻഡ് സുപ്രീംകോർട്ട് ജഡ്ജസ് സാലറീസ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവീസ് അമന്മെന്റ് ബിൽ 2021 രാജ്യസഭയിൽ ചർച്ചചെയ്തപ്പോളായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രസംഗം.'ജോൺ ബ്രിട്ടാസ് അത്യുഗ്രൻ പ്രസംഗമാണ് രാജ്യസഭയിൽ നടത്തിയത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ പത്രങ്ങളിൽ ഒരു വരി വന്നില്ല. ഇതല്ല ജേർണലിസം''- വെങ്കയ്യ നായിഡു വിമർശിച്ചു.
രാജ്യത്ത് ജഡ്ജിമാരുടെ നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് ജോൺ ബ്രിട്ടാസ് രാജ്യസഭയിലെ ചർച്ചയിൽ ആവശ്യപ്പെട്ടത്. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം ലോകത്ത് ഇന്ത്യയിൽ മാത്രമാണ്. ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ രൂപീകരിക്കണമെന്ന ദീർഘകാല ആവശ്യത്തിൽ നിയമമന്ത്രാലയത്തിന് ഉറച്ച നിലപാടില്ല. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച പോലെ ജഡ്ജിമാരിലും കുടുംബവാഴ്ചയുണ്ട്. സുപ്രീംകോടതിയിൽ ഇതുവരെ വന്ന 47 ചീഫ് ജസ്റ്റിസുമാരിൽ 17 പേരും ബ്രാഹ്മണരാണ്. സുപ്രീംകോടതിയിൽ 30-40 ശതമാനംവരെ ബ്രാഹ്മണ പ്രാതിനിധ്യം എല്ലാക്കാലത്തുമുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഈ പ്രസംഗത്തോടും ആശയപരമായി ചിലഭാഗത്ത് യോജിക്കുമ്പോളും, ബ്രിട്ടാസിന്റെ അവതരണശൈലിയെ അഭിനന്ദിക്കാൻ വെങ്കയ്യ മടിച്ചില്ല.
അതുപോലെ കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ എസ്. ജയ്പാൽ റെഡ്ഡിയെ അനുസ്മരിക്കുന്നതിനിടയിൽ രാജ്യസഭയിൽ വെങ്കയ്യ നായിഡു വിതുമ്പുകയായിരുന്നു. ജയ്പാൽ റെഡ്ഡിക്ക് അന്തിമോപചാരം അർപ്പിച്ച് സന്ദേശം വായിക്കവേ, പലപ്പോഴും നായിഡുവിന് തൊണ്ടയിടറി. വാക്കുകൾ മുറിഞ്ഞു.
'മികച്ച വാഗ്മിയും, പരിണതപ്രജ്ഞനായ ഭരണതന്ത്രജ്ഞനുമായിരുന്നു ജയ്പാൽ റെഡ്ഡി. 1970 കളിൽ താൻ ആന്ധ്രാ നിയമസഭയിൽ റെഡ്ഡിക്ക് ഒപ്പം രണ്ട് തവണ ജോലി ചെയ്തിട്ടുണ്ട്. ഒരേ ബഞ്ചിലായിരുന്നു രണ്ട് പേരും ഇരുന്നിരുന്നത്. രാവിലെ ഏഴ് മണിക്ക് ഒന്നിച്ചാണ് പ്രാതൽ കഴിക്കാൻ ഞങ്ങൾ രണ്ട് പേരും വരാറ്. നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളും, പൊതു രാഷ്ട്രീയ വിഷയങ്ങളും ഞങ്ങൾ അന്ന് ഒന്നിച്ചിരുന്ന് ചർച്ച ചെയ്തു. വെവ്വേറെ വഴിയിലായിരുന്നെങ്കിലും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു''. തന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ദേഹമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഇതു പറയുന്നതിനിടയിൽ വെങ്കയ്യ വിതുമ്പുകയും കണ്ണീരൊഴുക്കുകയും ചെയ്തു. താൻ വികാരവിവശനായതിൽ പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. അതാണ് വെങ്കയ്യ നായിഡുവെന്ന പച്ചയായ മനുഷ്യൻ.
