ന്യൂയോർക്ക്: ബഫല്ലോ യൂണിവേഴ്‌സിറ്റി റിസർച്ച് ആൻഡ് ഇക്കണോമിക്‌സ് ഡെവലപ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റായി ഇന്ത്യൻ കംപ്യൂട്ടർ വിദഗ്ധൻ വേണു ഗോവിന്ദ രാജുവിനെ നിയമിച്ചു.

യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സതീഷ് കെ. ത്രിപതി, പ്രൊവൊസ്റ്റ് ചാൾസ് സുക്കോസ്‌കി എന്നിവരാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിയമനം ഉടൻ പ്രാബല്യത്തിൽ വരും.

അന്തർദേശീയ തലത്തിൽ പ്രശസ്തനായ വേണു വൈസ് പ്രസിഡന്റിന്റെ താല്കാലിക ചുമതല വഹിച്ചിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ടെക്‌നോളജി (ഖരഗ്പൂർ) യിൽനിന്നു ബിരുദമെടുത്ത വേണു ബഫല്ലോ യൂണിവേഴ്‌സിറ്റിയിൽനിന്നു ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. വിജയവാഡയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ വേണു രണ്ടായിരാമാണ്ടിലാണ് അമേരിക്കൻ പൗരത്വം നേടിയത്.

കംപ്യൂട്ടിങ് മെഷീനറി, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, പാറ്റേൺ റെക്കഗനീഷ്യൻ തുടങ്ങിയ നിരവധി അസോസിയേഷനുകളിൽ അംഗത്വം നേടിയിട്ടുണ്ട്. യൂണിഫൈഡ് ബയോമെട്രിക്ക്‌സ് ആൻഡ് സെൻസേഴ്‌സ് യൂണിവേഴ്‌സിറ്റീസ് സെന്റർ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബഫല്ലോ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിൽ ഇത്രയും ഉയർന്ന സ്ഥാനത്തു നിയമിതനാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ് വേണു ഗോവിന്ദ രാജു.

റിപ്പോർട്ട്: പി.പി. ചെറിയാൻ