തിരുവനന്തപുരം: വീട്ടിലെ പട്ടിക്കും പൂച്ചയ്ക്കും ഒഴികെ ബാക്കി എല്ലാവർക്കും നിയമനം നൽകിയ കോൺഗ്രസ്സുകാർ ഇപ്പോൾ വിശുദ്ധരായെന്ന് വെള്ളാപ്പള്ളി. ഒരുഗതിയും പരഗതിയും ഇല്ലാത്ത കോർപ്പറേഷന്റെ തലപ്പത്ത് ബന്ധുിനെ നിയമിച്ചതിന്റെ പേരിൽ ഇപി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചതു ശരിയായില്ലെന്നും മന്ത്രിയുടെ രാജിക്ക് പാർട്ടിയും മുഖ്യമന്ത്രിയും അനുമതി നൽകരുതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എൻഡിപി യോഗം ഡോ.പി. പൽപു സ്മാരക യൂണിയൻ സംഘടിപ്പിച്ച ഡോ. പൽപു ജന്മദിനാഘോഷത്തിനിടെയായിരുന്നു യോഗം ജനറൽ സെക്രട്ടറിയുടെ പരാമർശങ്ങൾ. യോഗത്തിൽ ഉദ്ഘാടകനായി എത്തിയ മന്ത്രി കടകംപള്ളിയും വെള്ളാപ്പള്ളിയുമായി ഗുരുവിന് ജാതി ഉണ്ടോ ഇല്ലയോ എന്ന വിഷയത്തിൽ യോഗത്തിൽ തർക്കവുമുണ്ടായി.

ശ്രീനാരായണ ഗുരുവിനു ജാതി ഇല്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറയുകയായിരുന്നു. നമുക്കു പ്രത്യേക ജാതി ഇല്ലെന്നു ഗുരു തന്നെ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഗുരുവിനെ ഹിന്ദുത്വത്തിന്റെ ചങ്ങലകളിൽ തളയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആയിരുന്നു കടകംപള്ളിയുടെ പരാമർശങ്ങൾ.

ഗുരുവിനെ ജാതിയുടെ മതിൽക്കെട്ടിൽ ഒതുക്കാൻ നേരത്തെ ശ്രമിച്ചിരുന്നു. അദ്ദേഹം എപ്പോഴും മതേതര ആത്മീയതയാണ് ഉയർത്തിപ്പിടിച്ചത്. മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭാഗീയത സൃഷ്ടിക്കുന്ന ശക്തികളെ തിരിച്ചറിയാൻ ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്കു കഴിയണമെന്നും കടകംപള്ളി പറഞ്ഞു.

എന്നാൽ തൊട്ടുപിന്നാലെ പ്രസംഗിച്ച വെള്ളാപ്പള്ളി നടേശൻ മന്ത്രിയുടെ വാദം തിരുത്തി കത്തിക്കയറുകയായിരുന്നു. ശ്രീനാരായണ ഗുരുവിന് ഒരുകാലത്തു ജാതി ഉണ്ടായിരുന്നു. അദ്ദേഹം ആത്മവിലാസം എന്ന പുസ്തകത്തിൽ നാമും ദൈവവും ഒന്നായിക്കഴിഞ്ഞിരിക്കുന്നു എന്ന് എഴുതിയിട്ടുണ്ടെന്നും ദൈവമായി മാറിയതിനുശേഷമാണു ഗുരുവിന് ജാതി ഇല്ലാതായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്ലാ പുസ്തകങ്ങളും വേണ്ടത്ര പഠിക്കാതെ ആരും അഭിപ്രായം പറയരുതെന്നും വെള്ളാപ്പള്ളി നിർദേശിച്ചു.

ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെട്ട സമൂഹം ജാതി പറയും. കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഇല്ലാതിരുന്ന കാലത്തേ സാമൂഹികനീതിക്കുവേണ്ടി ശ്രമിച്ച സമുദായം ഇവിടെ ഉണ്ടായിരുന്നു. മാറിമാറി വന്ന സർക്കാരുകളിൽ നിന്ന് ഈഴവ സമുദായത്തിനു വേണ്ടത്ര പരിഗണനയും പരിരക്ഷയും കിട്ടിയില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഒരു കോർപറേഷന്റെ തലപ്പത്തു ബന്ധുവിനെ നിയമിച്ചതിന്റെ പേരിൽ ഇ.പി.ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചതു ശരിയായില്ല. മന്ത്രിയുടെ രാജിക്ക് കമ്യൂണിസ്റ്റ് പാർട്ടിയും ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയും കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു. ഇവിടെ ദൈവത്തെയും പിശാചുക്കളെയും സൃഷ്ടിക്കുന്നതു ചാനലുകാരാണ്. ഇന്നലെ വരെ ആരുമില്ലാതിരുന്ന രമേശ് ചെന്നിത്തലയുടെ ഗ്രാഫ് ഇന്ന് ഉയർന്നിരിക്കുന്നു. ഇവർ ഭരിച്ചിരുന്നപ്പോൾ വീട്ടിലെ പട്ടിയെയും പൂച്ചയെയും ഒഴികെ ബാക്കി എല്ലാവർക്കും നിയമനം നൽകി- വെള്ളാപ്പള്ളി പറഞ്ഞു.

പ്രീതി നടേശൻ, ഡോ. പി. പൽപു സ്മാരക യൂണിയൻ ചെയർമാൻ ഉപേന്ദ്രൻ, കൺവീനർ അനീഷ് ദേവൻ, യൂണിയൻ അംഗം അഭിലാഷ് നാഥ്, എസ്എൻഡിപി യോഗം കൗൺസിലർമാരായ എസ്. രഞ്ജിത്, പച്ചയിൽ സന്ദീപ്, സ്വാഗതസംഘം ചെയർമാൻ എം.കെ. ദേവരാജ്, ജന.കൺവീനർ രാധാകൃഷ്ണൻ, രക്ഷാധികാരി മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.