സ്വന്തം അബദ്ധങ്ങൾ തറുന്നുപറഞ്ഞു
തനിക്ക് പറ്റിയ അബദ്ധങ്ങൾ തുറന്ന് പറയുന്നതിനും, യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് വെങ്കയ്യ. ഒരിക്കൽ തന്റെ സ്വന്തം അനുഭവം രാജ്യസഭയിൽ പങ്കുവച്ചാണ് വെങ്കയ്യ നായിഡു തട്ടിപ്പ് മരുന്നിനെ കുറിച്ച് പറഞ്ഞത്. ശരീരതൂക്കം കുറയ്ക്കുന്നതിന് 1230 രൂപ മുടക്കി പരസ്യത്തിൽ കണ്ട മരുന്ന് വാങ്ങാൻ വെങ്കയ്യ തീരുമാനിച്ചു. ഉപദേശം ചോദിച്ചവരെല്ലാം തന്നെ നിരുത്സാഹപ്പെടുത്തി. എന്നാൽ 28 ദിവസത്തിനകം തൂക്കം കുറയുമെന്ന മോഹനവാഗ്ദാനത്തിൽ മയങ്ങിയ താൻ പണം മുടക്കാൻ തന്നെ തീരുമാനിച്ചു. അതുപ്രകാരം പണം നൽകി മരുന്നുവരുത്തിയ താൻ കവർ തുറന്നുനോക്കിയപ്പോൾ ഞെട്ടിപ്പോയി. കവറിനുള്ളിൽ ഒരു പായ്ക്കറ്റ് ലഭിച്ചു. 1,000 രൂപ കൂടി മുടക്കിയാൽ നിങ്ങൾക്ക് 'യഥാർതഥ മരുന്ന്' ലഭിക്കുമെന്നായിരുന്നു അതിൽ എഴുതിയിരുന്നത്. ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമാണ് ഈ തട്ടിപ്പിന് വിധേയനായതെന്നും അദ്ദേഹം പറഞ്ഞു.
പരസ്യത്തെ കുറിച്ച് താൻ അന്വേഷിച്ചു. യു.എസിൽ നിന്നുള്ള പരസ്യമാണെന്നാണ് തനിക്കു കിട്ടിയ വിവരം. ഇത്തരത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. നോക്കുക, ഇങ്ങനെ തനിക്ക് പറ്റിയ അബദ്ധങ്ങൾപോലും പരസ്യമായി പറയാന വേറെ ആർക്ക് കഴിയും.
വിദ്യാഭ്യാസത്തിന് മുൻതുക്കം
എവിടെയും വെങ്കയ്യ നായിഡു എടുത്തുപറയുന്ന ഒര കാര്യമാണ് വിദ്യാഭ്യാസ പുരോഗതി. ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 24ാമത് ശ്രീ ചിത്തിര തിരുനാൾ സ്മാരക പ്രഭാഷണത്തിനായി കേരളത്തിൽ എത്തിയപ്പോളും അദ്ദേഹം ആവർത്തിച്ചത് അതായിരുന്നു.
'സാമൂഹ്യനീതിയും നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തിയ പുരോഗമനകാരിയും പ്രജാസംരക്ഷകനുമായ ഭരണാധികാരിയായിരുന്നു ശ്രീ ചിത്തിര തിരുനാൾ. 1936 ലെ ശ്രീ ചിത്തിരതിരുനാളിന്റെ ക്ഷേത്ര പ്രവേശന വിളംബരം ദളിതരുടെ ക്ഷേത്ര പ്രവേശനത്തിന് വഴിതുറന്ന ശക്തമായ നടപടിയും ഭാവിയിലേക്കുള്ള കുതിച്ചുചാട്ടവുമായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഏതൊരു സമൂഹത്തിലും നല്ലതല്ല. ഭാരതസംസ്‌കാരത്തിന്റെ ഭാഗമല്ല ഇത്തരം വിവേചനങ്ങൾ. 'വസുധൈവ കുടുംബകം' എന്നു പറയുന്ന സംസ്‌കാരത്തിൽ വിവേചനങ്ങളില്ല.രാഷ്ട്രീയത്തിൽ മതം കടന്നുവരാൻ പാടില്ല, മതത്തിൽ രാഷ്ട്രീയവും. നേതാക്കളെ തിരഞ്ഞെടുക്കേണ്ടത് സ്വഭാവും, കാര്യശേഷിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ്, അല്ലാതെ മതം, സമുദായവും പണവും നോക്കിയാവരുത്. വികസനം എല്ലാവർക്കും വേണ്ടിയായിരിക്കണം. സ്ത്രീശാക്തീകരണമില്ലാതെ സാമൂഹ്യനീതി ഉറപ്പാക്കാനാവില്ല'- ഉപരാഷ്ട്രപതി പറഞ്ഞു.
