തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായർ ഭക്തനല്ല എന്ന ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി കുടുംബാംഗങ്ങൾ. ദേവസ്വം മന്ത്രി ആരുടെയൊക്കെയോ വാക്കുകൾ കേട്ടാണ് ഇത്തരത്തിൽ പറഞ്ഞതെന്നും വേണുഗോപാലൻ നായർ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നും കുടുംബാംഗങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

കുടുംബക്ഷേത്രമായ നാലാഞ്ചിറ പെരുമ്പാലംമൂട് ക്ഷേത്രത്തിൽ അനുഗ്രഹിക്കുന്ന ആളാണ് വേണുഗോപാലൻ നായർ എന്നും അവിടെ നടക്കുന്ന എല്ലാ പൂജയിലും പങ്കെടുക്കുമെന്നും ഇളയ സഹോദരി മീനാ കുമാരി പറഞ്ഞു. ക്ഷേത്രത്തിൽ നടക്കുന്ന കുരുതി പൂജയിൽ വ്രതം നോൽക്കുകയും രാത്രി ഏഴുമണിമുതൽ പുലർച്ചെ വരെ അനുഗ്രഹിക്കുകയും ചെയ്യും. പിന്നീട് പൊങ്കാലയിൽ തിളച്ചു മറിയുന്ന പായസം കൈവെള്ളയിൽ കോരി എടുത്ത് നിവേദിക്കും. അത്തരത്തിൽ തികഞ്ഞ ഈശ്വര വിശ്വാസിയായ ആളെയാണ് കടകം പള്ളി സുരേന്ദ്രൻ വിശ്വാസി അല്ല എന്നും മാനസിക രോഗിയാണെന്നും പറഞ്ഞ് അവഹേളിച്ചത് എന്നും മീനാകുമാരി പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന മജിസ്ട്രേട്ടിന്റെ മൊഴി സംശയാസ്പദമാണെന്ന് മൂത്ത സഹോദരി ഉദയകുമാരി പറയുന്നു. കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ തന്നെ സെക്രട്ടറിയേറ്റിന് മുന്നിൽ പോയി ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ല. അവൻ തികഞ്ഞ അയ്യപ്പ വിശ്വാസിയായിരുന്നു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചപ്പോൾ ഏറെ അസ്വസ്ഥനായിരുന്നു. അതിന്റെ വിഷമം ഞങ്ങളോട് പറയുമായിരുന്നു. എല്ലാ ക്ഷേത്രങ്ങളിലും പോകും. അയ്യപ്പ കോവിൽ (ക്ഷേത്രം) ഏറെ ഇഷ്ടമാണ്. അച്ഛൻ ശിവൻ നായർ ഗുരുസ്വാമിയായിരുന്നു. മരിക്കുന്നതിന് മുൻപ് നൂറ്റി അൻപതിലധികം തവണ ശബരിമലയിൽ പോയിട്ടുണ്ട്.

മുട്ടട ഭാഗത്ത് ഒട്ടുമിക്ക അയ്യപ്പ ഭക്തരും ശബരിമലയിൽ പോകാൻ കെട്ടു നിറയ്ക്കാനായി അച്ഛനെ വിളിച്ചു കൊണ്ടു പോകുമായിരുന്നു. ഒപ്പം സഹായത്തിന് വേണുഗോപാലൻ നായരും മറ്റു രണ്ടു സഹോദരൻ മാരും പോയിട്ടുണ്ട്. ഭക്തി ഇല്ലാത്തവർ എങ്ങനെ ഇതിനൊക്കെ പോകും. കുടുംബത്തെ അപമാനിക്കാൻ തന്നെയാണ് ഇത്തരത്തിൽ കുപ്രചരണം നടത്തുന്നതചെന്നും അവർ പറഞ്ഞു. ശബരിമലയിലും ഗുരുവായൂർ ക്ഷേത്രത്തിലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടുണ്ട് വേണുഗോപാലൻ നായർ. കഴിഞ്ഞ മണ്ഡലകാലത്ത് വരെ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന വിധി വന്നതോടുകൂടി ഇനി ശബരിമലയിൽ പോകില്ല എന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാ ദിവസവും വീട്ടിലെ പൂജാ മുറിയിൽ അയ്യപ്പന്റെയും മുരുകന്റെയും ചിത്രങ്ങൾ വച്ച് വിളക്ക് കൊളുത്തുകും പൂജ ചെയ്യുകയും ചെയ്തിരുന്നു. സംശയമുള്ളവർക്ക് വീട്ടിൽ വന്ന് പരിശോദിക്കാം. എല്ലാ വെള്ളിയും ചൊവ്വയും കുടുംബ ക്ഷേത്രത്തിൽ മുടങ്ങാതെ പോയി വിളക്കു വയ്ക്കും. തൊഴുവൻകോട്, ചൂഴൻപാല അയ്യപ്പക്ഷേത്രം, കരിക്കകം, ശ്രീകണ്ഠേശ്വരം തുടങ്ങി ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദർശനം നടത്താറുണ്ട്. ശ്രീകണ്ഠേശ്വരത്ത് നിർമ്മാല്യം തൊഴാനായി പോയപ്പോഴാണ് ഈ കടുംകൈ അവൻ ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിന്റെ ഒരു സൂചനപോലും നൽകിയിരുന്നില്ല. കുടുംബത്തിൽ യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു. എല്ലാവരോടും കളിച്ചും ചിരിച്ചുമാണ് എപ്പോഴും വർത്തമാനം പറയുക. കുടുംബക്ഷേത്രത്തിൽ പോകുമ്പോൾ അനുഗ്രഹിക്കുന്നതൊക്കെ കണ്ട് ചിലരൊക്കെ ഇവന് വട്ടാണ് എന്നൊക്കെ പറയുമായിരുന്നു. ഒരിക്കലും യാതൊരുവിധമായ മാനസിക പ്രശ്നങ്ങളും വേണുഗോപാലൻ നായർക്ക് ഉണ്ടായിരുന്നില്ല. നിരീശ്വരവാദികളായ ചിലരൊക്കെയാണ് അവന് കിറുക്കാണ് എന്ന് പറഞ്ഞു നടക്കുന്നത്. അവർക്കൊക്കെ അതിന്റെ ഫലം ദൈവം കൊടുക്കും. ഞങ്ങൾ കുടുംബത്തോടെ ദൈവവിശ്വാസികളാണ് എന്നും ഉദയകുമാരി പറഞ്ഞു.

