പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് വെള്ളയിൽ സ്വദേശി വേണുഗോപാൽ കോട്ടയിൽ ആണ് മരിച്ചത്. പരേതന് 63 വയസായിരുന്നു പ്രായം.

കഴിഞ്ഞ 27 വർഷമായി ദമ്മാമിൽ അലി റഷീദ് അൽ ദോസ്സരി ആൻഡ് പാർട്ണർസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് കമ്പനിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനുള്ള നടപടിക്രമങ്ങൾ നടത്തി വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

പുഷ്പലതയാണ് ഭാര്യ. മൂന്ന് പെൺമക്കളുണ്ട്.മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ കമ്പനി അധികൃതരുടെയും, നവയുഗം പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നു വരികയാണ്.