- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎല്ലിലെ ഓപ്പണർ ഇന്ത്യൻ ടീമിൽ ഫിനിഷർ; ഏൽപ്പിച്ചത് തികച്ചും വ്യത്യസ്തമായ ഉത്തരവാദിത്തം; വെങ്കടേഷ് അയ്യർ വെല്ലുവിളി ഏറ്റെടുത്തു; ആ വളർച്ച ശ്രദ്ധേയം; വളരെ സന്തോഷമെന്ന് ദ്രാവിഡ്; ഹാർദിക്കിനെ മറികടന്നെന്ന് വസീം ജാഫർ

കൊൽക്കത്ത: മുംബൈ: ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയെ ഏറെ അലട്ടിയിരുന്നത് ലക്ഷണമൊത്ത ഒരു ഓൾറൗണ്ടറുടെ അഭാവമായിരുന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ പ്രകടനത്തിലടക്കം ഇത് നിഴലിച്ചിരുന്നു. എന്നാൽ വെങ്കടേഷ് അയ്യരുടെ വരവോടെ ആ പ്രശ്നം ഏറെക്കുറെ പരിഹരിച്ചെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. വിൻഡീസിനെതിരെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി 20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാമാതായിരുന്നു വെങ്കടേഷ്. 92 റൺസാണ് താരം നേടിയത്. കൂടാതെ രണ്ട് വിക്കറ്റുകൾ വീഴ്‌ത്താനും വെങ്കടേഷിനായി.
ഇന്ത്യൻ പ്രിമിയർ ലീഗിൽകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഓപ്പണറുടെ റോളിലാണ് എത്തുന്നതെങ്കിലും, ഇന്ത്യൻ ടീമിൽ നൽകിയ ഫിനിഷറുടെ റോളും വെങ്കടേഷ് അയ്യർ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ വിലയിരുത്തൽ. ഫിനിഷർ എന്ന നിലയിൽ അയ്യർ കൈവരിച്ച പുരോഗതിയിൽ സന്തോഷമുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ സൂര്യകുമാർ യാദവിനൊപ്പം അവസാന രണ്ടു മത്സരങ്ങളിൽ വെങ്കടേഷ് അയ്യർ പടുത്തുയർത്തിയ കൂട്ടുകെട്ടുകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു.
പരമ്പരയിൽ മൂന്നു മത്സരങ്ങളിൽനിന്ന് 92 റൺസാണ് അയ്യർ നേടിയത്. ഇതിൽ രണ്ടാമത്തെ ട്വന്റി20 മത്സരത്തിൽ 18 പന്തിൽ 33 റൺസടിച്ചും മൂന്നാം ട്വന്റി20യിൽ 19 പന്തിൽ 35 റൺസടിച്ചും ഇന്ത്യൻ വിജയത്തിന് നിർണായക സംഭാവനകൾ നൽകി. ഇരു മത്സരങ്ങളിലും ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് അയ്യർ ക്രീസിലെത്തിയതെങ്കിലും സമ്മർദ്ദമില്ലാതെ ബാറ്റു ചെയ്ത് ടീമിനെ വിജയത്തിലെത്തിച്ചു.
'ഐപിഎലിൽ അദ്ദേഹം വ്യത്യസ്തമായ ജോലിയാണ് (ഓപ്പണർ) ചെയ്യുന്നതെന്ന് എനിക്കറിയാം. പക്ഷേ, ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ റോളിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഇന്ത്യൻ ടീമിൽ ഓപ്പണർമാർ ഉൾപ്പെടെ ആദ്യ മൂന്നു പേർ തകർപ്പൻ പ്രകടനങ്ങളുമായി ടീമിൽ സ്ഥാനം ഉറപ്പിച്ചവരാണ്. അവിടെ അഴിച്ചുപണിയുടെ ആവശ്യമില്ല' ദ്രാവിഡ് ചൂണ്ടിക്കാട്ടി.
'അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലെത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഉത്തരവാദിത്തം നൽകിയാണ് ഞങ്ങൾ അയ്യരെ വെല്ലുവിളിച്ചത്. ഓരോ മത്സരം കഴിയുന്തോറും അദ്ദേഹം പുരോഗതി കൈവരിക്കുന്നതാണ് കാണുന്നത്. ആ വളർച്ച ശ്രദ്ധേയമാണ്. വളരെ സന്തോഷം' ദ്രാവിഡ് ചൂണ്ടിക്കാട്ടി.
പരുക്കുമൂലം ദീർഘനാളായി ടീമിനു പുറത്തുള്ള ഹാർദിക് പാണ്ഡ്യയുടെ സ്ഥാനത്തേക്കാണ് വെങ്കടേഷ് അയ്യരുടെ വരവ്. ആറാം ബോളറായും ഉപയോഗിക്കാമെന്നത് അയ്യരെ സംബന്ധിച്ചിടത്തോളം അനുകൂലമായ ഘടകമാണ്. മൂന്നാം ട്വന്റി20യിൽ പരുക്കേറ്റ് ദീപക് ചാഹർ പാതിവഴിക്ക് മടങ്ങിയപ്പോൾ പകരം ബോൾ ചെയ്തത് അയ്യരാണ്. 2.1 ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു.
താരത്തിന്റെ സ്ഥിരതയാർന്ന പ്രകടനം സെലക്റ്റർമാരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. എന്നാൽ വെങ്കടേഷിന്റെ വരവോടെ ഹാർദിക് പാണ്ഡ്യയുടെ വഴിയാണ് അടയുന്നത്. ഇക്കാര്യം മുൻ ഇന്ത്യൻ താരം വസീം ജാഫർ വിലയിരുത്തുകയും ചെയ്തു. അടുത്ത ലോകകപ്പിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ആരെയെടുക്കണമെന്നുള്ള കാര്യത്തിൽ ടീം മാനേജ്മെന്റിന് കൂടുതലൊന്നും ചിന്തിക്കാനുണ്ടാവില്ലെന്നാണ് ജാഫറിന്റെ അഭിപ്രായം.
''ഹാർദിക് ഇനി പന്തെറിയുമോ ഇല്ലയോ എന്ന് ഒരുറപ്പുമില്ല. അയാൾ എത്രത്തോളം ഫിറ്റാണെന്നുള്ളത് നമുക്കറിയില്ല. വരാനിരിക്കുന്ന ഐപിഎല്ലിൽ മാത്രമേ നമുക്ക് ഇക്കാര്യത്തിൽ ഉത്തരം ലഭിക്കുകയുള്ളൂ. നിലവിൽ ഹാർദിക്കിനേക്കാൾ എത്രയോ മുന്നിലാണ് വെങ്കടേഷ്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വെങ്കടേഷ് അവകാശവാദമുന്നയിച്ചുകഴിഞ്ഞു. ഹാർദിക്കിന് മുന്നിലാണ് വെങ്കടേഷിപ്പോൾ.'' ജാഫർ പറയുന്നു.
പുറത്താവാതെ നേടിയ 35 റൺസാണ് പരമ്പരയിൽ വെങ്കടേഷിന്റെ ഉയർന്ന സ്‌കോർ. 10 ബൗണ്ടറികളും നാലു സിക്‌സറുകളും വെങ്കടേഷ് ഒന്നാകെ നേടുകയും ചെയ്തു. പരമ്പരയിൽ കൂടുതൽ ബൗണ്ടറികളടിച്ച താരവും അദ്ദേഹം തന്നെ. അഞ്ചാം വിക്കറ്റിൽ സൂര്യകുമാർ യാദവ്- വെങ്കടേഷ് കൂട്ടുകെട്ട് 91 റൺസാണ് നേടിയത്. ഇതുതന്നെയാ ഇന്ത്യയുടെ സ്‌കോർ 180 കടത്താൻ സഹായിച്ചത്. അവസാനത്തെ അഞ്ചോവറിൽ മാത്രം ഇരുവരും 86 റൺസ് അടിച്ചുകൂട്ടി. ഇനി ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം 24 നടക്കും. ശേഷം രണ്ട് ടെസ്റ്റുകളിലും ഇരു ടീമുകൾ നേർക്കുനേർ വരും.