അമ്മയെ തോളിലേറ്റി മല ചവിട്ടുന്ന മകൻ

പ്രയമായ തന്നെ എട്ടുകൊല്ലമായി ശബരിമലയിൽ കൊണ്ടുപോയിരുന്നത് വേണുഗോപാലൻ നായരായിരുന്നുവെന്നാണ് എഴുപത്തി അഞ്ചുകാരിയായ മാതാവ് രാധമ്മ പറഞ്ഞത്. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നപ്പോൾ തോളിലേറ്റി കൊണ്ടുപോയിട്ടുണ്ടെന്നും അവർ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് രാധമ്മയോട് അമ്പലത്തിൽ പോകാനാണ് എന്ന് പറഞ്ഞ് പണം ചോദിച്ചിരുന്നു. ചില്ലറയില്ലാത്തതിനാൽ അൻപത് രൂപ എടുത്ത് നൽകി. 'ഞാൻ കിടന്നുറങ്ങുകയായിരുന്നു.

അപ്പോഴാണ് അവൻ വന്ന് എന്റെ അടുത്ത് വന്ന് അമ്മേ കോവിലിൽ പോകുവാണ് കാശ് വല്ലതുമുണ്ടേൽ തരാമോ എന്ന് ചോദിച്ചു. കൈയിലുണ്ടായിരുന്ന അൻപതു രൂപ കൊടുത്തു. അങ്ങനെ പുറത്തേക്ക് പോയതാണ്. അയ്യപ്പനും ദേവിയുമാണ് അവന്റെ ഇഷ്ട ദൈവങ്ങൾ. പലപ്പോഴും അവൻ പുറത്തേക്ക് പോകുമ്പോൾ കാണാതിരിക്കുമ്പോൾ ഞാൻ ദേവിയെ വിളിച്ച് പ്രാർത്ഥിക്കും. അപ്പോൾ കുറച്ചു കഴിയുമ്പോൾ തന്നെ അവൻ വീട്ടിൽ തിരിച്ചെത്താറുണ്ട്. അത്രയും ദൈവാനുഗ്രഹമുള്ള കുട്ടിയായിരുന്നു എന്റെ മോൻ. അവനെയാണ് എല്ലാവരും കൂടി ഭ്രാന്തനും ഈശ്വരവിശ്വാസി അല്ല എന്നും പറയുന്നത്.'

സംസാരിക്കാത്ത അനിയന്റെ മൊഴി എങ്ങനെ മജിസ്‌ട്രേട്ടിന് കിട്ടി?

സംസാരിക്കാത്ത അനിയന്റെ മൊഴി എങ്ങനെയാണ് മജിസ്ട്രേട്ടിന് കിട്ടിയത് എന്നാണ് മൂത്ത സഹോദരൻ വിശ്വംഭരൻ നായർ ചോദിക്കുന്നത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ആൾക്ക് എങ്ങനെ വ്യക്തമായി സംസാരിക്കാൻ കഴിയും. മൊഴി രേഖപ്പെടുത്തിയ ശേഷം മരിച്ചു എന്നും അറിയിച്ചു. ഇതിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് ഇയാൾ ആരോപിക്കുന്നത്. മൊഴിയിൽ എഴുതിയിരിക്കുന്ന വാക്കുകളിലെല്ലാം അക്ഷരതെറ്റാണ് ഉള്ളത്. മൊഴി കെട്ടിചമച്ചതാണെന്നും സഹോദരൻ ആരോപിക്കുന്നുണ്ട്. സിപിഎമ്മാണ് ഇത്തരത്തിൽ ഒരു മൊഴിക്ക് പിന്നിൽ എന്നും വിശ്വംഭരൻ നായർ പറയുന്നു. സിപിഎം വ്യാജ പ്രചരണമാണ് അഴിച്ചു വിടുന്നത്.

ഇതുവരെ ഒരു കാര്യത്തിലും അവർ സഹകരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വെളുപ്പിന് 01.30 മണിയോട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂർ വീട്ടിൽ ശിവൻനായരുടെ മകൻ വേണുഗോപാലൻ നായർ (49) ശരീരത്തിൽ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ആർ.കെ പ്രതാപചന്ദ്രനും സംഘവും ചേർന്ന് തീ കെടുത്തുകയും പൊള്ളലേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അന്ന് വൈകിട്ട് നാലുമണിയോടെ മരണപ്പെടുകയും ചെയ്തു.