മികച്ച ഭരണാധികാരി കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് ശ്രീ ചിത്തിരതിരുനാൾ തിരിച്ചറിഞ്ഞു. സാമൂഹ്യ പരിഷ്‌കരണത്തിന്റെ സാഹചര്യമൊരുക്കിയ ഈ നടപടിയെ മഹാത്മാ ഗാന്ധി പ്രകീർത്തിച്ചിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പുതുവഴികൾ തുറന്നുനൽകി. സാമൂഹ്യ-സാമ്പത്തിക വികസനം എല്ലാവരെയും ഉൾക്കൊള്ളിച്ചാകണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഫീസ് ഇളവുകൾ, ഉച്ച ഭക്ഷണം, സൗജന്യ വസ്ത്രം, ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തി വിദ്യാഭ്യാസ സമ്പ്രദായത്തെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ ശ്രീ ചിത്തിര തിരുനാൾ ശ്രമിച്ചു. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ സംഭാവനയാണ്. കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്ക് പോലും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണ്. മികവിന്റെ കേന്ദ്രമായി തിരുവിതാംകൂർ യൂണിവേഴ്സിറ്റി സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചു. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സാമൂഹ്യഘടനയ്ക്കൊപ്പം ഇന്ത്യൻ സാംസ്‌കാരികരംഗത്തിന്റെ വളർച്ചയ്ക്കും അദ്ദേഹം സംഭാവനകൾ നൽകി.''- വെങ്കയ്യ നായഡു ചൂണ്ടിക്കാട്ടി.
അതുപോലെ ഇന്ത്യയുടെ നാനാത്വത്തിൽ എകത്വത്തെക്കുറിച്ച് എവിടെയും വാചാലനാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. നൂപുർ ശർമയുടെ പ്രവാചക നിന്ദയ്‌ക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിൽ ദോഹയിൽ സന്ദർശനം നടത്തിയപ്പോൾ അദ്ദേഹം എടുത്തുപറഞ്ഞതും ഇതായിരുന്നു. 'നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. '- വെങ്കയ്യ പ്രവാചകനിന്ദാ വിവാദത്തിൽ പ്രതികരിച്ചത് അങ്ങനെയായിരുന്നു. എവിടെയും സമന്വയത്തിന്റെയും സമവായത്തിന്റെയും പ്രതീകം ആയിരുന്നു ഈ മുതിർന്ന നേതാവ്.
സഭാ തടസ്സത്തിൽ പൊട്ടിക്കരഞ്ഞു
പാർലിമെന്റിന്റെ അന്തസ് ഉയർത്തിപ്പിടിക്കണം എന്ന അഭിപ്രായക്കാരനാണ് എപ്പോഴും അദ്ദേഹം. രാജ്യസഭയെ ജനാധിപത്യത്തിന്റെ ശ്രീകോവിലായാണ് വെങ്കയ്യ കണ്ടത്. പെഗസ്സസ് വിഷയത്തിൽ കറുത്തവസ്ത്രം ധരിച്ച് സഭയിലെത്തിയ വലിയൊരു വിഭാഗം പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയും അക്രമം കാട്ടുകയും ചെത്തപ്പോൾ രാജ്യസഭ പല തവണ നിർത്തിവെച്ചിരുന്നു. സെക്രട്ടറി ജനറലിന്റെ മേശമേൽ കയറി അംഗങ്ങൾ പ്രതിഷേധിച്ചത് സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. അപ്പോൾ വികാരപരമായി വെങ്കയ്യനായിഡു പ്രതികരിച്ചത് മറക്കാനാവില്ല.
