ന്യൂഡൽഹി: മോദി ഭക്തി മൂത്തു എന്ന് പലരും പറയുമ്പോഴും അക്ഷരാർഥത്തിൽ തന്നെ ഇക്കാര്യം പാലിക്കുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്ന് ആരും കരുതിക്കാണില്ല. എന്നാൽ ദൈവത്തിന്റെ സമ്മാനമാണ് നരേന്ദ്ര മോദി എന്നുറക്കെ പ്രഖ്യാപിച്ച് തന്റെ ഭക്തി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് നായിഡു.

പാർലമെന്റിൽ മോദിക്കും സുഷമ സ്വരാജിനുമെതിരെ പ്രതിപക്ഷം അരയും തലയും മുറുക്കി രംഗത്തെത്തിയപ്പോഴാണ് വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു ദൈവം തന്ന സമ്മാനവും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യത്തിന്റെ സ്വത്തുമാണെന്നാണു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു പ്രഖ്യാപിച്ചത്. പാർലമെന്റ് പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും നായിഡു ആരോപിച്ചു.

ലളിത് മോദി വിവാദവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെയും സുഷമ സ്വരാജും വ്യാപം കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോഴാണ് സുഷമ രാജ്യത്തിന്റെ സ്വത്താണെന്നും മറ്റുള്ളവർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞത്. ഇക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാവാൻ സാധ്യതയില്ല. പക്ഷേ, കോൺഗ്രസ് ഇപ്പോഴും രാജി ആവശ്യവുമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവ മോർച്ചയുടെ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു വെങ്കയ്യ.

നരേന്ദ്ര മോദി രാജ്യത്തിന് ദൈവം തന്ന സമ്മാനമാണ്. മോദിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നത്. നിശ്ചയദാർഢ്യം, ശക്തി, വികസനം എന്നിവ കൈമുതലായുള്ള നേതാവാണ് മോദിയെന്നും നായിഡു പറഞ്ഞു.