ന്യൂഡൽഹി: മതപരിവർത്തനവുമായി ബന്ധപ്പെട്ടു മന്ത്രി വെങ്കയ്യ നായിഡു ലോക്‌സഭയിൽ നടത്തിയ പരാമർശത്തിനെതിരെ ലോക്‌സഭയിൽ ബഹളം. മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാമെന്നാണ് നായിഡു പറഞ്ഞത്. ആർഎസ്എസിൻെ പ്രകീർത്തിച്ചും വെങ്കയ്യ നായിഡു പ്രസ്താവന നടത്തി. രാജ്യത്തെ മാതൃക സംഘടനയാണ് ആർഎസ്എസെന്ന് നായിഡു പറഞ്ഞു. നായിഡുവിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന ഇറങ്ങിപ്പോയി. ഇതെത്തുടർന്ന് ബിജെപി അംഗങ്ങൾ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യമുയർത്തി.

മതപരിവർത്തനം തടയുന്നതിന് വേണമെങ്കിൽ നിയമം കൊണ്ടുവരാവുന്നതാണെന്നാണ് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞത്. ഉത്തർപ്രദേശിലെ മതപരിവർത്തനത്തെ കുറിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവെയാണ് നായിഡുവിന്റെ പ്രതികരണം. ആർഎസ്എസ് രാജ്യത്തെ ഏറ്റവും വലിയ, മാതൃകാപരമായ സംഘടനയാണെന്നും ആർ.എസ്.എസുകാരനായതിൽ അഭിമാനിക്കുന്നുവെന്നും വെങ്കയ്യ നായിഡു ലോക്‌സഭയിൽ പറഞ്ഞു. ഇതോടെയാണ് സഭ പ്രക്ഷുബ്ധമായത്.

ഉത്തർപ്രദേശിലെ ആഗ്രയിൽ മുസ്ലിം സമുദായക്കാരെ ഹിന്ദുമതത്തിലേക്ക് ബജ്‌റംഗദൾ മതപരിവർത്തനം നടത്തിയ സംഭവത്തിൽ രണ്ടാം ദിവസവും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ലോക്‌സഭയിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറായത്. രാജ്യത്തെ മതേതര മൂല്യങ്ങളെ തകർക്കുകയാണ് സർക്കാരെന്നും, പുതിയ സർക്കാരിന് കീഴിൽ ഹൈന്ദവ വത്കരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ ഉത്തർപ്രദേശിലെ മതപരിവർത്തനത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനല്ലെന്ന് ചർച്ചയ്ക്കുള്ള മറുപടിയിൽ കേന്ദ്ര പാർലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മതപരിവർത്തനത്തിന്റെ പേരിൽ ആർഎസ്എസിനെ കുറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ആർഎസ്എസിനെ പ്രകീർത്തിച്ച് വെങ്കയ്യനായിഡു നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ചർച്ചുള്ള മറുപടി മന്ത്രി പൂർത്തിയാക്കിയത്. ചർച്ചക്കിടെ കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ നിരവധിപേർ മുസ്ലിം സമുദായത്തിൽ ചേർന്നുവെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞതായി ശിവസേനാ എംപി അരവിന്ദ് ഗൺപത് സാവന്ത് പറഞ്ഞത് ഏറെ നേരം ബഹളത്തിന് ഇടയാക്കി. ഇതേ തുടർന്ന് സഭാ രേഖയിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ പേര് നീക്കി. സ്വഛ്ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ആദ്യം ഭരണകക്ഷി അംഗങ്ങളുടെ തലയാണ് ചൂലുകൊണ്ട് അടിച്ചുവൃത്തിയാക്കേണ്ടതെന്ന് സിപിഐ(എം) അംഗം മുഹമ്മദ് സലീം പറഞ്ഞു.