അതുപോലെ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ച ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരേ അംഗങ്ങൾ മേശപ്പുറത്ത് കയറിയും ഫയൽ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു.അംഗങ്ങളുടെ പെരുമാറ്റം രാജ്യസഭയിൽ അതിരുവിട്ടപ്പോഴും വെങ്കയ്യ കരഞ്ഞു. 'ഇന്നലെ രാത്രിയിൽ ഞാൻ ഉറങ്ങിയില്ല'' -ഭരണപ്രതിപക്ഷങ്ങൾ കടുത്ത ബഹളമുയർത്തി സഭാനടപടികൾ അലങ്കോലമാക്കിയതിന്റെ തൊട്ടടുത്തദിവസം രാജ്യസഭയിൽ നടത്തിയ പ്രസ്താവനയ്ക്കിടയിൽ വിതുമ്പിക്കരഞ്ഞ്, വാക്കുകൾ മുറിഞ്ഞ് വെങ്കയ്യ നായിഡു പറഞ്ഞു. ആഹ്ലാദങ്ങളുടെ ചിരിമണികൾ പതിവായി വാരിയെറിയാറുള്ള അധ്യക്ഷന്റെ കണ്ണീരടർന്നപ്പോൾ സഭയിൽ അംഗങ്ങൾ നിശ്ശബ്ദരായി.
'ഒരു ക്ഷേത്രം പോലെ പവിത്രമാണ് പാർലമെന്റ്. ഈ വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ ചില എംപിമാരുടെ ഭാഗത്ത് നിന്നുള്ള നടപടി വേദനിപ്പിക്കുന്നതാണ്. ഈ ബഹളങ്ങൾ പൂർണ്ണമായും ജനങ്ങളെ കാണിക്കണം. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് കൂട്ടായ് ചിന്തിക്കണം. പരിഹാര നടപടികളുണ്ടാകണം. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ നമ്മുടെ പാർലമെന്ററി ജനാധിപത്യം അപ്രസക്തമാകും''- വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് പരിഞ്ഞുപോകുമ്പോഴും അദ്ദേഹം പറഞ്ഞത് സഭയുടെ അന്തസ് ഉയർത്തിപ്പിടിക്കണം എന്നത് ആയിരുന്നു.
എനിക്ക് ഉപരാഷ്ട്രപതി യായാൽ മാത്രം മതി
ചെറുപ്രായത്തിൽ അമ്മയെ നഷ്ടമായതിന്റെ വേദന പരാമർശിക്കപ്പെട്ടപ്പോഴൊക്കെ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. ഇത് പലപ്പോഴും പലവേദികളിലും കണ്ടു. രാജ്യസഭയിലെ യാത്രയയപ്പ് വേളയിൽ മാത്രമല്ല, ഉപരാഷ്ട്രപതിസ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക നൽകിയശേഷം നടത്തിയ പത്രസമ്മേളനത്തിലും കുട്ടിക്കാലത്തെ തന്റെ നഷ്ടത്തിൽ വെങ്കയ്യ സങ്കടപ്പെട്ടു. 'അമ്മയെ നഷ്ടപ്പെട്ടപ്പോൾ പാർട്ടി തനിക്ക് അമ്മയായി'' എന്ന് പറഞ്ഞായിരുന്നു വെങ്കയ്യ 2017ൽ പത്രസമ്മേളനം തുടങ്ങിയത്.
