- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് വേണു രാജാമണി; ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും നെതർലൻഡ് മുൻ അംബാസഡർ; പകരം വി കെ പ്രശാന്തിനെ നേരിടാൻ എത്തുക ജ്യോതി വിജയകുമാറോ ആർ വി രാജേഷോ; ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യം
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് നെതർലൻഡ് മുൻ അംബാസഡർ വേണു രാജാമണി. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നുള്ള പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യമുണ്ടോ എന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചിരുന്നെന്നും എന്നാൽ താത്പര്യം ഇല്ല എന്ന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റ് സീറ്റിൽ മത്സരിക്കാൻ നിർദ്ദേശം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ മികച്ച സ്ഥാനാർത്ഥിക്കായുള്ള കോൺഗ്രസിന്റെ അന്വേഷണമാണ് വേണു രാജാമണിയിലെത്തിയത്. അദ്ദേഹം താത്പര്യം ഇല്ല എന്ന് അറിയിച്ചതോടെ വട്ടിയൂർക്കാവിൽ പരിഗണിക്കുന്നവരിൽ കെപിസിസി സെക്രട്ടറിയും രാഹുലിന്റെയും സോണിയയുടെയും പ്രസംഗം തർജ്ജിമ ചെയ്ത് പ്രശസ്തയുമായ ജ്യോതി വിജയകുമാറിന്റെ പേരും പറഞ്ഞുകേൾക്കുന്നു. ഇതോടൊപ്പം എൻ പീതാംബരക്കുറിപ്പ് അടക്കമുള്ളവരുടെ പേരും പരിഗണനയിൽ വന്നേക്കും. യുവനിരയിൽ നിന്ന് ആർ വി രാജേഷിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. വാമനപുരം, കാട്ടാക്കട, വട്ടിയൂർക്കാവ് ഇതിൽ ഒരിടത്ത് വനിതാ സ്ഥാനാർത്ഥി വരും.
സിവിൽ സർവ്വീസിന് മുൻപ് കോളേജ് പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്നു വേണു രാജാമണി. മഹാരാജാസ് കോളേജിൽ കെഎസ് യുവിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ പഠനകാലത്ത് വൈസ്ചെയർമാനായും രാഷ്ട്രീയത്തിൽ തിളങ്ങി. പിന്നീട് സിവിൽ സർവ്വീസ് കാലത്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് കേരളത്തിലേക്ക് മടങ്ങിയ വേണു രാജാമണിയെ വീണ്ടും കൂടെ നിർത്താനാണ് പഴയ രാഷ്ട്രീയ സുഹൃത്തുകളുടെ നീക്കം. എന്നാൽ തൽക്കാലം തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് ഇല്ലെന്ന് വേണു രാജാമണി വ്യക്തമാക്കുമ്പോഴും യുഡിഎഫിന്റെ സ്ഥാനാർത്ഥി പരിഗണന പട്ടികയിൽ അദ്ദേഹത്തിന്റെ പേരുമുണ്ട്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണ ചർച്ചകൾ യുഡിഎഫ് നടത്തുമ്പോൾ ഇക്കാര്യത്തിൽ അന്തിമ രൂപമാവുമെന്നാണ് കരുതുന്നത്. വേണു രാജാമണിയുമായി യുഡിഎഫ് നേതൃത്വം താമസിയാതെ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയേക്കുമെന്നാണ് സൂചനകൾ.
മറുനാടന് മലയാളി ബ്യൂറോ