'എന്റെ അമ്മയെ എനിക്ക് ചെറിയ പ്രായത്തിൽ നഷ്ടമായി. ഒരു വയസ്സിനടുത്തായിരുന്നു അപ്പോൾ എനിക്ക് പ്രായം. അതിനുശേഷം ഞാൻ എന്റെ പാർട്ടിയെയാണ് അമ്മയായി കണ്ടത്. പാർട്ടിയാണ് എന്നെ ഇതുവരെ വളർത്തിയത്. അതിനാൽ പാർട്ടിവിടുക എന്നത് എനിക്ക് വേദനയാണ്.'' - ഉപരാഷ്ട്രപതിപദത്തിലെത്തുമ്പോൾ സജീവരാഷ്ട്രീയം ഉപേക്ഷിക്കേണ്ടിവരുന്നതിന്റെ ദുഃഖമായിരുന്നു അന്നത്തെ വെങ്കയ്യ നായിഡുവിന്റെ വാക്കുകളിൽ. രാഷ്ട്രപതിപദത്തിലും രാജ്യസഭാ അധ്യക്ഷപദത്തിലും കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന വേളയിലും വെങ്കയ്യയെ അലട്ടുന്നത്, ആൾക്കൂട്ടത്തിൽനിന്ന് അകന്നുപോകേണ്ടിവരുമോയെന്ന ആശങ്കതന്നെയാണ്.
'കാലാവധി പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെങ്കിലും നിങ്ങളെ വിട്ടുപിരിയേണ്ടിവരുന്നതിൽ സങ്കടമുണ്ടെന്ന്'' വെങ്കയ്യ കഴിഞ്ഞദിവസം രാജ്യസഭാംഗങ്ങളോട് പറഞ്ഞത് അതുകൊണ്ടാണ്. അധികാരത്തിനും പദവിക്കും മനുഷ്യത്വത്തിന്റെ ഉടലും ഉയിരും നൽകിയ രാഷ്ട്രീയവ്യക്തിത്വം എന്ന് രാഷ്ട്രീയചരിത്രം മുപ്പവരപ്പ് വെങ്കയ്യ നായിഡു എന്ന എം. വെങ്കയ്യ നായിഡുവിനെ അടയാളപ്പെടുത്തുന്നത് ഇക്കാരണങ്ങളാലാണ്.
അൻപത് വർഷത്തോളം നീണ്ട പൊതു ജീവിതത്തിന് വിരാമമിട്ട് വെങ്കയ്യ നായിഡു വിശ്രമജീവിതത്തിലേക്ക് കടക്കുകയാണ്. രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുമ്പോൾ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കരുതപ്പെട്ടെങ്കിലും വെങ്കയ്യ നായിഡുവിന് അവസരം ലഭിച്ചില്ല. ഉപരാഷ്ട്രപതി സ്ഥാനം ഒഴിയുമ്പോഴും ഒരു തഗ് കോമഡിയാണ്, അദ്ദേഹം പറയുന്നത്. 'എനിക്ക് രാഷ്ട്രപതിയാവേണ്ട, പകരം ഉഷാപതിയായാൽ മതി'. വെങ്കയ്യനായിഡുവിന്റെ പത്നിയുടെ പേരാണ് ഉഷ. ഈ രീതിയിൽ നർമ്മവും നൊമ്പരവും നിറച്ച ഒരു മനുഷ്യസ്നേഹിയാണ്, ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നത്.
വാൽക്കഷ്ണം: 'മറക്കില്ലൊരിക്കലും, പൊറുക്കില്ലൊരിക്കലും' എന്ന് മുദ്രാവാക്യം മുഴക്കുന്ന, മറ്റ് രാഷ്ട്രീയക്കാരുടെ വേദിയിൽ പോയവനെ പോലും വിലക്കുന്ന ഇക്കാലത്ത്, ഇത്രയേറെ സഹിഷ്ണുതയോടെ ജീവിച്ച ഒരു നേതാവ് ഉണ്ടായിരുന്നുവെന്നും, അയാൾക്ക് കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്ക് അതീതമായി സൗഹൃദം ഉണ്ടായിരുന്നുവെന്നതും പറഞ്ഞാൽ പുതു തലമുറ വിശ്വസിക്കില്ല. 'മനുഷ്യർ പരസ്പരം സ്നേഹിക്കാൻ ഉണ്ടായതാണ്. പടവെട്ടാനല്ല' എന്നാണ് ഒരിക്കൽ വെങ്കയ്യനായിഡു പറഞ്ഞത്.
കടപ്പാട്- മാത്യു മോറിസ്- ലേഖനം, മനോജ് മേനോൻ-ലേഖനം, ചരിത്രാന്വേഷികൾ ഫേസ്‌ബുക്ക് കൂട്ടായ്മ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